സൗദി-യു.എസ് വ്യോമാക്രമണം: ഇറാഖ് ഭരണകൂടത്തിന് അന്ത്യശാസനവുമായി സായുധ സംഘം; തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്
World News
സൗദി-യു.എസ് വ്യോമാക്രമണം: ഇറാഖ് ഭരണകൂടത്തിന് അന്ത്യശാസനവുമായി സായുധ സംഘം; തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്
ആദർശ് എം.കെ.
Thursday, 30th July 2026, 9:45 pm

ബാഗ്ദാദ്: ഇറാഖിലെ സായുധ ഗ്രൂപ്പുകളും സൗദി അറേബ്യയും തമ്മിലുള്ള വാക്‌പോരും സൈനിക നീക്കങ്ങളും ശക്തമാകുന്ന പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതായി റിപ്പോര്‍ട്ട്.

സൗദി അറേബ്യയ്ക്കെതിരായ ആക്രമണങ്ങളില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് ഇറാഖിലെ ഇസ്‌ലാമിക് റെസിസ്റ്റന്‍സ് ഔദ്യോഗികമായി അറിയിച്ചു. കര്‍ബലയിലെ ഇമാം ഹുസൈന്റെ മഖ്ബറയിലേക്ക് പോയ തീര്‍ത്ഥാടകരുടെ സംഘത്തിന് നേരെ അമേരിക്ക ആക്രമണം നടത്തിയതായി ഗ്രൂപ്പ് ആരോപിച്ചു.

സൗദി അറേബ്യ അമേരിക്കന്‍ നയങ്ങളെ പിന്തുണയ്ക്കുന്നതായും വാഷിങ്ടണുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായും അവര്‍ കുറ്റപ്പെടുത്തി.

തങ്ങളുടെ ആയുധങ്ങള്‍ താഴെവെക്കണമെന്ന ആവശ്യം ഇവര്‍ പൂര്‍ണമായി നിരസിക്കുകയും ചെയ്തു.

അമേരിക്കന്‍ ആക്രമണങ്ങളില്‍ പ്രതികരിക്കാന്‍ ഇറാഖ് ഭരണകൂടത്തിന് ഓഗസ്റ്റ് ഏഴ് വരെയാണ് സായുധ ഗ്രൂപ്പ് സമയം നല്‍കിയിരിക്കുന്നത്.

സര്‍ക്കാര്‍ ഈ ആക്രമണങ്ങളെ എങ്ങനെ പ്രതിരോധിക്കുന്നുവെന്നും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുന്നുണ്ടോ എന്നും പരിശോധിക്കാനാണ് ഈ സമയപരിധിയെന്ന് അവര്‍ വ്യക്തമാക്കി.

‘അമേരിക്കന്‍ ശത്രുക്കള്‍ക്കെതിരായ’ തിരിച്ചടി അനിവാര്യമാണെന്ന് ഇസ്‌ലാമിക് റെസിസ്റ്റന്‍സ് മുന്നറിയിപ്പ് നല്‍കി. സാഹചര്യങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ സൗദി അറേബ്യയിലെ അമേരിക്കന്‍ സഖ്യകക്ഷികളെയും ലക്ഷ്യം വെക്കുമെന്ന് അവര്‍ പറഞ്ഞു.

എങ്കിലും, അര്‍ബയിന്‍ തീര്‍ത്ഥാടനത്തിന് യാതൊരു തടസവുമുണ്ടാകില്ലെന്നും ഷിയാ തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും ഗ്രൂപ്പ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, സൗദി എണ്ണ ശുദ്ധീകരണ ശാലകള്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാഖിലെ ഇറാന്‍ അനുകൂല സായുധ സംഘങ്ങള്‍ക്ക് നേരെ സൗദിയും യു.എസ് സെന്‍ട്രല്‍ കമാന്‍ഡും ചേര്‍ന്ന് സംയുക്ത വ്യോമാക്രമണം നടത്തിയതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിലെ ആര്‍ട്ടിക്കിള്‍ 51 പ്രകാരം സ്വയം പ്രതിരോധത്തിനുള്ള അവകാശമാണ് തങ്ങള്‍ വിനിയോഗിച്ചതെന്നും കൂടുതല്‍ സംഘര്‍ഷത്തിന് താത്പര്യമില്ലെന്നും സൗദി വ്യക്തമാക്കി.

സൗദിയിലെ ആക്രമണങ്ങളില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് ഇറാന്‍ ആവര്‍ത്തിച്ചു. അമേരിക്കന്‍ താത്പര്യങ്ങള്‍ക്കെതിരെ നടക്കുന്ന നീക്കങ്ങളുടെ ഉത്തരവാദിത്തം ഇറാന്റെ മേല്‍ കെട്ടിവെക്കുന്നത് വലിയ പിഴവായിരിക്കുമെന്ന് ടെഹ്റാന്‍ മുന്നറിയിപ്പ് നല്‍കി.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അവസാനിച്ചതായി പ്രഖ്യാപിച്ചതോടെ മേഖലയില്‍ വലിയ തോതിലുള്ള സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നുണ്ട്. ഇത് ഗള്‍ഫ് മേഖലയിലാകെ വലിയ ആശങ്കയാണ് പടര്‍ത്തുന്നത്.

Content Highlight: Warning of retaliation following Saudi-US attacks; Iraqi armed group sets a deadline for the government.

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.