കന്യാകുമാരി: കന്യാകുമാരിയിലെ ഒരു മോഷണ ശ്രമത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്. സുതാര്യമായ പ്ലാസ്റ്റിക് കവര്‍ കൊണ്ട് മുഖം മറച്ചെത്തിയ മോഷ്ടാവാണ് സാമൂഹ്യമാധ്യമങ്ങളെ ചിരിപ്പിച്ചത്. ഇയാളെ പൊലീസ് മണിക്കൂറുകള്‍ക്ക് ശേഷം അറസ്റ്റ് ചെയ്തു.

കന്യാകുമാരിയിലെ കൊലാച്ചലിലാണ് സംഭവമെന്ന് തമിഴ് ചാനല്‍ പുതിയതലമുറൈ റിപ്പോര്‍ട്ട് ചെയ്യുന്നു. മോഷണശ്രമത്തിന്റെ വീഡിയോയും ചാനല്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.

ഒരു മൊബൈല്‍ ഷോപ്പിന്റെ മുന്നിലേക്ക് ശ്രദ്ധാപൂര്‍വ്വം മുഖം മറച്ച് കടന്നു വരുന്നയാളാണ് വീഡിയോയില്‍. എന്നാല്‍ സുതാര്യമായ പ്ലാസ്റ്റിക് കവര്‍ കൊണ്ടാണ് മറച്ചതെന്നതിനാല്‍ മുഖം വ്യക്തമായി കാണാന്‍ സാധിക്കുന്നു. ചുറ്റും ആരും ഇല്ലെന്നു ഉറപ്പ് വരുത്താനെന്നവിധം നോക്കുതായും വീഡിയോയിലുണ്ട്.

കടയില്‍ നിന്ന് ഒന്നര ലക്ഷം രൂപയോളം മോഷണം പോയതിനെ തുടര്‍ന്ന് കടയുടമ സച്ചിനാന്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് ദൃശ്യങ്ങള്‍ പുറത്തായത്.