ഇന്ത്യന്‍ ടി-20 വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മയെ പ്രശംസിച്ച് മുന്‍ താരം വസീം ജാഫര്‍. തിലക് വര്‍മയെ മൂന്നാം നമ്പറില്‍ ഇറക്കണമെന്നും ഇന്ത്യയ്ക്ക് വേണ്ടിയും ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയും മികച്ച പ്രകടനമാണ് താരംമൂന്നാം നമ്പറില്‍ കാഴ്ചവെച്ചതെന്നുമാണ് അദ്ദേഹം പറഞ്ഞത്. തിലക് വര്‍മയ്ക്ക് ഏത് സാഹചര്യത്തോടും പൊരുത്തപ്പെടാനുള്ള കഴിവുണ്ടെന്നും എപ്പോള്‍ ഇന്നിങ്‌സ് വേഗത്തിലാക്കണമെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാമെന്നും ജാഫര്‍ പറഞ്ഞു.
‘എന്റെ അഭിപ്രായത്തില്‍, തിലക് വര്‍മയ്ക്ക് ഏറ്റവും അനുയോജ്യമായ സ്ഥാനം മൂന്നാം നമ്പറാണ്. ഇന്ത്യയ്ക്കായാലും മുംബൈ ഇന്ത്യന്‍സ് ടീമിനായാലും മൂന്നാം നമ്പറില്‍ കളിച്ചപ്പോഴെല്ലാം തിലക് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സൗത്ത് ഫ്രിക്കയില്‍ സെഞ്ച്വറി നേടിയതും അതിന് ഉദാഹരണമാണ്. നിര്‍ഭാഗ്യവശാല്‍, ഇപ്പോള്‍ ആ മൂന്നാം നമ്പര്‍ സ്ഥാനം അദ്ദേഹത്തിന് ലഭ്യമല്ല.
തിലക് വര്‍മയ്ക്ക് ഏത് സാഹചര്യത്തോടും പൊരുത്തപ്പെടാനുള്ള കഴിവുണ്ട്. അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ പറഞ്ഞാലും മറ്റേതെങ്കിലും സ്ഥാനത്ത് ഇറക്കിയാലും, തന്റെ കളിശൈലി കാരണം അദ്ദേഹം വളരെ എളുപ്പത്തില്‍ അതിനോട് ഇണങ്ങും.
എപ്പോള്‍ ഇന്നിങ്‌സ് വേഗത്തിലാക്കണമെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം. കൂടാതെ ഗ്രൗണ്ടിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഷോട്ടുകള്‍ കളിക്കാനുള്ള കഴിവും അദ്ദേഹത്തിനുണ്ട്. മറ്റൊരു താരത്തെ വ്യത്യസ്തമായ ബാറ്റിങ് സ്ഥാനത്തേക്ക് മാറ്റിയാല്‍ അതിനോട് പൊരുത്തപ്പെടാന്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാം. പക്ഷേ തിലക് വര്‍മയുടെ കാര്യത്തില്‍ അങ്ങനെയല്ല.
FIFTY in just 2⃣3⃣ deliveries 🔥
A knock full of intent from vice-captain Tilak Varma 🫡
സിംബാബ്‌വേയ്‌ക്കെതിരായ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് തിലക് വര്‍മ നടത്തിയത്. അഞ്ചാം നമ്പറില്‍ ഇറങ്ങിയ തിലക് 29 പന്തില്‍ പുറത്താവാതെ 60 റണ്‍സാണ് സ്വന്തമാക്കിയത്. അഞ്ച് ഫോറുകളും മൂന്ന് സിക്സുകളുമാണ് താരം സ്വന്തമാക്കിയത്.
അതേസമയം ഇന്ന് ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കുന്ന മൂന്നാം മത്സരവും വിജയിച്ചുകൊണ്ട് പരമ്പര തൂത്തുവാരാനായിരിക്കും ശ്രേയസ് അയ്യരും സംഘവും ലക്ഷ്യം വെക്കുക. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ ആശ്വാസ ജയം ലക്ഷ്യമിട്ടാണ് സിംബാബ്‌വേ ഇറങ്ങുന്നത്.
Content Highlight: Wasim Jaffer Talking About Tilak Varma