മലയാളികളുടെ ഇഷ്ട ചിത്രങ്ങളിലൊന്നായ എന്റെ വീട് അപ്പൂന്റേവിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. അഭിനേതാവിന് പുറമെ തിരക്കഥാകൃത്തായും തിളങ്ങിയ വിഷ്ണു ശ്രദ്ധിക്കപ്പെടുന്നത് നാദിര്‍ഷാ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ്. തിയേറ്ററുകളില്‍ വലിയ രീതിയില്‍ ഹിറ്റായ ചിത്രത്തിന്റെ തിരക്കഥ രചിച്ചത് വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്നായിരുന്നു. ഇരുവരും ചേര്‍ന്ന് തിരക്കഥയൊരുക്കി തിയേറ്ററുകളില്‍ ഹിറ്റാക്കി മാറ്റിയ ചിത്രമായിരുന്നു 2015ല്‍ പുറത്തിറങ്ങിയ അമര്‍ അക്ബര്‍ അന്തോണി. ഇതേ കൂട്ട്‌കെട്ട് തിരക്കഥയൊരുക്കി ദുല്‍ഖര്‍ നായകനായി 2019ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു ഒരു യമണ്ടന്‍ പ്രേമകഥ.
വിഷ്ണു ഉണ്ണികൃഷ്ണന്‍. Photo: The New Indian Express
ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ സെറ്റില്‍ വെച്ച് നടന്ന കാര്യത്തെ കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ലൈഫ് നെറ്റ് ടി.വി എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാനുമായി ബന്ധപ്പെട്ട ഒരു അനുഭവം വിഷ്ണു പങ്കുവെച്ചത്.
‘യമണ്ടന്‍ പ്രേമകഥയുടെ ലൊക്കേഷനിലിരുന്ന് ഓരോ പഴയ കാര്യങ്ങളൊക്കെ സംസാരിച്ച് ഇരിക്കുകയായിരുന്നു. ദുല്‍ഖറും സലീമേട്ടനും എല്ലാമുണ്ട്. മമ്മൂക്കയുടെ രാപ്പകല്‍ എന്ന ചിത്രത്തെക്കുറിച്ച് എന്തോ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ പറഞ്ഞു അതില്‍ ഞാനുമുണ്ടെന്ന്. ഓഹോ അതില്‍ താനുമുണ്ടല്ലേ എന്നാണ് ഡി.ക്യൂ ചോദിച്ചത്. അതിന് ശേഷം മായാവി സിനിമയിലെ എന്തോ കാര്യത്തെക്കുറിച്ച് സലീമേട്ടന്‍ പറഞ്ഞപ്പോള്‍ അതിലും ഞാനുണ്ടെന്ന് പറഞ്ഞു. അത് കേട്ടപ്പോള്‍ ദുല്‍ഖര്‍ എന്നെയൊന്ന് നോക്കി.
അതിന് ശേഷം കഥ പറയുമ്പോള്‍ പറഞ്ഞപ്പോഴും അതിന് മുമ്പ് ചെയ്ത പളുങ്ക് ചിത്രത്തെ കുറിച്ച് പറഞ്ഞപ്പോഴുമെല്ലാം ഞാന്‍ അഭിനയിച്ച ചിത്രങ്ങളാണ് അതൊക്കെയെന്ന് പറഞ്ഞു. ഇത് കേട്ടിട്ട് ഡി.ക്യൂ ചോദിച്ചത് താനപ്പോള്‍ വാപ്പിച്ചിയുമായിട്ടാണല്ലേ കൂടുതല്‍ കണക്ഷന്‍. നല്ല പ്രായമുണ്ടല്ലോ എന്നാണ്,’ വിഷ്ണു പറയുന്നു.
ബി.സി. നൗഫല്‍ സംവിധാനം ചെയ്ത് ആന്റോ ജോസഫ് നിര്‍മിച്ച യമണ്ടന്‍ പ്രേമകഥയില്‍ ദുല്‍ഖറിനും വിഷ്ണു ഉണ്ണികൃഷ്ണനും പുറമെ സൗബിന്‍ ഷാഹിര്‍, സലിം കുമാര്‍, നിഖില വിമല്‍, സുരാജ് വെഞ്ഞാറമൂട്, രണ്‍ജി പണിക്കര്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു.
Content Highlight: Vishnu unnikrishnan shares his experience with Dulquer salman in Oru yamandan premakadha set
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.