കേരളത്തിന് മാത്രം എന്തുകൊണ്ട് എയിംസില്ല; ഏപ്രില്‍ 10 നകം കേന്ദ്രം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി
Kerala
കേരളത്തിന് മാത്രം എന്തുകൊണ്ട് എയിംസില്ല; ഏപ്രില്‍ 10 നകം കേന്ദ്രം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി
നിഷാന. വി.വി
Thursday, 26th March 2026, 8:08 am

കൊച്ചി: കേരളത്തിന് മാത്രം എയിംസ് അനുവദിക്കാത്തതില്‍ കേന്ദ്രം ഏപ്രില്‍ 10 നകം വിശദീകരണം നല്‍കണമെന്ന് കേരളാ ഹൈക്കോടതി.

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലായി 22 എംയിസ് അനുവദിച്ചപ്പോള്‍ കേരളത്തെ മാത്രം പരിഗണിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാന്‍ കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സമയം നീട്ടിനല്‍കാന്‍ കേന്ദ്രം ആവശ്യപ്പെടുകയായിരുന്നു.

എപ്രില്‍ 10നകം വിശദീകരണം നല്‍കണമെന്നും ഇനിയും സമയം നീട്ടിനല്‍കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഷൗമെന്‍ സെന്‍, ജസ്റ്റിസ് വി. എം ശ്യാം കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നിര്‍ദേശം.

സാമ്പത്തിക വര്‍ഷാവസാനമായതിനാല്‍ ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ തിരക്കിലാണെന്നും വിശദീകരണം നല്‍കാന്‍ സമയം നീട്ടി നല്‍കണമെന്നുമായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം.

എയിംസ് സ്ഥാപിക്കാനായി പരിഗണിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ കാസര്‍ഗോഡിനെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കാസര്‍ഗോഡ് ജനകീയ കൂട്ടായ്മ നല്‍കിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

ഈ ഹരജിയിലാണ് എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേരളം നല്‍കിയ ശുപാര്‍ശയുടെ സ്ഥിതി അടക്കം വിശദമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നത്.

എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രം എംയിസ് പ്രഖ്യാപിച്ച് 10 വര്‍ഷമായിട്ടും കേരളത്തിന്റെ കാര്യത്തില്‍ മാത്രം എന്തുകൊണ്ടാണ് നടപടിയില്ലാത്തതെന്ന് കോടതി നേരത്തെ ചോദിച്ചിരുന്നു.

പുതുതായി അനുവദിച്ച 22 എയിംസില്‍ 18 എണ്ണവും പ്രവര്‍ത്തന ക്ഷമമായി. നാലെണ്ണം നിര്‍മാണ ഘട്ടത്തിലാണ്. എന്നിട്ടും കേരളത്തിന് എന്തുകൊണ്ട് അനുവദിച്ചില്ലെന്ന് വിശദികരിക്കാന്‍ മാര്‍ച്ച് 11 നാണ് കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്.

എല്ലാ സംസ്ഥാനങ്ങള്‍ക്കും എയിംസ് അനുവദിക്കുമെന്ന് പ്രഖ്യാപിച്ച കേന്ദ്രം കേരളത്തിന് മാത്രം എന്തുകൊണ്ട് അനുവദിക്കുന്നില്ല, എയിംസ് അനുവദിക്കാനുള്ള മാനദണ്ഡങ്ങള്‍ എന്ത്, സംസ്ഥാന സര്‍ക്കാര്‍ കോഴിക്കോട് കിനാലൂരില്‍ കണ്ടെത്തിയ ഭൂമി എയിംസിന് യോജ്യമാണോ എന്ന് പരിശോധിച്ചുള്ള പഠന റിപ്പോര്‍ട്ട് എവിടെ, തുടങ്ങിയ കാര്യങ്ങളായിരുന്നു കോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നത്.

Content Highlight: Why only Kerala does not have AIIMS; High Court asks Centre to explain by April 10

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.