ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആതിഥേയരെ പരാജയപ്പെടുത്തി കരീബിയന്‍സ് കൂറ്റന്‍ ജയം സ്വന്തമാക്കിയിരുന്നു. റാഞ്ചിയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് സന്ദര്‍ശകര്‍ സ്വന്തമാക്കിയത്.

ഇന്ത്യ ഉയര്‍ത്തിയ 250 റണ്‍സിന്റെ വിജയലക്ഷ്യം ക്യാപ്റ്റന്‍ ഷായ് ഹോപ്പിന്റെ സെഞ്ച്വറിയുടെയും ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡിന്റെ വെടിക്കെട്ടിന്റെയും കരുത്തില്‍ ഒമ്പത് പന്ത് ശേഷിക്കെ വെസ്റ്റ് ഇന്‍ഡീസ് മറികടക്കുകയായിരുന്നു.

45 പന്തില്‍ ഒമ്പത് സിക്‌സറും ആറ് ഫോറും അടക്കം പുറത്താകാതെ 102 റണ്‍സാണ് ഹോപ്പ് നേടിയത്. വ്യക്തിഗത സ്‌കോര്‍ 90ല്‍ നില്‍ക്കവെ അക്‌സര്‍ പട്ടേലിനെ രണ്ട് സിക്‌സറിന് പറത്തി ഹോപ്പ് തന്റെ സെഞ്ച്വറിയും ടീമിന്റെ വിജയവും ഒന്നിച്ച് നേടിയെടുക്കുകയായിരുന്നു.

ഈ വിജയത്തിന് പിന്നാലെ വിന്‍ഡീസ് നായകന്‍ ഷായ് ഹോപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രമാണ് ചര്‍ച്ചയാകുന്നത്.

View this post on Instagram

A post shared by Shai Hope (@shaidhope)

തന്റെ ചിത്രത്തിനൊപ്പം വിന്‍ഡീസിന്റെ വിജയശില്‍പികളായ താരങ്ങളുടെ ചിത്രത്തിനൊപ്പം ‘250? Cool’ എന്ന ക്യാപ്ഷനോടെയാണ് ഹോപ്പ് പോസ്റ്റ് പങ്കുവെച്ചത്. പരിശീലകന്‍ ഡാരന്‍ സമിയടക്കമുള്ളവര്‍ ഈ ചിത്രത്തിന് കമന്റുകളും പങ്കുവെച്ചിട്ടുണ്ട്.

എന്നാല്‍ ഈ ചിത്രവും ക്യാപ്ഷനും ഇന്ത്യന്‍ ഏകദിന നായകന്‍ ശുഭ്മന്‍ ഗില്ലിനുള്ള മറുപടിയാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

നേരത്തെ, ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വിന്‍ഡീസ് ഉയര്‍ത്തിയ 406 റണ്‍സിന്റെ വിജയലക്ഷ്യം മറികടന്ന ശേഷം ഗില്‍ പങ്കുവെച്ച പോസ്റ്റിന് സമാനമാണ് ഹോപ്പിന്റെ പോസ്‌റ്റെന്നാണ് ആരാധകര്‍ പറയുന്നത്.

‘406? Cool’ എന്നായിരുന്നു ഗില്‍ തന്റെ പോസ്റ്റിന് ക്യാപ്ഷന്‍ നല്‍കിയത്. ഇതിനെ അനുസ്മരിപ്പിക്കുന്നതാണ് ഹോപ്പിന്റെ പോസ്റ്റും ക്യാപ്ഷനും.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ സഞ്ജു സാംസണിന്റെ കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. 41 പന്തില്‍നാല് സിക്‌സറും ഒമ്പത് ഫോറും അടക്കം 200.00 സ്‌ട്രൈക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്. 22 പന്തില്‍ 43 റണ്‍സുമായി ഇഷാന്‍ കിഷനും മികച്ച പ്രകടനം പുറത്തെടുത്തു.

ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 18 പന്തില്‍ 40 റണ്‍സ് നേടിയപ്പോള്‍ 18 പന്തില്‍ പുറത്താകാതെ 44 റണ്‍സാണ് തിലക് നേടിയത്. മൂന്ന് വീതം സിക്സറും ഫോറുമാണ് ഇരുവരുടെയും ഇന്നിങ്സിലുണ്ടായിരുന്നത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് ആദ്യ ഓവറില്‍ തന്നെ കാമില്‍ പൂരനെ നാല് റണ്‍സിനും ഷിംറോണ്‍ ഹെറ്റ്‌മെയറിനെ പൂജ്യത്തിനും നഷ്ടപ്പെട്ടെങ്കിലും ഷാര്‍ഫാന്‍ റൂഥര്‍ഫോര്‍ഡിന്റെയും (37 പന്തില്‍ 84) ഷായ് ഹോപ്പിന്റെയും കരുത്തില്‍ വിന്‍ഡീസ് അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു.

Content highlight: Windies captain Shai Hope’s social media post has become a topic of discussion following the second T20 match between India and the West Indies.