തിരുവനന്തപുരം: ആള്‍ക്കൂട്ട ആക്രമണവും കൊലപാതകങ്ങളും രാജ്യത്ത് വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയതിന്റെ പേരില്‍ ചലച്ചിത്ര പ്രവര്‍ത്തകരടക്കമുള്ള 50 ഓളം പ്രമുഖ വ്യക്തികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തതില്‍ പ്രതികരണവുമായി മുതിര്‍ന്ന സി.പി.ഐ.എം നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍.

പത്മശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍, പത്മശ്രീ മണിരത്‌നം, പത്മഭൂഷണ്‍ രാമചന്ദ്ര ഗുഹ, പത്മഭൂഷണ്‍ ശ്യാം ബെനഗല്‍ എന്നിങ്ങനെ അന്‍പതോളം പേരാണ് രാജ്യദ്രോഹികളായി മുദ്രകുത്തപ്പെട്ടിട്ടുള്ളതെന്നും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പൗരന്‍ പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതികരിക്കുന്നത് രാജ്യദ്രോഹമാണെന്നാണ് ബി.ജെ.പി സര്‍ക്കാരിന്റെ നിലപാടെന്നും വി.എസ് പറയുന്നു.

‘അഭിപ്രായ ഭിന്നതയില്ലാതെ ജനാധിപത്യമില്ല’ എന്ന് ചൂണ്ടിക്കാട്ടിയതാണ് ഏകാധിപതികളെ പ്രകോപിപ്പിച്ചതെന്ന് വ്യക്തം. കൊല്ലുന്നതല്ല, അത് ചൂണ്ടിക്കാട്ടുന്നതാണ് കുറ്റകൃത്യമായി ഇന്ന് ഇന്ത്യയില്‍ കണക്കാക്കുന്നത്.

ഈ രാജ്യം ഭരിക്കുന്ന രാജ്യസ്‌നേഹികള്‍ക്ക് മനസ്സിലാവാത്ത ഭാഷയില്‍ കത്തയക്കുന്നതിന്റെ പേരിലായിരുന്നു ഇവര്‍ക്കെതിരെ കേസെടുത്തതെങ്കില്‍ അത് ഇന്ത്യയിലെ ജനങ്ങള്‍ക്ക് മനസ്സിലാവുമായിരുന്നു. ഇതതല്ല. ബി.ജെ.പി ഭരണകാലത്ത് വര്‍ധിതമായ തോതില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടക്കുന്നു എന്ന വസ്തുത ചൂണ്ടിക്കാട്ടി, ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതില്‍ അട്ടിമറിയുണ്ടെന്നും, രാജ്യദ്രോഹമുണ്ടെന്നും, മതവികാരം വ്രണപ്പെടുന്നുണ്ടെന്നും, വിഭാഗീയതയുണ്ടെന്നുമെല്ലാമാണ് കേസ്.

ബി.ജെ.പി എന്നത് വര്‍ഗീയ ഫാഷിസമാണെന്നും, ഇന്ത്യ ഫാഷിസത്തിന്റെ പിടിയിലാണെന്നും പറഞ്ഞപ്പോള്‍, ഇപ്പോള്‍ അത് പറയാന്‍ സമയമായോ എന്ന് സംശയിച്ചവരുണ്ട്. ഇപ്പോഴല്ലെങ്കില്‍ എപ്പോഴാണത് പറയേണ്ടതെന്നറിയാത്തതിനാലാണ് ഞാനങ്ങനെ പറഞ്ഞത്.

പൊരുതി നേടിയ സ്വാതന്ത്ര്യം ഏകാധിപതികളുടെ കയ്യില്‍ സുരക്ഷിതമല്ലെന്ന് ഇന്ന് ഇന്ത്യ തിരിച്ചറിയുന്നുണ്ട്. അതിന്റെ പ്രതികരണങ്ങളാണ്, ഇന്ത്യ ആദരിച്ച പത്മാ അവാര്‍ഡ് ജേതാക്കളടക്കം പ്രതികരണങ്ങളിലൂടെ വെളിപ്പെടുത്തുന്നത്. ഓരോ ഇന്ത്യക്കാരനും വസ്തുതകള്‍ ചൂണ്ടിക്കാട്ടി പ്രതികരിക്കേണ്ട സന്ദര്‍ഭമാണിതെന്നും വി.എസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജ സമര്‍പ്പിച്ച പരാതിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സൂര്യകാന്ത് തിവാരിയാണ് ചലച്ചിത്ര- സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്.

ഗവേഷകനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ, സംവിധായകരായ മണിരത്‌നം, അടൂര്‍ ഗോപാലകൃഷ്ണന്‍, ചലച്ചിത്ര പ്രവര്‍ത്തകരായ രേവതി, അപര്‍ണാ സെന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍.

കത്ത് വിഘടനവാദ പ്രവണതകളെ പിന്തുണയ്ക്കുന്നതാണെന്ന ആരോപണമാണ് പരാതിയിലുള്ളത്. പ്രമുഖര്‍ പ്രധാനമന്ത്രിക്കയച്ച കത്ത് രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കുന്നതായും പ്രധാനമന്ത്രിയെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചതായും സുധീര്‍ കുമാര്‍ പരാതിയില്‍ ആരോപിക്കുന്നു.

രാജ്യദ്രോഹം, പൊതുജന ശല്യം, മതവികാരങ്ങളെ വ്രണപ്പെടുത്തുക, സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ അപമാനിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ജയ് ശ്രീറാം ഇപ്പോള്‍ പോര്‍വിളി ആയി മാറിയിട്ടുണ്ടെന്നും മുസ്ലികള്‍ക്കും ദളിതുകള്‍ക്കുമെതിരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ആശങ്കയുണ്ടെന്നും കാണിച്ച് ജൂലായിലാണ് 50 ഓളം സാഹിത്യ-ചലച്ചിത്ര പൊതുരംഗത്തെ പ്രമുഖര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. ജയ് ശ്രീറാം വിളിച്ച് ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവര്‍ക്കെതിരെ ‘നിങ്ങള്‍ എന്തു നടപടിയെടുത്തെന്ന ചോദ്യം കത്തില്‍ ഉന്നയിച്ചിരുന്നു.

തുടര്‍ന്ന് കേരളത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ സംഘ്പരിവാര്‍ ആക്രമണമുണ്ടായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്റെ വീടിനു മുന്നിലും ജയ് ശ്രീറാം വിളിക്കുമെന്നും ജയ് ശ്രീറാം വിളിക്കുന്നത് കേള്‍ക്കേണ്ടെങ്കില്‍ അടൂരിന് ചന്ദ്രനിലേയ്ക്ക് പോകാമെന്നുമായിരുന്നു ബി.ജെ.പി നേതാവ് ബി ഗോപാലകൃഷ്ണന്റെ പ്രസ്താവന.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