ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വിജയം സ്വന്തമാക്കി സന്ദര്‍ശകര്‍. റാഞ്ചിയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് വിന്‍ഡീസ് സ്വന്തമാക്കിയത്.

ഇന്ത്യ ഉയര്‍ത്തിയ 250 റണ്‍സിന്റെ വിജയലക്ഷ്യം ക്യാപ്റ്റന്‍ ഷായ് ഹോപ്പിന്റെ സെഞ്ച്വറിയുടെയും ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡിന്റെ വെടിക്കെട്ടിന്റെയും കരുത്തില്‍ ഒമ്പത് പന്ത് ശേഷിക്കെ വിന്‍ഡീസ് മറികടക്കുകയായിരുന്നു.

ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 1-1ന് ഒപ്പമെത്താനും വിന്‍ഡീസിന് സാധിച്ചു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ സഞ്ജു സാംസണും അഭിഷേക് ശര്‍മയും മോശമല്ലാത്ത തുടക്കമാണ് സമ്മാനിച്ചത്. ഇരുവരും ആദ്യ വിക്കറ്റില്‍ 42 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 12 പന്തില്‍ 20 റണ്‍സ് നേടിയ അഭിഷേകിനെ മടക്കി റോസ്റ്റണ്‍ ചെയ്‌സാണ് കൂട്ടുകെട്ട് പൊളിച്ചത്.

അഭിഷേക് ശര്‍മ ക്രീസിലുണ്ടായിരുന്നപ്പോള്‍ താരത്തിന് കൂടുതല്‍ പന്തുകള്‍ നേരിടാന്‍ അവസരം നല്‍കിയും കൃത്യമായി സ്ട്രൈക് റൊട്ടേറ്റ് ചെയ്തും ആങ്കറിങ് ഇന്നിങ്സ് പുറത്തെടുത്ത സഞ്ജു, എന്നാല്‍ അഭിഷേക് പുറത്തായതോടെ ഹിറ്റിങ് മോഡിലേക്ക് ഗിയര്‍ മാറ്റി.

വണ്‍ ഡൗണായെത്തിയ ഇഷാന്‍ കിഷനെ ഒപ്പം കൂട്ടി സഞ്ജു തകര്‍ത്തടിച്ചു. സഞ്ജുവിനൊപ്പം ഇഷാനും മികച്ച രീതിയില്‍ ബാറ്റ് വീശിയതോടെ സ്‌കോര്‍ ബോര്‍ഡിന് വേഗം കൂടി.

രണ്ടാം വിക്കറ്റില്‍ 97 റണ്‍സാണ് ഇരുവരും സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തുവെച്ചത്. 22 പന്തില്‍ 43 റണ്‍സ് നേടിയ ഇഷാനെ മടക്കി വീണ്ടും റോസ്റ്റണ്‍ ചെയ്‌സ് വിന്‍ഡീസിനാവശ്യമായ ബ്രേക്ത്രൂ സമ്മാനിച്ചു.

പിന്നാലെയെത്തിയ ശിവം ദുബെ നിരാശപ്പെടുത്തി. പത്ത് പന്തില്‍ ഏഴ് റണ്‍സാണ് താരം സ്വന്തമാക്കിയത്.

ദുബെ പുറത്തായി അധികം വൈകാതെ സഞ്ജുവിന്റെ വിക്കറ്റും ടീമിന് നഷ്ടപ്പെട്ടു. 41 പന്തില്‍ 82 റണ്‍സുമായാണ് സഞ്ജു മടങ്ങിയത്. ഒമ്പത് ഫോറും നാല് സിക്‌സറും അടക്കം 200.00 സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.

ശേഷം ശ്രേയസ് – തിലക് ഷോയ്ക്കാണ് റാഞ്ചി സാക്ഷ്യം വഹിച്ചത്. ലഖ്‌നൗവില്‍ ബാക്കിവെച്ചത് റാഞ്ചിയില്‍ പുറത്തെടുത്ത ശ്രേയസ് അയ്യരിനൊപ്പം വെടിക്കെട്ടുമായി തിലക് വര്‍മയും കരുത്ത് കാട്ടിയതോടെ സ്‌കോറിങ്ങിന്റെ വേഗം കൂടി.

