ആഫ്കോണില്‍ സെനഗലിനെ അയോഗ്യരാക്കി മൊറോക്കോയെ ചാമ്പ്യന്മാരായി പ്രഖ്യാപിച്ച തീരുമാനത്തെ പരിഹസിച്ച് സൗത്ത് ആഫ്രിക്കന്‍ സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ റോറി പെറ്റ്‌സര്‍. ഇന്ത്യയെ ടി – 20 ലോകകപ്പിലെ സൂപ്പര്‍ 8ല്‍ പരാജയപ്പെടുത്തിയതിനാല്‍ ഐ.സി.സി കിരീടം സൗത്ത് ആഫ്രിക്കയ്ക്ക് നല്‍കുന്നതിനായി കാത്തിരിക്കുന്നുവെന്നാണ് റോറിയുടെ പരിഹാസം.
കഴിഞ്ഞ ദിവസം ആഫ്രിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അപ്പീല്‍ ബോര്‍ഡാണ് മൊറോക്കോയെ വിജയികളാക്കി പ്രഖ്യാപിച്ചത്. അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് ഈ നടപടി. ഫൈനല്‍ നടന്ന രണ്ട് മാസങ്ങള്‍ക്ക് ശേഷം കോണ്‍ഫെഡറേഷന്റെ ഈ തീരുമാനം.
ജനുവരി 19ന് നടന്ന ഫൈനലില്‍ ഒരു ഗോളിന്റെ കരുത്തില്‍ സെനഗല്‍ വിജയിച്ചിരുന്നു. എന്നാല്‍ മത്സരത്തിനിടെ നടന്ന അതിനാടകീയ സംഭവങ്ങളാണ് ഇപ്പോള്‍ കിരീട നഷ്ടത്തിലേക്ക് നയിച്ചത്. മത്സരത്തില്‍ മൊറോക്കോയ്ക്ക് അനുകൂലമായി പെനാല്‍റ്റി വിധിച്ചതോടെ സെനഗല്‍ താരങ്ങള്‍ പത്ത് മിനിട്ടോളം കളി ബഹിഷ്‌കരിച്ചിരുന്നു.
നിശ്ചിത സമയം അവസാനിക്കാന്‍ മിനിട്ടുകള്‍ മാത്രം ശേഷിക്കെ ലഭിച്ച കോര്‍ണര്‍ പ്രതിരോധിക്കുന്നതിനിടെ സെനഗല്‍ താരം എല്‍ ഹാഡ്ജി ദിയൂഫ്, മൊറോക്കോയുടെ പത്താം നമ്പര്‍ താരം ബ്രാഹിം ഡിയാസിനെ ഫൗള്‍ ചെയ്തു. ഇതോടെ റഫറി മൊറോക്കോയ്ക്ക് അനുകൂലമായി പെനാല്‍റ്റി വിധിച്ചു.
🚨🇲🇦 BREAKING: Morocco have been announced as AFCON winners with final result overturned by CAF.
Senegal have been declared to have forfeited the match with Morocco declared 3-0 winners by official statement.
വാര്‍ പരിശോധനയ്ക്ക് ശേഷമായിരുന്നു ഈ റഫറിയുടെ ഈ തീരുമാനം. റഫറി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനിടെ ഒഫീഷ്യലുകളും കളിക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനൊപ്പം റഫറി പെനാല്‍റ്റി വിധിക്കുകയും ചെയ്തതോടെ പ്രകോപിതരായി. പിന്നാലെ കോച്ച് പാപ്പെ ബൗന തിയാവയുടെ നിര്‍ദേശത്താല്‍ സെനഗല്‍ താരങ്ങള്‍ കളം വിട്ടു. പത്ത് മിനിട്ടോളം പുറത്ത് നിന്ന ടീമിന്റെ ഈ നടപടിയാണ് ഇപ്പോള്‍ സെന്‍ഗാലിന് കിരീടം നഷ്ടമാവുന്നതിലേക്ക് നയിച്ചത്.
പിന്നീട് ഫൈനല്‍ അലങ്കോലപ്പെടുമോ എന്ന അനിശ്ചിതത്വം തുടരവെ സൂപ്പര്‍ താരം സാദിയോ മാനേ ഇടപെട്ട് തന്റെ സഹതാരങ്ങളോട് കളിക്കളത്തിലേക്ക് മടങ്ങാനും മത്സരം തുടരാനും ആവശ്യപ്പെട്ടു. തുടര്‍ന്ന് സെനഗല്‍ കളിക്കാനെത്തുകയും പെനാല്‍റ്റി ഗോള്‍ കീപ്പര്‍ മെന്‍ഡി തട്ടിയകറ്റുകയും ചെയ്തു.
മത്സരം നിശ്ചിത സമയത്തില്‍ സമനിലയില്‍ അവസാനിച്ചതോടെ എക്‌സ്ട്രാ ടൈമിലേക്ക് കടക്കുകയുമായിരുന്നു. നാലാം മിനിട്ടില്‍ സെനഗല്‍ ഗോള്‍ നേടി. പിന്നീട് ഗോള്‍ ശ്രമങ്ങള്‍ ഉണ്ടായെങ്കിലും ഒറ്റ ഗോളില്‍ സെനഗല്‍ രണ്ടാം കിരീടമുയര്‍ത്തി.
പിന്നാലെ സെനഗല്‍ കളത്തില്‍ നിന്ന് വിട്ടുനിന്നത് ചൂണ്ടിക്കാട്ടി മൊറോക്കോ ആഫ്രിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനില്‍ പരാതി നല്‍കി. എന്നാല്‍ അച്ചടക്ക സമിതി തള്ളി. ഇതില്‍ നല്‍കിയ അപ്പീലില്‍ അപ്പീല്‍ ബോര്‍ഡ് അനുകൂല വിധി പുറപ്പെടുവിക്കുകയിരുന്നു.
സെനഗലിന്റെ നടപടി ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് ചട്ടങ്ങളിലെ 82, 84 വകുപ്പുകളുടെ ലംഘനമാണെന്നാണ് കോണ്‍ഫെഡറേഷന്റെ നിരീക്ഷിച്ചാണ് ഈ നടപടി. ഏതെങ്കിലും കാരണവശാല്‍ ഒരു ടീം കളിക്കാന്‍ വിസമ്മതിക്കുകയോ റഫറിയുടെ അനുമതിയില്ലാതെ മത്സരം പൂര്‍ത്തിയാകും മുമ്പ് മൈതാനം വിടുകയോ ചെയ്താല്‍ ആ ടീമിനെ തോറ്റതായി കണക്കാക്കുകയും ടൂര്‍ണമെന്റില്‍നിന്ന് പുറത്താക്കുകയും ചെയ്യുമെന്നാണ് ഈ വകുപ്പുകളില്‍ പറയുന്നത്.
Content Highlight: ‘Waiting for ICC to award T20 World Cup to South Africa’; Stand-up comedian mocks about Morocco winning AFCON