കാബൂള്‍: തങ്ങളുടെ എല്ലാവിധ അവകാശങ്ങളും തിരികെ വേണമെന്നാവശ്യപ്പെട്ട് അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ പ്രതിഷേധം. കാബൂളിലെ വാസിര്‍ അക്ബര്‍ ഖാന്‍ ഏരിയയിലാണ് പ്രതിഷേധവുമായി സ്ത്രീകള്‍ തടിച്ചു കൂടിയത്.
താലിബാന്‍ പിടിമുറുക്കിയ അഫ്ഗാന്റെ തന്ത്രപ്രധാനമായ പ്രദേശമാണിത്. നിയമ നിര്‍മാണത്തിലും രാഷ്ട്രീയത്തിലും രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയിലും തുല്യമായ അവകാശങ്ങള്‍ വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
1996 മുതല്‍ 2001 വരെ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണമായിരുന്നു ഉണ്ടായിരുന്നത്. ഇസ്ലാമിക നിയമസംഹിതയായ ശരീഅത്ത് പ്രകാരമുള്ള ഭരണമാണ് താലിബാന്‍ നടത്തിയിരുന്നത്. ഈ നിയമപ്രകാരം സ്ത്രീകള്‍ ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിക്കാനും ബന്ധുവായ പുരുഷനോടൊപ്പമല്ലാതെ പുറത്തിറങ്ങാനും പാടില്ല എന്നും താലിബാന്റെ നിഷ്‌കര്‍ഷയുണ്ടായിരുന്നു.
സോര്‍ വിപ്ലവാനന്തരം കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് നടപ്പിലാക്കിയ എല്ലാ നിയമ സംവിധാനങ്ങളും മുഴുവനായി അട്ടിമറിക്കപ്പെട്ടു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, സ്ത്രീകളുടെ പൊതുവിടങ്ങളിലെ ജോലിയും അവരുടെ വോട്ടവകാശവും എല്ലാം തന്നെ താലിബാന്‍ അവസാനിപ്പിച്ചിരുന്നു. ഈ അവകാശങ്ങള്‍ തിരികെ വേണമെന്നാവശ്യപ്പെട്ടാണ് സ്ത്രീകള്‍ പ്രതിഷേധിക്കുന്നത്.
താലിബാനിലെ ആദ്യ മേയറായ സാരിഫാ ഗഫാരി കഴിഞ്ഞ ഞായറാഴ്ച താലിബാന്‍ തന്നെ വധിച്ചേക്കുമെന്ന് സൂചിപ്പിച്ചിരുന്നു. താന്‍ തന്റെ മരണത്തെ പ്രതീക്ഷിച്ചിരിക്കുകയാണെന്നും ആരും തങ്ങളെ സഹായിക്കില്ലെന്നും ഗഫാരി പറഞ്ഞു. അവര്‍ തന്നെയും തന്നെപ്പോലെയുള്ളവരെയെല്ലാം കൊല്ലുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Women Protest Against Taliban; Demand Equal Right, Role In Politics & Economy
