മമ്മൂക്കയുടെ കൂടെയുള്ള ആ സീന്‍ ചോദിച്ച് വാങ്ങിയത്; വില്ലനാകുന്നതില്‍ ടെന്‍ഷനുണ്ടായിരുന്നു: വിശാഖ് നായര്‍
Malayalam Cinema
മമ്മൂക്കയുടെ കൂടെയുള്ള ആ സീന്‍ ചോദിച്ച് വാങ്ങിയത്; വില്ലനാകുന്നതില്‍ ടെന്‍ഷനുണ്ടായിരുന്നു: വിശാഖ് നായര്‍
ഐറിന്‍ മരിയ ആന്റണി
Sunday, 15th March 2026, 10:01 pm

2016ല്‍ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് വിശാഖ് നായര്‍. സിനിമയിലെ കുപ്പി എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. പിന്നീട് അദ്ദേഹം സിനിമയില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിരുന്നു.

ജിത്തും അഷ്‌റഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍ വില്ലന്‍ വേഷത്തിലൂടെ താരം വലിയ ശ്രദ്ധ നേടി. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചത്താ പച്ചയിലെ ചെറിയാന്‍ എന്ന കഥാപാത്രവും കയ്യടികള്‍ നേടിയിരുന്നു.

ചിത്രത്തിന്റെ ഒ.ടി.ടി റിലീസിന് ശേഷം ചെറിയാന്‍ എന്ന കഥാപാത്രം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയില്‍ നിറഞ്ഞു. ചത്താ പച്ചയ്ക്കായി എടുത്ത തയ്യാറെടുപ്പുകളെ കുറിച്ച് ഇപ്പോള്‍ വിശാഖ് സംസാരിക്കുന്നു.

‘സംവിധായകന്‍ അദ്വൈത് കഥ പറഞ്ഞപ്പോള്‍ തന്നെ പറഞ്ഞിരുന്നു, ചെറിയാന്‍ ദുഷ്ടനല്ല പക്ഷേ, മുറിവേറ്റ കുട്ടിയാണ് എന്ന്. ആ കഥാപാത്രത്തിന് മീറ്ററില്ല, വേണമെങ്കില്‍ അഴിഞ്ഞാടാമെന്നും പറഞ്ഞു. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി കഴിഞ്ഞ പിറകേ ചത്താ പച്ചയ്ക്കു വേണ്ടി തയാറെടുപ്പ് തുടങ്ങി ആക്ഷന്‍ ചെയ്യാനായി നന്നായി വര്‍ക്ക് ഔട് ചെയ്തു. ബോഡി ബില്‍ഡിങ്ങിലും ശ്രദ്ധിച്ചു.

മമ്മുക്കയുടെ വില്ലനാകുന്നതിന്റെ ടെന്‍ഷനുണ്ടായിരുന്നു. ചെറിയാന്റെ മുഖത്ത് നിന്ന് കൂളിങ് ഗ്ലാസ് എടുത്തുനോക്കി പുച്ഛിച്ചിട്ടു കളയുന്ന മമ്മുക്കയുടെ സീന്‍ ഞാന്‍ ചോദിച്ചു വാങ്ങിയതാണ്. സിനിമയില്‍ ഓരോ ദിവസവും ചത്താ പച്ചയാണ്. ഇന്നത്തെ സിനിമ വിജയിക്കുമോ എന്നറിയില്ല, നാളെ സിനിമ വരുമോ എന്നുമറിയില്ല,’ വിശാഖ് നായര്‍ പറയുന്നു.

ആ അനിശ്ചിതാവസ്ഥ ഇപ്പോഴുമുണ്ടെന്നും മലയാളത്തില്‍ മെറിബോയ്സ് തെലുങ്കില്‍ രണ്ട്, കന്നടയിലും ഹിന്ദിയിലും ഓരോന്നും സിനിമകള്‍ റിലീസാകാനുണ്ടെന്നും നടന്‍ പറഞ്ഞു. സംവിധാന മോഹം തനിക്ക് ഇപ്പോഴുമുണ്ടെന്നും എപ്പോള്‍ സാധ്യമാകും എന്നറിയില്ലെങ്കിലും രണ്ടു തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും വിശാഖ് കൂട്ടിച്ചേര്‍ത്തു.

നവാഗതനായ അദ്വൈത് നായരുടെ സംവിധാനത്തില്‍ 2026 ജനുവരി തിയേറ്ററുകളിലെത്തിയ ചിത്രമാണ് ചത്താ പച്ച. അനൗണ്‍സ്‌മെന്റ് മുതല്‍ ഹൈപ്പുണ്ടായിരുന്ന ചിത്രം പ്രൊഫഷണല്‍ റെസ്ലിങ്ങിനെ ആസ്പദമാക്കിയാണ് അണിയിച്ചൊരുക്കിയത്. സിനിമയില്‍ അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, വിശാഖ് നായര്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തിയിരുന്നു.

Content Highlight: Vishak nair about Mammooty and chatha pacha movie

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.