ശ്രേയസ് 18 പന്തില്‍ 40 റണ്‍സ് നേടിയപ്പോള്‍ 18 പന്തില്‍ പുറത്താകാതെ 44 റണ്‍സാണ് തിലക് നേടിയത്. മൂന്ന് വീതം സിക്‌സറും ഫോറുമാണ് ഇരുവരുടെയും ഇന്നിങ്‌സിലുണ്ടായിരുന്നത്.

ഒടുവില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 249ലെത്തി.

വെസ്റ്റ് ഇന്‍ഡീസിനായി റോസ്റ്റണ്‍ ചെയ്‌സ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഷമര്‍ സ്പ്രിംഗര്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് തുടക്കം പാളിയിരുന്നു. ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി മായങ്ക് യാദവ് ഇന്ത്യയ്ക്ക് ഹെഡ്‌സ്റ്റാര്‍ട്ട് നല്‍കി. കാമില്‍ പൂരനെ നാല് റണ്‍സിന് മടക്കിയ യാദവ്, പിന്നാലെയെത്തിയ ഷിംറോണ്‍ ഹെറ്റ്‌മെയറിനെ ഗോള്‍ഡന്‍ ഡക്കാക്കിയും വീഴ്ത്തി.

നാലാം നമ്പറിലെത്തിയ റോവ്മന്‍ പവലിനെ ഓപ്പം കൂട്ടി നായകന്‍ ഷായ് ഹോപ്പ് സ്‌കോറിങ്ങിന് അടിത്തറയൊരുക്കി. അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായാണ് ഇരുവരും തിളങ്ങിയത്. 24 റണ്‍സ് നേടിയ പവലിനെയും മായങ്ക് യാദവ് മടക്കുമ്പോള്‍ വിന്‍ഡീസ് 58/3 എന്ന നിലയിലെത്തി.

എന്നാല്‍ നാലാം വിക്കറ്റില്‍ വിന്‍ഡീസിന് ഹോപ്പ് നല്‍കിക്കൊണ്ട് നായകന്‍ ഷായ് ഹോപ്പിനെ ഒപ്പം കൂട്ടി ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ് തകര്‍ത്തടിച്ചു. ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയ സെഞ്ച്വറി കൂട്ടുകെട്ടില്‍ സന്ദര്‍ശകര്‍ മത്സരത്തിലേക്ക് തിരിച്ചുവന്നു.

58ല്‍ ഒന്നിച്ച ഇരുവരുടെയും കൂട്ടുകെട്ട് പിരിയുന്നത് 178ലാണ്. ഒപ്പമുണ്ടായിരുന്ന എട്ട് ഓവറില്‍ ഇരുവരും ചേര്‍ന്ന് 120 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

15ാം ഓവറിലെ ആദ്യ പന്തില്‍ റൂഥര്‍ഫോര്‍ഡിനെ സഞ്ജുവിന്റെ കൈകളിലെത്തിച്ച് കുല്‍ദീപ് യാദവാണ് ഇന്ത്യയ്ക്കാവശ്യമായ ബ്രേക്ത്രൂ സമ്മാനിച്ചത്. 37 പന്തില്‍ ഏഴ് വീതം സിക്‌സറും ഫോറുമായി 227.03 സ്‌ട്രൈക് റേറ്റില്‍ 84 റണ്‍സാണ് റൂഥര്‍ഫോര്‍ഡ് അടിച്ചെടുത്തത്.

റൂഥര്‍ഫോര്‍ഡ് മടങ്ങിയെങ്കിലും റൊമാരിയോ ഷെപ്പേര്‍ഡിനെ ഒപ്പം കൂട്ടി ക്യാപ്റ്റന്‍ ഷായ് ഹോപ്പ് വിന്‍ഡീസിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

ഷായ് ഹോപ്പ് 45 പന്തില്‍ 102 റണ്‍സുമായി പുറത്താകാതെ നിന്നു. അവസാന 12 പന്തില്‍ വിജയിക്കാന്‍ 10 റണ്‍സ് വേണമെന്നിരിക്കെ അക്‌സര്‍ പട്ടേലിനെ രണ്ട് സിക്‌സറിന് പറത്തി ഹോപ്പ് സെഞ്ച്വറിയും ഒപ്പം ടീമിന്റെ വിജയവും ഉറപ്പാക്കുകയായിരുന്നു.

ഒക്ടോബര്‍ 11നാണ് പരമ്പരയിലെ മൂന്നാം മത്സരം. ഇന്‍ഡോറാണ് വേദി.

Content Highlight: IND vs WI: West Indies defeated India