മോഹൻലാലിന്റെ മകളായ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. ആദ്യ ചിത്രത്തിൽ തന്നെ അച്ഛനൊപ്പം അഭിനയിച്ച അനുഭവവും സെറ്റിൽ ഉണ്ടായ ടെൻഷനും പങ്കുവെക്കുകയാണ് വിസ്മയ. തന്റെ പുതിയ ചിത്രമായ തുടക്കത്തിന്റെ പ്രമോഷന്റെ ഭാഗമായി എഫ്.ടി.ക്യൂ വിത്ത് രേഖ മേനോൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
അച്ഛന്റെ കൂടെ അഭിനയിച്ചപ്പോൾ എനിക്ക് ആദ്യമൊന്നും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. ഞാൻ ഭയങ്കര എക്സൈറ്റഡായിരുന്നു. പക്ഷേ സെറ്റിലെത്തിയപ്പോൾ അവിടെയുള്ള എല്ലാവരും ‘ഇന്ന് അച്ഛന്റെ കൂടെയാണ് അഭിനയിക്കുന്നത്’ എന്ന് പറഞ്ഞ് ഹൈപ്പ് നൽകി. അപ്പോഴാണ് എനിക്ക് ചെറിയൊരു പരിഭ്രമം തോന്നിയത്. അന്ന് സെറ്റിന്റെ അന്തരീക്ഷവും മറ്റു ദിവസങ്ങളെക്കാൾ വ്യത്യസ്തമായിരുന്നു. അച്ഛന്റെ കൂടെയുള്ള ആദ്യ ഷോട്ട് എടുത്തത് ഇപ്പോഴും എനിക്ക് ഓർമയുണ്ട്. എന്റെ കാരണത്താൽ ഒരുപാട് ടേക്കുകൾ എടുക്കേണ്ടി വന്നു. എത്ര ടേക്ക് എടുത്തുവെന്ന് പോലും ഇപ്പോൾ ഓർമയില്ല. അച്ഛൻ ഇതിന് മുമ്പ് ഇത്രയും ടേക്കുകൾ എടുത്തിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ലെന്നും വിസ്മയ മോഹൻലാൽ പറഞ്ഞു.
ഒരു പ്രത്യേക ഷോട്ടിലാണ് ആ പ്രശ്നമുണ്ടായത്. എന്തുകൊണ്ടാണെന്ന് അറിയില്ല, അത് ശരിയാകുന്നേയില്ല. എന്നാൽ അതിന് ശേഷമുള്ള അച്ഛന്റെ കൂടെയുള്ള എല്ലാ രംഗങ്ങളും നന്നായി തന്നെ പോയി. ഞാൻ ടെൻഷനായി വേഗത്തിൽ ചെയ്യാൻ ശ്രമിക്കുന്നത് കണ്ടപ്പോൾ, അച്ഛൻ വളരെ ശാന്തമായി ‘സാരമില്ല, സമാധാനമായി… കൂൾ ആയി പതുക്കെ ചെയ്യൂ’ എന്നാണ് തന്നോട് പറഞ്ഞതെന്നും വിസ്മയ കൂട്ടിച്ചേർത്തു.
അച്ഛന്റെയും സായികുമാർ സാറിന്റെയും അഭിനയം ഞാൻ വലിയ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. അവർ ഓരോ രംഗവും വളരെ ആത്മാർഥതയോടെയാണ് ചെയ്യുന്നത്. അത് നേരിട്ട് കാണാനും അവരുടെ കൂടെ അഭിനയിക്കാനും കഴിഞ്ഞത് എനിക്ക് ഒരു പുതിയ അനുഭവമായിരുന്നുവെന്നും വിസ്മയ മോഹൻലാൽ പറഞ്ഞു.
2018 എന്ന ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘തുടക്കം’. അഖിൽ കൃഷ്ണയും ലിനീഷ് നെല്ലിക്കലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശിർവാദ് സിനിമാസ് നിർമിക്കുന്ന ചിത്രത്തിലൂടെ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. ആശിഷ് ജോ ആന്തണി, സായ് കുമാർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം ഓഗസ്റ്റ് ഏഴിന് തിയേറ്ററുകളിലെത്തും.