ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസതാരം ഡ്വെയ്ന്‍ ബ്രാവോ. 2024 കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ തന്റെ വിടവാങ്ങല്‍ സീസണിന് തയ്യാറെടുക്കുന്നതിനിടെ താരത്തിന് പരിക്കേറ്റിരുന്നു. ഇതോടെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്നും ബ്രാവോ പറഞ്ഞു.

2021ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും താരം വിരമിച്ചിരുന്നു. ശേഷം ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള സമയം അവസാനിപ്പിച്ചെങ്കിലും കഴിഞ്ഞവര്‍ഷം ടീമിന്റെ പരിശീലകനായി താരം സ്ഥാനമേറ്റു. മാത്രമല്ല അഫ്ഗാനിസ്ഥാന്റെയും പരിശീലകനാണ് ബ്രാവോ.

തന്റെ വിരമിക്കല്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരു പോസ്റ്റ് പങ്കുവെച്ചാണ് താരം അറിയിച്ചത്.

‘എനിക്ക് എല്ലാം തന്ന ക്രിക്കറ്റിനോട് ഇന്ന് ഞാന്‍ വിട പറയുന്ന ദിവസമാണ്. എന്റെ അഞ്ചാം വയസ് മുതല്‍ ഇതാണ് ഞാന്‍ ചെയ്യാന്‍ പോകുന്നതെന്ന് എനിക്കുറപ്പായിരുന്നു. ഇതായിരുന്നു എനിക്ക് കളിക്കാന്‍ വിധിക്കപ്പെട്ട കായിക വിനോദം.

എനിക്ക് മറ്റൊന്നിലും താത്പര്യമില്ലായിരുന്നു. ഞാന്‍ എന്റെ ജീവിതം മുഴുവന്‍ ക്രിക്കറ്റിനു വേണ്ടി ജീവിച്ചു. ഇനി ഞാനെന്റെ സ്വപ്നജീവിതം അവസാനിപ്പിച്ച് കുടുംബത്തിന്റെ അടുത്തെത്തുകയാണ്. എനിക്ക് ഇതില്‍ കൂടുതല്‍ നന്ദി പറയാന്‍ കഴിയില്ല,’ ബ്രാവോ ഇന്‍സ്റ്റാഗ്രാമില്‍ എഴുതി.