അഭിനയത്തിനൊപ്പം എഴുത്തും, പുതിയ പുസ്തകത്തിന്റെ വിശേഷങ്ങളുമായി വിസ്മയ മോഹൻലാൽ
Malayalam Cinema
അഭിനയത്തിനൊപ്പം എഴുത്തും, പുതിയ പുസ്തകത്തിന്റെ വിശേഷങ്ങളുമായി വിസ്മയ മോഹൻലാൽ
അജ്മല്‍ കെ
Sunday, 9th August 2026, 8:20 pm

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് വിസ്മയ മോഹൻലാൽ. എഴുത്തിലും ആയോധനകലയിലും താൽപര്യമുള്ള വിസ്മയ, ‘ഗ്രൈൻസ് ഓഫ് സ്റ്റാർടസ്റ്റ് ’ എന്ന കവിതാസമാഹാരത്തിലൂടെ എഴുത്തുകാരിയായും നേരത്തെ ശ്രദ്ധ നേടിയിരുന്നു.

സിനിമാ പ്രവേശനത്തിനൊപ്പം തന്റെ എഴുത്തിനെക്കുറിച്ചും രണ്ടാമത്തെ പുസ്തകത്തിനായി തയ്യാറാക്കിയ കവിതകളെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ് ഇപ്പോൾ വിസ്മയ മോഹൻലാൽ. തുടക്കം സിനിമയുടെ പ്രമോഷന്റെ ഭാഗമായി എഫ്.ടി.ക്യൂ വിത്ത് രേഖ മേനോൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

വിസ്മയ മോഹൻലാൽ. Photo: Screengrab/ Youtube.com.

‘തായ്‌ലൻഡാണ് എന്നെ ഏറ്റവും കൂടുതൽ മാറ്റിയത്. അവിടെ എനിക്ക് കൂടുതൽ ഫ്രീ ആയിട്ട് തോന്നിയിരുന്നു. സ്കൂട്ടർ എടുത്ത് പുറത്തൊക്കെ പോകുമായിരുന്നു. അവിടെ നല്ലൊരു കൂട്ടായ്മയും കണ്ടെത്താൻ കഴിഞ്ഞു. അതൊക്കെ ഞാൻ ഭയങ്കരമായി ആസ്വദിച്ചിരുന്നു. അമ്മ എപ്പോഴും ബൈക്ക് ഓടിക്കരുതെന്ന് പറയുമായിരുന്നു,’വിസ്മയ പറഞ്ഞു.

‘യഥാർത്ഥത്തിൽ ഞാൻ ആദ്യമായി തായ്‌ലൻഡിൽ പോയത് 2020ലാണ്. അപ്പോഴാണ് മുവായ് തായ് ഒന്ന് പരീക്ഷിച്ചുനോക്കാമെന്ന് തോന്നിയത്. നേരത്തെ പ്ലാൻ ചെയ്തതൊന്നുമല്ല. മുവായ് തായ് പഠിപ്പിക്കുന്ന ഒരു ജിം കണ്ടപ്പോൾ ഒന്ന് ശ്രമിച്ചുനോക്കാമെന്ന് കരുതി. തുടക്കത്തിൽ എനിക്ക് അത്ര ഇഷ്ടപ്പെട്ടിരുന്നില്ല. പിന്നീട് കോവിഡ് വന്നു. കുറച്ച് മാസങ്ങൾ ഞാൻ അവിടെ ഉണ്ടായിരുന്നു. അതിനുശേഷം പതിയെ മുവായ് തായ് ആസ്വദിക്കാൻ തുടങ്ങി. അങ്ങനെ അതിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കുകയും ഒടുവിൽ അതിൽ തന്നെ മുഴുകിപ്പോകുകയും ചെയ്തു,’ താരം കൂട്ടിച്ചേർത്തു.

എഴുത്ത് എപ്പോഴാണ് തുടങ്ങിയതെന്ന് കൃത്യമായി ഓർമയില്ലെന്നും മനസ്സ് നിറയുന്ന സമയങ്ങളിലും ശക്തമായ വികാരങ്ങൾ തോന്നുമ്പോഴുമാണ് എഴുതാൻ തോന്നാറുള്ളതെന്നും വിസ്മയ പറയുന്നു.

‘എന്റെ മനസ്സ് വല്ലാതെ നിറയുമ്പോഴോ ഇമോഷൻസ് തോന്നുമ്പോഴോ പ്രകൃതിക്കൊപ്പം ഇരുന്ന് സംഗീതം കേൾക്കുമ്പോഴോ ഒക്കെയാണ് എനിക്ക് എഴുതാൻ തോന്നാറുള്ളത്. ‘ഗ്രൈൻസ് ഓഫ് സ്റ്റാർടസ്റ്റ്’ ആണ് എന്റെ ആദ്യ പുസ്തകം. അതിന് ശേഷവും എഴുതിയിട്ടുണ്ട്. രണ്ടാമത്തെ പുസ്തകത്തിനായി തയ്യാറാക്കിയിട്ടുള്ള കവിതകൾ എന്റെ കൈയിലുണ്ട്. അതിന്റെ ആർട്ട് വർക്കും ചെയ്തുകൊണ്ടിരിക്കുകയാണ്. ഉടൻ തന്നെ അത് പുറത്തിറക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്,’ വിസ്മയ മോഹൻലാൽ പറഞ്ഞു.

വിസ്മയ മോഹൻലാൽ. Photo: Screengrab/ Youtube.com.

2018 എന്ന ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘തുടക്കം’. അഖിൽ കൃഷ്ണയും ലിനീഷ് നെല്ലിക്കലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശിർവാദ് സിനിമാസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ആശിഷ് ജോ ആന്റണി, സായ് കുമാർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം മികച്ച പ്രതികരണങ്ങളോടെ തിയേറ്ററിൽ മുന്നേറുകയാണ്.

Content Highlight: Vismaya Mohanlal talks about her new poetry collection and her writing

അജ്മല്‍ കെ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.