ഹിന്ദുക്കളെ ആക്രമിക്കുന്നതിലൂടെ മുസ്‌ലിങ്ങളേയും ക്രിസ്ത്യാനികളെയും തൃപ്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്; വിദ്വേഷ പ്രചരണവുമായി ഹിന്ദു മഹാസഭാ നേതാവ്
national news
ഹിന്ദുക്കളെ ആക്രമിക്കുന്നതിലൂടെ മുസ്‌ലിങ്ങളേയും ക്രിസ്ത്യാനികളെയും തൃപ്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്; വിദ്വേഷ പ്രചരണവുമായി ഹിന്ദു മഹാസഭാ നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th September 2021, 1:20 pm

ബെംഗളൂരു: രാജ്യത്തെ കോടതികളെ വിമര്‍ശിച്ച് ഹിന്ദു മഹാസഭാ നേതാവ്. അനധികൃതമായി നിര്‍മിച്ച ക്ഷേത്രങ്ങള്‍ പൊളിക്കാനുള്ള കോടതി വിധി പരാമര്‍ശിച്ചുകൊണ്ടാണ് ഹിന്ദു മഹാസഭാ നേതാവ് ധര്‍മേന്ദ്ര രാജ്യത്തെ കോടതികളെ വിമര്‍ശിച്ചത്.

കോടതികള്‍ ജനങ്ങള്‍ക്ക് വേണ്ടിയാണോ അതോ ആളുകള്‍ കോടതികള്‍ക്കുവേണ്ടിയാണോ എന്നതാണ് തനിക്ക് ചോദിക്കാനുള്ളതെന്നാണ് ഇയാള്‍ പറഞ്ഞത്. മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ട ഒരു ഭൂരിപക്ഷ രാജ്യമാണിതെന്നും ഹിന്ദുക്കള്‍ക്ക് ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ തങ്ങള്‍ എവിടെ പോകണമെന്നും ഇയാള്‍ ചോദിച്ചു.

”റോഡ് വീതി കൂട്ടുന്നുവെന്ന് നിങ്ങള്‍ പറയുന്നു, എന്നാല്‍ ചിലയിടങ്ങളില്‍ പ്രാര്‍ത്ഥനാ ഹാളുകള്‍ പണിഞ്ഞിരിക്കുന്നത് റോഡുകളുടെ നടുവിലാണ്.

അന്ന് സുപ്രീംകോടതി ഉത്തരവ് ഇല്ലായിരുന്നോ? ഹൈവേയിലെ എല്ലാ വൈന്‍ ഷോപ്പുകളും അടക്കാന്‍ കോടതി പറയുന്നു. പക്ഷേ നിങ്ങളത് ചെയ്യുന്നില്ല, നിങ്ങള്‍ക്ക് വരുമാനം ലഭിക്കുന്നു. ഇത് ഒരു സുപ്രീംകോടതി ഉത്തരവിന്റെ പുറത്തൊന്നുമല്ല, ഹിന്ദുക്കളെ ആക്രമിക്കുന്നതിലൂടെ മുസ്‌ലിങ്ങളേയും ക്രിസ്ത്യാനികളെയും തൃപ്തിപ്പെടുത്താനുള്ള ശ്രമമാണ്. ഹിന്ദു മഹാസഭ അതിനെ അപലപിക്കുന്നു,” ധര്‍മേന്ദ്ര പറഞ്ഞു.

കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഇയാളിപ്പോള്‍ അറസ്റ്റിലാണ്

ക്ഷേത്രം പൊളിച്ചുമാറ്റിയ സംഭവുമായി ബന്ധപ്പെട്ടായിരുന്നു ഭീഷണി. ‘ഞങ്ങള്‍ ഗാന്ധിജിയെ ഒഴിവാക്കിയില്ല, പിന്നെ നിങ്ങള്‍ ആരാണ്?’ എന്നായിരുന്നു ഹിന്ദു മഹാസഭാ നേതാവ് നര്‍മേന്ദ്രയുടെ ഭീഷണി.

” ക്ഷേത്രം പൊളിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഞങ്ങള്‍ ഗാന്ധിജിയെ വെറുതെ വിട്ടില്ല, പിന്നെ നിങ്ങള്‍ ആരാണ്? ഗാന്ധിജിയെ വധിക്കാന്‍ കഴിയുമെങ്കില്‍, ഞങ്ങള്‍ നിങ്ങളോടും അങ്ങനെ ചെയ്യില്ലെന്ന് കരുതുന്നുണ്ടോ?” മാധ്യമപ്രവര്‍ത്തകരോട് സംസരിക്കവേ ധര്‍മേന്ദ്ര ബസമരാജയ്‌ക്കെതിരെ ഭീഷണി മുഴക്കി.

സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് മൈസൂരുവിലെ നഞ്ചന്‍ഗുഡിലെ ഒരു ക്ഷേത്രം പൊളിച്ചുമാറ്റിയതില്‍ സര്‍ക്കാറിനെ വിമര്‍ശനം ഉയര്‍ന്നുവരുന്നതിനിടെയാണ് ഹിന്ദു മാഹാസഭയുടെ ഭീഷണി ഉണ്ടായിരിക്കുന്നത്.

” ബസവരാജ് ബൊമ്മൈ, ബി.എസ്. യെദിയൂരപ്പ, ശശികല ജോളെ എന്നിവര്‍ക്ക് ഇത് വളരെ ബുദ്ധിമുട്ടായി മാറുമെന്ന് ദയവായി ഓര്‍ക്കുക. നിങ്ങള്‍ മുട്ടകള്‍ മോഷ്ടിക്കുകയും അതില്‍ നിന്ന് പണം സമ്പാദിക്കുകയും ചെയ്തു. കുറഞ്ഞത് ക്ഷേത്രങ്ങളെങ്കിലും ഒഴിവാക്കുക. മുട്ട വിവാദം സംബന്ധിച്ച് ഞങ്ങള്‍ ഇതിനകം കോടതിയില്‍ പോയിട്ടുണ്ട്,” അങ്കണവാടി കുട്ടികള്‍ക്ക് മുട്ട വിതരണം ചെയ്യുന്നതിലെ അഴിമതി ആരോപണങ്ങളെ പരാമര്‍ശിച്ച് ധര്‍മേന്ദ്ര പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

 

 

 

Content Highlights: “We Didn’t Spare Gandhi”: Hindu Leader Arrested Over Threat In Karnataka