മലയാളത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ കാലത്തിന് മുമ്പേ സഞ്ചരിച്ച ചിത്രം എന്ന് പ്രേക്ഷകര്‍ പലപ്പോഴും വിശേഷിപ്പിക്കുന്ന ചിത്രമാണ് ദീപു കരുണാകരന്‍ സംവിധാനം ചെയ്ത വിന്റര്‍. മലയാളത്തില്‍ അന്നേവരെ പുറത്തിറങ്ങിയ ക്ലീഷേ ഹൊറര്‍ ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ചിത്രം ഇന്നത്തെ പ്രേക്ഷകരുടെയും ഫേവറിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. 2003ല്‍ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയ വിന്റര്‍ പല സാങ്കേതിക കാരണങ്ങള്‍ കൊണ്ടും 2009 ലണ് തിയേറ്ററുകളിലെത്തിയത്. ഭയം ഭയം എന്ന പേരില്‍ തമിഴിലേക്കും ചിത്രം ഡബ്ബ് ചെയ്തിരുന്നു.
ജയറാമിനൊപ്പം ഭാവന, മനോജ് കെ.ജയന്‍, ടി.ജി. രവി തുടങ്ങിയവരും പ്രധാനവേഷത്തിലഭിനയിച്ച വിന്റര്‍ സംവിധായകനെന്ന നിലയില്‍ ദീപു കരുണാകരന്റെ ആദ്യത്തെ ചിത്രമായിരുന്നു. ചിത്രത്തിന്റെ കഥ പറയാനായി നടന്‍ ജയറാമിനെ സമീപിച്ചപ്പോള്‍ ഉണ്ടായ അനുഭവത്തെക്കുറിച്ച് നേരത്തേ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘ജയറാമേട്ടന്റെ അടുത്ത് ഞാന്‍ കഥ പറയാന്‍ പോകുന്നത് സര്‍ക്കാര്‍ ദാദ എന്ന് പറയുന്ന സിനിമയുടെ ലൊക്കേഷനിലാണ്. പുള്ളിക്കാരന് ഈ കഥ കേള്‍ക്കാന്‍ ആദ്യം ഒരു താത്പര്യവുമില്ലായിരുന്നു. എന്റെ സഹോദരിയെ പരിചയമുണ്ട്, പ്രിയദര്‍ശന്‍ സാറിന്റെ കൂടെയുണ്ടായിരുന്നു തുടങ്ങിയ ഫാക്ടേഴ്‌സ് എല്ലാം ഉണ്ടായിരുന്നു. പെട്ടെന്ന് ഒന്ന് പറഞ്ഞുതീര്‍ക്കോമോ എന്ന അവസ്ഥയിലായിരുന്നു പുള്ളിക്കാരന്‍.
കഥ പറഞ്ഞ് അല്പം കഴിഞ്ഞപ്പോള്‍ പുള്ളിക്കാരനെ ഷോട്ടിന് വിളിച്ചു. അപ്പോള്‍ ഒരു മിനിട്ട്, ഞാനിതൊന്ന് കേട്ടിട്ട് വരാമെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. അത് കേട്ടപ്പോള്‍ അദ്ദേഹം തത്പരനാണെന്ന് മനസിലായി,’ദീപു പറയുന്നു.
ഇത്തരത്തില്‍ ആദ്യം ജയറാം താത്പര്യം കാണിക്കാതിരുന്നപ്പോള്‍ താങ്കളുടെ ആത്മവിശ്വാസം പോയില്ലെയെന്നും പിന്നീട് എങ്ങനെ കഥ പറയാന്‍ സാധിച്ചുവെന്ന അവതാരകന്റെ ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു. ഭംഗിയായി കഥ പറയുക എന്നതാണ് നമ്മുടെ ജോലിയെന്നും ഇനി ഈ അവസരമില്ലാത്തതിനാല്‍ എന്ത് പ്രശ്‌നമുണ്ടായാലും സൈഡില്‍ യുദ്ധം നടന്നാല്‍ പോലും നമ്മള്‍ ശ്രദ്ധിക്കില്ലെന്നും ദീപു പറഞ്ഞു. ജീവിതത്തില്‍ എല്ലാ കാര്യത്തിലും ഇങ്ങനെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വതന്ത്ര സംവിധായകനാകുന്നതിന് മുമ്പ് പ്രിയദര്‍ശനൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ദീപുവിന്റെ സംവിധാനത്തില്‍ ആദ്യം റിലീസാകുന്ന ചിത്രം ദിലീപ് നായകനാകുന്ന ക്രേസി ഗോപാലനാണ്. ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ദീപു തേജാ ഭായി ആന്‍ഡ് ഫാമിലി, ഫയര്‍മാന്‍, കരിങ്കുന്നം സിക്‌സസ്, മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ച്‌ലര്‍ തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
Content Highlight: Winter Movie director Deepu Karunakaran talks about Jayaram
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.