ന്യൂദല്‍ഹി: അയോധ്യയില്‍ ബി.ജെ.പി രാമക്ഷേത്രം നിര്‍മിക്കുമെന്ന് ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ.അയോധ്യയില്‍ എവിടെയാണോ ക്ഷേത്രം ഉണ്ടായിരുന്നത് അവിടെത്തന്നെയാകും പുതിയ ക്ഷേത്രവും നിര്‍മിക്കുക. കോടതിയില്‍ കേസ് നടത്തി രാമക്ഷേത്രനിര്‍മാണം നീട്ടിക്കൊണ്ടുപോകുന്നത് കോണ്‍ഗ്രസാണ്. കോടതിയിലെ കേസ് വേഗത്തില്‍ തീര്‍ക്കാന്‍ കോണ്‍ഗ്രസ് സമ്മതിക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.

ദല്‍ഹിയില്‍ നടക്കുന്ന ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് അമിത് ഷായുടെ വാക്കുകള്‍. രാമക്ഷേത്രത്തെ കുറിച്ചുള്ള അമിത് ഷായുടെ വാക്കുകള്‍ ആഘോഷത്തോടെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നേതൃത്വത്തിന് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനാണ് ദല്‍ഹി രാംലീല മൈതാനിയില്‍ രണ്ട് ദിവസത്തേക്ക് ബി.ജെ.പി കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്.

2019ന് ശേഷം കേരളത്തില്‍ ബി.ജെ.പി മുന്നേറ്റമുണ്ടാക്കുമെന്നും അമിത് ഷാ അവകാശവാദമുന്നയിച്ചു. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പോരാട്ടം രണ്ട് ആശയങ്ങള്‍ തമ്മിലുള്ളതാണ് അതിനാല്‍ വിജയം അതിപ്രധാനമാണെന്നും അമിത് ഷാ പറഞ്ഞു.