വിശ്വരൂപം എന്ന ചിത്രത്തിലൂടെ വീണ്ടും തമിഴകം കീഴടക്കാനായി കമല്‍ഹാസന്‍ വരികയാണ്. ചിത്രം റിലീസിന് ഒരുങ്ങുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് ചിത്രത്തിന്റെ നിര്‍മാതാവും സംവിധായകനും കൂടിയായ താരം.[]
അടുത്ത മാസം 11 ന് റിലീസ് ചെയ്യുന്ന വിശ്വരൂപം ഏതാണ്ട് 150 കോടി രൂപയെങ്കിലും ലാഭം നേടിത്തരുമെന്ന വിശ്വാസത്തിലാണ് കമല്‍. ചിത്രം ഡി.ടി.എച്ച് വഴിയും പ്രദര്‍ശിപ്പിക്കാന്‍ കമല്‍ തയ്യാറെടുക്കുന്നുണ്ട്. ഇന്ത്യയിലെ 1200 തിയ്യേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്.
ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷയെ നശിപ്പിക്കില്ലെന്നും ഒരു ഫുള്‍ എന്റര്‍ടൈന്‍മെന്റ് ആയിരിക്കുമെന്നും കമല്‍ പറയുന്നു.
“ഇന്ത്യയിലെ തന്നെ മിക്കയാളുകളും ധരിച്ചുവച്ചിരിക്കുന്നത് ഞാന്‍ വിശ്വരൂപത്തിന്റെ തമിഴ് വേര്‍ഷന്‍ മാത്രം ചിത്രീകരിച്ച് ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്തതാണെന്നാണ്. ഇത് ശരിയല്ല. സിനിമയുടെ രണ്ട് വ്യത്യസ്ത വേര്‍ഷനുകളും ഞങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. ഹിന്ദിയിലെ വിശ്വരൂപത്തില്‍ നിന്നും തീര്‍ത്തും സ്വതന്ത്രമാണ് തമിഴിലേത്. ” കമല്‍ഹാസന്‍ പറഞ്ഞു.
ഉടന്‍ തന്നെ വിശ്വരൂപത്തിന്റെ രണ്ടാം ഭാഗം പുറത്തിറക്കാനുള്ള തീരുമാനവും കമല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. രണ്ടാം ഭാഗത്തിനുവേണ്ടിയുള്ള ചില ആക്ഷന്‍ രംഗങ്ങള്‍ ഇതിനകം തന്നെ ചിത്രീകരിച്ചുകഴിഞ്ഞു. രണ്ടാം ഭാഗത്തിന്റെ 15 ശതമാനം പൂര്‍ത്തിയായെന്നും 85 ശതമാനം മാത്രമേ ഇനി ബാക്കിയുള്ളൂവെന്നും കമല്‍ വ്യക്തമാക്കി.
സ്വന്തം സംവിധാനത്തില്‍ കമല്‍ ഒന്നിലധികം വേഷത്തിലെത്തുന്ന രൂപത്തില്‍ പൂജാ കുമാര്‍, ആന്‍ഡ്രിയ ജെര്‍മിയ എന്നീ സുന്ദരിമാരാണ് കമലിന്റെ നായികമാരാകുന്നത്. ശേഖര്‍ കപൂറും വിശ്വരൂപത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
