വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടി-20യില്‍ കരീബിയന്‍സിന് മുമ്പില്‍ കൂറ്റന്‍ ടോട്ടലുമായി ആതിഥേയര്‍. റാഞ്ചിയില്‍ നടക്കുന്ന മത്സരത്തില്‍ 250 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ വിന്‍ഡീസിന് മുമ്പില്‍ ഉയര്‍ത്തിയത്.

സഞ്ജു സാംസണ്‍, തിലക് വര്‍മ, ഇഷാന്‍ കിഷന്‍, ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ എന്നിവരുടെ വെടിക്കെട്ട് പ്രകടനത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്.

18 പന്തില്‍ പുറത്താകാതെ 44 റണ്‍സാണ് തിലക് വര്‍മ അടിച്ചെടുത്തത്. മൂന്ന് ഫോറും മൂന്ന് സിക്‌സറും അടക്കം 244.44 എന്ന മികച്ച സ്‌ട്രൈക് റേറ്റിലാണ് തിലക് സ്‌കോര്‍ ചെയ്തത്.

ഈ ഇന്നിങ്‌സിന് പിന്നാലെ കരിയറിലെ ഒരു സുപ്രധാന നാഴികക്കല്ല് താണ്ടാനും തിലക് വര്‍മയ്ക്ക് സാധിച്ചു. ടി-20 ഫോര്‍മാറ്റില്‍ 5,000 റണ്‍സ് പൂര്‍ത്തിയാക്കിയാണ് താരം കുതിക്കുന്നത്.

കരിയറിലെ 166ാം ഇന്നിങ്‌സിലാണ് തിലക് ഈ നേട്ടത്തിലെത്തിയത്. റാഞ്ചിയില്‍ 13 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെയാണ് തിലക് 5,000 റണ്‍സ് മാര്‍ക് താണ്ടിയത്.

ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ 41.21 ശരാശരിയിലും 144.84 സ്‌ട്രൈക് റേറ്റിലുമാണ് തിലക് ബാറ്റ് വീശുന്നത്. അഞ്ച് സെഞ്ച്വറിയും 30 അര്‍ധ സെഞ്ച്വറിയുമാണ് താരത്തിന്റെ പേരിലുള്ളത്.

ഈ കരിയര്‍ മൈല്‍സ്റ്റോണ്‍ പിന്നിട്ടതോടെ വിരാട് കോഹ്‌ലിയെ മറികടക്കാനും തിലകിന് സാധിച്ചു. ടി-20 ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 5,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ പട്ടികയിലാണ് തിലക് വിരാടിനെ മറികടന്ന് അഞ്ചാം സ്ഥാനത്തെത്തിയത്.

ടി-20 ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 5,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ – ഇന്നിങ്‌സിന്റെ അടിസ്ഥാനത്തില്‍

(താരം – ഇന്നിങ്‌സ് എന്നീ ക്രമത്തില്‍)

കെ.എല്‍. രാഹുല്‍ – 143

ഋതുരാജ് ഗെയ്ക്വാദ് – 145

ശുഭ്മന്‍ ഗില്‍ – 154

അഭിഷേക് ശര്‍മ – 165

തിലക് വര്‍മ – 166*

വിരാട് കോഹ്‌ലി – 167

അതേസമയം, മത്സരത്തില്‍ സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. 41 പന്തില്‍ 82 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്.

ഇഷാന്‍ കിഷന്‍ 22 പന്തില്‍ 43 റണ്‍സ് നേടിയപ്പോള്‍ ശ്രേയസ് 18 പന്തില്‍ 40 റണ്‍സുമായി തിളങ്ങി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഇന്ത്യ 249/5 ന് ഇന്നിങ്സ് അവസാനിപ്പിച്ചു.

വെസ്റ്റ് ഇന്‍ഡീസിനായി റോസ്റ്റണ്‍ ചെയ്സ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഷമര്‍ സ്പ്രിംഗര്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി.

 

Content Highlight: Tilak Varma completed 5,000 runs in T20s