അവാര്‍ഡുകള്‍ വാരിക്കൂട്ടി വാഫ്റ്റ്
Movie Day
അവാര്‍ഡുകള്‍ വാരിക്കൂട്ടി വാഫ്റ്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 1st December 2018, 3:34 pm

വിഷ്ണു ഉദയന്‍ സംവിധാനം ചെയ്ത റൊമാന്റിക് ഡ്രാമാ “വാഫ്റ്റ്” സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു. ആഷിശ് ശശിധര്‍, രേവതി സമ്പത്ത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹ്രസ്വചിത്രം അശ്വത്, ആരാധ്യ എന്നിവരുടെ പ്രണയത്തിന്റെ കഥയാണ് പറയുന്നത്. ഗ്രീന്‍ പാരറ്റ് ടാക്കീസാണ ചിത്രം നിര്‍മിച്ചിരിക്കുന്നത്.

പരസ്യചിത്ര മോഡലായ രേവതി സമ്പത്താണ് നായികയായ ആരാധ്യയായി എത്തുന്നത്. ആഷിശ് ശശിധര്‍ മുമ്പ് ശങ്കര്‍ രാമകൃഷണന്‍ സംവിധാനം ചെയ്ത പതിനെട്ടാം പടി എന്ന ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. മൊഹമ്മദ് അഫ്താബ് ഛായാഗ്രഹണവും അര്‍ജുന്‍ രാജ്കുമാര്‍ പശ്ചാത്തലസംഗീതവും റോബിന്‍ കുഞ്ഞുകുട്ടി സൗണ്ട് ഡിസൈന്‍, ഫൈനല്‍ മിക്സിങ് എന്നിവയും നിര്‍വ്വഹിച്ച ചിത്രത്തിന്റെ ദൈര്‍ഘ്യം 12 മിനുട്ടാണ്.

നിരവധി പുരസ്‌കാരങ്ങളും ചിത്രത്തെ തേടി എത്തിയിട്ടുണ്ട്. ലോസ് ഏഞ്ചല്‍സില്‍ നടന്ന ഇന്‍ഡിപെന്‍ഡന്റ് ഷോര്‍ട്ട് അവാര്‍ഡ്സില്‍ ബെസ്റ്റ് നരേറ്റീവ് ഷോര്‍ട്ട് വിഭാഗത്തില്‍ സില്‍വര്‍ പുരസ്‌കാരവും ബെസ്റ്റ് ഒറിജിനല്‍ സ്‌കോര്‍ വിഭാഗത്തില്‍ ബ്രോണ്‍സ് പുരസ്‌കാരവും നേടിയിരുന്നു.

രാജ്യത്തിനകത്തും പുറത്തും നടന്ന ഒട്ടേറെ ഹ്രസ്വചിത്ര മത്സരങ്ങളിലും വാഫ്റ്റ് പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കുകയും മേളകളിലേക്ക് ഔദ്യോഗികമായി ക്ഷണം ലഭിക്കുകയും ചെയ്തിട്ടുണ്ട്.