[]തിരുവനന്തപുരം: പെന്റാവാലന്റ് കുത്തിവെപ്പ് കുഞ്ഞുങ്ങളെ കൂട്ടമരണത്തിലേക്ക് തള്ളിവിടുന്നതായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.

ഈ സാഹചര്യത്തില്‍ പെന്റാവാലന്റ് കുത്തിവെപ്പ് ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നും അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ പെന്റാവാലന്റ് കുത്തിവെപ്പ് എടുത്ത പതിനെട്ട് കുഞ്ഞുങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മരിച്ചത്.

ഹെപ്പറ്റൈറ്റിസ് ബി, ഹീമോഫീലസ് ഇന്‍ഫ്‌ളുവന്‍സ് ടൈപ്പ് ബി, വില്ലന്‍ ചുമ, തൊണ്ടപ്പുണ്ണ്, ടെറ്റനസ് എന്നീ രോഗങ്ങള്‍ക്ക് സുരക്ഷിതമായ പരിരക്ഷ നല്‍കുന്നതും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമാണെന്ന് പ്രചരിപ്പിച്ചാണ് കഴിഞ്ഞ രണ്ടുവര്‍ഷമായി കുഞ്ഞുങ്ങള്‍ക്ക് പെന്റാവാലന്റ് കുത്തിവെപ്പ് എടുത്തുകൊണ്ടിരിക്കുന്നത്.

ഈ കുത്തിവെപ്പ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടത്തിയ 2011 ഡിസംബര്‍ 14-ന് തിരുവനന്തപുരത്തെ തൈക്കാട് സ്ത്രീകളുടെയം കുട്ടികളുടെയും ആശുപത്രിയില്‍ ആദ്യ കുത്തിവെപ്പ് എടുത്ത ആര്‍ദ്ര എന്ന കുഞ്ഞ് 20 മണിക്കൂറിനുള്ളില്‍ മരിച്ചു.

പിന്നീട് പലയിടങ്ങളിലായി മരിച്ചവരുടെ കുട്ടികളുടെ എണ്ണം പതിനെട്ടായി. തീരെ പാവപ്പെട്ടവരും ആദിവാസികളും അടക്കമുളളവരുടെ കുഞ്ഞുങ്ങളാണ് ആഗോളപദ്ധതിയുടെ ഭാഗമായുള്ള ഈ കുത്തിവെപ്പിന് ഇരകളായി ജീവന്‍ വെടിയേണ്ടിവന്നത്.

പെന്റാവാലന്റ് കുത്തിവെപ്പ് പദ്ധതിയുടെ പിന്നില്‍ ആഗോളതലത്തില്‍ തന്നെ പല ഗൂഢതാല്‍പര്യങ്ങളുമുളളതായി വാര്‍ത്തകള്‍ വന്നിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ഹാനികരമായ ഇത്തരമൊരു പദ്ധതി നടപ്പാക്കാന്‍ ഇടയായതിനെപ്പറ്റി സമഗ്രവും സത്യസന്ധവുമായ അന്വേഷണം നടത്തണം.

ഇതിന്റെ പിന്നിലെ ഗൂഢതാല്‍പര്യണ്‍ങ്ങള്‍ വെളിച്ചത്തുകൊണ്ടുവരാനും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനും സര്‍ക്കാര്‍ തയ്യാറാകണം.

കുത്തിവെപ്പിന്റെ ഫലമായി മരണമടഞ്ഞ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കാനും അടിയന്തര നടപടിയെടുക്കണമെന്ന് വി.എസ്. ആവശ്യപ്പെട്ടു.