carന്യൂദല്‍ഹി: കാര്‍ വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ഒരിക്കലും പുതുവര്‍ഷം ഹാപ്പിയല്ല. വര്‍ഷം മാറിയതോടെ നിരവധി വാഹനനിര്‍മാതാക്കള്‍ അഴരുടെ കാറുകളുടെ വില വര്‍ധിപ്പിച്ചിരിക്കുകയാണ്. ഉല്പാദനച്ചിലവ് ഉയര്‍ന്നെന്നു പറഞ്ഞാണ് വിലവര്‍ധനവു കൊണ്ടുവന്നിരിക്കുന്നത്.

ജനുവരി 1 മുതല്‍ കാര്‍ വിലയില്‍ ശരാശരി 2% മുതല്‍ 5% വരെ വര്‍ധനവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. മാരുതി സുസുക്കി, ജനറല്‍ മോട്ടോഴ്‌സ്, ഹ്യുണ്ടായി, നിസാന്‍, റെനോള്‍ട്ട്, സ്‌കോഡ, ടൊയോട്ട, ടാറ്റ മോട്ടോഴ്‌സ് എന്നീ കമ്പനികള്‍ കഴിഞ്ഞമാസം തന്നെ വിലവര്‍ധിപ്പിക്കുമെന്ന കാര്യം പ്രഖ്യാപിച്ചിരുന്നു.

ജനുവരി ഒന്നുമുതല്‍ കാര്‍ വില 20,000 രൂപയോളം വര്‍ധിക്കുമെന്നാണ് മാരുതി സുസുക്കി വക്താവ് പറഞ്ഞത്. ഉല്പാദന സാമഗ്രികളുടെ വിലവര്‍ധിക്കുന്നതാണ് കാര്‍ വില വര്‍ധിപ്പിക്കാനുള്ള പ്രധാന കാരണമെന്ന് ഹ്യൂണ്ടായി മോട്ടോര്‍ ഇന്ത്യയുടെ സെയില്‍സ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് രാകേഷ് ശ്രീവാസ്തവ പറയുന്നു.

ആഢംബരകാര്‍ നിര്‍മാതാക്കളായ ബി.എം.ഡബ്ല്യു അവരുടെ ബി.എം.ഡബ്ല്യു, മിനി എന്നിവയുടെ വില വര്‍ധിപ്പിച്ചു.

വിലവര്‍ധന കാരണം 2016ന്റെ ആദ്യ രണ്ടുമാസം മാര്‍ക്കറ്റ് ഇടിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതിനു പുറമേ പുത്തന്‍ കാറുകള്‍ പരിചയപ്പെടുത്തുന്നതിനായി ഫെബ്രുവരിയാദ്യം നടക്കുന്ന ഓട്ടോ എക്‌സ്‌പോയ്ക്കുവേണ്ടി നിരവധി നിര്‍മാതാക്കള്‍ കാത്തിരിക്കുന്നുണ്ട്. ഇതും തുടക്കത്തില്‍ കാര്‍ ബുക്കിങ് കുറയാന്‍ കാരണമാകും.