womenmolest

ലക്നൗ: നടുറോഡില്‍ ശല്യം ചെയ്ത യുവാവിനെതിരെ പരസ്യമായി പ്രതികരിച്ച യുവതിയ്ക്ക് ഗുണ്ടകളുടെ ക്രൂരമര്‍ദ്ദനം. കഴിഞ്ഞ കുറേനാളുകളായി പുറകെ നടന്ന് ശല്യം ചെയ്യുന്ന യുവാവിന്റെ മുഖത്തടിച്ചായിരുന്നു യുവതി പ്രതികരിച്ചത്. എന്നാല്‍ ഇതില്‍ പ്രകോപിതനായ യുവാവ് സുഹൃത്തുക്കളേയും കൂട്ടിവന്ന് യുവതിയെ മര്‍ദ്ദിച്ച് അവശയാക്കുകയായിരുന്നു.


വടി ഉപയോഗിച്ചാണ് ഇവര്‍ യുവതിയെ മര്‍ദ്ദിച്ചത്. അക്രമത്തില്‍ യുവതിയുടെ മുഖത്തിനും കഴുത്തിനും മാരകമായി മുറിവേറ്റിട്ടുണ്ട്.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. മുഖത്തേറ്റ മര്‍ദ്ദനത്തെ തുടര്‍ന്ന് ഇവരുടെ മുഖത്തു നിന്നും ചോര വാര്‍ന്നൊലിക്കുന്നതും ഉറക്കെ നിലവിളിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

മര്‍ദ്ദനമേല്‍ക്കുന്ന സമയം ഇവരുടെ സമീപത്ത് ആളുകള്‍ ഉണ്ടായിരുന്നുവെങ്കിലും ആരും ഇതിനെതിരെ പ്രതികരിക്കുന്നതായി വീഡിയോയില്‍ വ്യക്തമല്ല. തന്നെ മര്‍ദ്ദിച്ചവര്‍ക്കെതിരെ യുവതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം പ്രതികളെ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

തനിക്കുണ്ടായ അനുവഭം ഒരു സ്ത്രീക്കും ഉണ്ടാകരുതെന്നും തന്നെ നിരന്തരമായി ശല്യം ചെയ്ത ആളെയാണ് താന്‍ അടിച്ചതെന്നും യുവതി പറഞ്ഞു. എന്നാല്‍ അവര്‍ സംഘം ചേര്‍ന്ന് തന്നെ ആക്രമിക്കുകയായിരുന്നു.

ഭാവിയില്‍ ഒരാള്‍ക്കും ഇത്തരത്തിലൊരു സംഭവം ആവര്‍ത്തിക്കാന്‍ തോന്നാത്ത രീതിയിലുള്ള ശിക്ഷയാവണം ഇതിന് നല്‍കേണ്ടതെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം പ്രതികളെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.