ഇതിന് മുൻപ് എന്ത് കൊണ്ട് അഭിനയിക്കാതിരുന്നു; മറുപടിയുമായി വിസ്മയ മോഹൻലാൽ
Malayalam Cinema
ഇതിന് മുൻപ് എന്ത് കൊണ്ട് അഭിനയിക്കാതിരുന്നു; മറുപടിയുമായി വിസ്മയ മോഹൻലാൽ
അജ്മല്‍ കെ
Monday, 10th August 2026, 12:41 pm

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് വിസ്മയ മോഹൻലാൽ. എന്നാൽ താൻ ഒരിക്കലും അഭിനയത്തിലേക്ക് എത്തുമെന്ന് കരുതിയിരുന്നില്ലെന്നും, സിനിമയിലേക്ക് എത്തിയപ്പോഴുണ്ടായ പേടിയും സമ്മർദ്ദവും എങ്ങനെയായിരുന്നെന്നും തുറന്നുപറയുകയാണ് വിസ്മയ. ‘തുടക്കം’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

‘എന്തുകൊണ്ടാണ് ഇതിന് മുൻപ് അഭിനയിക്കാതിരുന്നതെന്ന് ചോദിച്ചാൽ എനിക്ക് കൃത്യമായി അറിയില്ല. ഒരുപക്ഷേ പേടിയായിരിക്കാം. എല്ലാത്തിനോടുമുള്ള ഒരു പേടി. എനിക്ക് അഭിനയിക്കാൻ കഴിയുമോ എന്നുപോലും അറിയില്ലായിരുന്നു. പിന്നെ അച്ഛൻ വലിയൊരു നടനാണ്, അതുകൊണ്ട് അതിന്റേതായ ഒരു പ്രെഷറും ഉണ്ടായിരുന്നു. മലയാള ഭാഷയും ഇവിടുത്തെ സാഹചര്യങ്ങളും എനിക്ക് അത്ര സുപരിചിതമായിരുന്നില്ല. കാരണം ഞാൻ ഇവിടെ അല്ല വളർന്നത്. പിന്നെ ഇതൊക്കെ എനിക്ക് ചെയ്യാൻ സാധിക്കുമോ എന്നൊരു സംശയമുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ അങ്ങനെ സംഭവിച്ചു,’ വിസ്മയ പറഞ്ഞു.

വിസ്മയ മോഹൻലാൽ.Photo. Screengrab/ Mazhavil manorama/ Youtube .com

എന്നാൽ അഭിനയത്തിനുള്ള പേടി മാറിയെങ്കിലും അഭിമുഖങ്ങളെ സമീപിക്കാൻ ഇപ്പോഴും തനിക്ക് പേടിയാണെന്നും എല്ലാം അപ്രതീക്ഷമായി സംഭവിച്ചതാണെന്നും താരം വ്യക്തമാക്കി.

‘അഭിനയത്തിന്റെ പേടി സെറ്റിൽ നിന്ന് തന്നെ കുറെയൊക്കെ മാറി. ഇപ്പോൾ കുറച്ചുകൂടി മെച്ചപ്പെട്ടിട്ടുണ്ട്. ഷോട്ട് തുടങ്ങുന്നതിന് മുമ്പുള്ള ചെറിയൊരു പേടി ഇപ്പോഴുമുണ്ട്. പക്ഷേ അഭിമുഖങ്ങളുടെ കാര്യത്തിൽ ഞാൻ ഇപ്പോഴും അത്ര കംഫർട്ടബിളല്ല,’വിസ്മയ പറഞ്ഞു.

‘എപ്പോഴും പുതിയ ക്യാമറയും പുതിയ മുഖങ്ങളുമാണ് മുന്നിൽ. ഒരുപാട് ചോദ്യങ്ങളും വരും. അതിനൊപ്പം ഞാൻ എങ്ങനെയാണ് ഇരിക്കുന്നത്, എന്താണ് ചെയ്യുന്നത്, കൈകൾ എങ്ങനെയാണ് വെക്കുന്നത് എന്നൊക്കെ ഞാൻ തന്നെ ബോധപൂർവം ശ്രദ്ധിക്കാൻ തുടങ്ങും. അങ്ങനെ അതിനെക്കുറിച്ച് തന്നെ കൂടുതൽ ചിന്തിച്ചുകൊണ്ടിരിക്കും,’താരം കൂട്ടിച്ചേർത്തു.

തുടക്കത്തിൽ അഭിമുഖങ്ങൾ നൽകേണ്ടിവരുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്നും, എന്നാൽ പെട്ടെന്ന് അതും ചെയ്യേണ്ടിവന്നെന്നും വിസ്മയ പറഞ്ഞു. ‘അഭിമുഖങ്ങൾ നൽകുമെന്ന് ഞാൻ ആദ്യം കരുതിയിരുന്നില്ല. അതൊന്നും ചെയ്യേണ്ടതില്ലെന്നായിരുന്നു വിചാരിച്ചത്. എന്നാൽ പെട്ടെന്ന് അത് ചെയ്യേണ്ടിവന്നു. അതുകൊണ്ടുതന്നെ ഇതെല്ലാം എനിക്ക് അപ്രതീക്ഷിതമായ ഒന്നായിരുന്നു,’ താരം പറഞ്ഞു.

തുടക്കം.Photo. Screengrab/ Mazhavil manorama/ Youtube .com

2018 എന്ന ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘തുടക്കം’. അഖിൽ കൃഷ്ണയും ലിനീഷ് നെല്ലിക്കലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശിർവാദ് സിനിമാസ് നിർമിക്കുന്ന ചിത്രത്തിലൂടെ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. ആശിഷ് ജോ ആന്റണി, സായ് കുമാർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം മികച്ച പ്രതികരണത്തോടെ തിയേറ്ററുകളിൽ മുന്നേറുകയാണ്.

Content Highlight: Vismaya Mohanlal opens up about her new film experience and her fear of interviews

അജ്മല്‍ കെ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.