ഈ വര്‍ഷം വലിയ ഹൈപ്പില്‍ തിയേറ്ററുകളിലെത്തി പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയരാതെ പോയ ചിത്രങ്ങളിലൊന്നാണ് ഖലീഫ. പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ കഷ്ടിച്ച് മുടക്കുമുതല്‍ തിരിച്ചുപിടിക്കുകയായിരുന്നു. കഴിഞ്ഞദിവസം ചിത്രം ഒ.ടി.ടി സ്ട്രീമിങ് ആരംഭിക്കുകയും ചെയ്തു.

ആമസോണ്‍ പ്രൈമിലൂടെ സ്ട്രീം ചെയ്യുന്ന ചിത്രം ഇതിനോടകം സിനിമാപേജുകളിലെ പ്രധാന ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്. ചിത്രത്തിലെ പല സീനുകളിലെയും ലോജിക്കില്ലായ്മ പലരും ചര്‍ച്ച ചെയ്യുന്നുണ്ട്. ഒരുപാട് നെഗറ്റീവുകളുണ്ടെങ്കിലും ചിത്രത്തിലെ ചില പോസിറ്റീവ് ഘടകങ്ങളും ആളുകള്‍ എടുത്തുപറയുന്നുണ്ട്.

അത്തരത്തിലൊന്നാണ് സെക്കന്‍ഡ് ഹാഫിലെ ഖൂര്‍ഖാ ഫൈറ്റ്. നായകനായ അമീര്‍ അലിയുടെ വീട്ടിലേക്ക് രാത്രി ആക്രമിക്കാനായി ഒരുകൂട്ടം ഗുണ്ടകളെത്തുന്ന സീന്‍ തിയേറ്ററില്‍ ആകാംക്ഷയുണര്‍ത്തിയ ഒന്നായിരുന്നു. സാധാരണയായി ഇത്തരം സീനുകളില്‍ എന്തെങ്കിലും മാജിക് കാണിച്ച് നായകന്‍ പ്രത്യക്ഷപ്പെടുകയോ അല്ലെങ്കില്‍ സര്‍പ്രൈസ് കാമിയോയെ അവതരിപ്പിക്കുകയോയാണ് പതിവ്.

എന്നാല്‍ ഇത്തരം ക്ലീഷേകളെ പൊളിച്ചെഴുതിയ ആക്ഷന്‍ സീക്വന്‍സിനാണ് ഈ സീനില്‍ സാക്ഷ്യം വഹിച്ചത്. വീടിന്റെ സെക്യൂരിറ്റി ഗാര്‍ഡുകളായി നായകന്‍ ഏര്‍പ്പാടാക്കിയ ഖൂര്‍ഖകള്‍ ആ കുടുംബത്തിന്റെ രക്ഷകരായി മാറിയ ഗംഭീര ആക്ഷന്‍ സീന്‍ ഒ.ടി.ടി റിലീസിന് ശേഷവും ചര്‍ച്ചയായിരിക്കുകയാണ്. പേരറിയാത്ത ആര്‍ട്ടിസ്റ്റുകള്‍ അക്ഷരാര്‍ത്ഥത്തില്‍ സീന്‍ തൂക്കിയെന്ന് പലരും അഭിപ്രായപ്പെടുന്നു.

അപാരമായ ഫ്‌ളെക്‌സിബിലിറ്റിയും റിഫ്‌ളക്‌സും കൊണ്ട് ഓരോ ആര്‍ട്ടിസ്റ്റുകളും കൈയടി നേടിയിട്ടുണ്ട്. യാനിക് ബെന്നിന്റെ ആക്ഷന്‍ കൊറിയോഗ്രഫി ഗംഭീരമാണെന്നും കമന്റുകളുണ്ട്. തിയേറ്ററില്‍ ഈ സീന്‍ കണ്ടവര്‍ ടൊവിനോയുടെ കാമിയോയായിരുന്നു പ്രതീക്ഷിച്ചതെന്നും എന്നാല്‍ ഈ ആക്ഷന്‍ സീന്‍ ഞെട്ടിച്ചെന്നും ചിലര്‍ കമന്റ് പങ്കുവെച്ചു.

ഈയൊരു ഫൈറ്റില്‍ കാണിച്ച പുതുമ കഥയില്‍ കൊണ്ടുവരാനാകാത്തതാണ് ഖലീഫക്ക് തിരിച്ചടിയായത്. ആദ്യാവസാനം പ്രെഡിക്ട് ചെയ്യാനാകുന്ന ജിനു എബ്രഹാമിന്റെ സ്‌ക്രിപ്റ്റിനെ ഒരു പരിധിവരെ വൈശാഖിന്റെ റിച്ച് മേക്കിങ് രക്ഷിച്ചെന്ന് മാത്രമേ പറയാനാകുള്ളൂ. മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ടുള്ള രണ്ടാം ഭാഗത്തിലും ആര്‍ക്കും വലിയ പ്രതീക്ഷയില്ലെന്നാണ് കമന്റുകള്‍.

Content Highlight: Gurkha fight in Khalifa movie discussing after OTT release