ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 43 റണ്‍സിനാണ് ബെംഗളൂരുവിന്റെ വിജയം. ഇതോടെ സീസണില്‍ തുടര്‍ച്ചയായ മൂന്നാം പരാജയമാണ് ചെന്നൈ ഏറ്റുവാങ്ങുന്നത്. ആര്‍.സി.ബി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 251 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈ 19.4 ഓവറില്‍ 207 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു.
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആര്‍.സി.ബിക്ക് വേണ്ടി ഓപ്പണറായി ഇറങ്ങിയ വിരാട് കോഹ്‌ലി 18 പന്തില്‍ രണ്ട് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 28 റണ്‍സെടുത്താണ് മടങ്ങിയത്. അന്‍ഷുല്‍ കാംബോജാണ് വിരാടിനെ പുറത്താക്കിയത്.
Super Sunday! ✅😁
Two games. Two wins. Four points. ❤️ pic.twitter.com/BlFeh3qxcT
— Royal Challengers Bengaluru (@RCBTweets) April 5, 2026
ചെന്നൈയ്ക്കെതിരെ വമ്പന്‍ സ്‌കോര്‍ നേടാന്‍ സാധിച്ചില്ലെങ്കിലും ഒരു ചരിത്രനേട്ടത്തിലെത്താന്‍ വിരാടിന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്ലില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡാണ് വിരാട് സ്വന്തം പേരിലാക്കിയത്.
ചെന്നൈക്കെതിരായ മത്സരത്തിന് ഇറങ്ങുന്നതിന് മുമ്പ് ചരിത്രനേട്ടത്തിലെത്താന്‍ വിരാടിന് 16 റണ്‍സ് മതിയായിരുന്നു. നേരത്തെ കൊല്‍ക്കത്തയ്ക്കെതിരെ 1161 റണ്‍സ് നേടിയ രോഹിത്തിനെ മറികടന്നാണ് വിരാട് ഈ നേട്ടത്തില്‍ ഒന്നാമനായത്.
Too good of a strike. 👌 pic.twitter.com/INy8oGbX4R
— Royal Challengers Bengaluru (@RCBTweets) April 5, 2026
ഐ.പി.എല്ലില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം, റണ്‍സ്, എതിരാളി
വിരാട് കോഹ്ലി – 1174 – ചെന്നൈ
രോഹിത് ശര്‍മ – 1161 – കൊല്‍ക്കത്ത
വിരാട് കോഹ്‌ലി – 1159 – പഞ്ചാബ്
ഐ.പി.എല്ലില്‍ ആര്‍.സി.ബിക്ക് വേണ്ടി 269 മത്സരങ്ങള്‍ കളിച്ച വിരാട് 8758 റണ്‍സാണ് അടിച്ചെടുത്തത്. 113 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്.
മത്സരത്തില്‍ ആര്‍.സി.ബിക്ക് വേണ്ടി ടിം ഡേവിഡും ദേവ്ദത്ത് പടിക്കലും അര്‍ധ സെഞ്ച്വറി നേടി തകര്‍പ്പന്‍ പ്രകടനം നടത്തി. ഡേവിഡ് 25 പന്തില്‍ എട്ട് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 70 റണ്‍സ് നേടിയപ്പോള്‍ പടിക്കല്‍ 29 പന്തില്‍ 50 റണ്‍സ് നേടി. ക്യാപ്റ്റന്‍ രജത് പാടിദാര്‍ 19 പന്തില്‍ 48 റണ്‍സും ഫില്‍ സാള്‍ട്ട് 46 റണ്‍സും നേടി.
ചെന്നൈക്ക് വേണ്ടി ബാറ്റിങ്ങില്‍ തിളങ്ങിയത് നാലാമനായി ഇറങ്ങിയ സര്‍ഫറാസ് ഖാനാണ്. 25 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 50 റണ്‍സാണ് താരം നേടിയത്. 29 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 43 റണ്‍സെടുത്ത പ്രശാന്ത് വീര്‍ 43 റണ്‍സും, 16 പന്തില്‍ നാല് ഫോറും രണ്ട് സിക്സുമടക്കം 37 റണ്‍സെടുത്ത ജെയ്മി ഓവര്‍ടണും ചെന്നൈ നിരയില്‍ തിളങ്ങി. 12 പന്തില്‍ ഓരോ സിക്‌സും ഫോറും ഉള്‍പ്പെടെ 19* റണ്‍സെടുത്ത അന്‍ഷുല്‍ കാംബോജ് പൊരുതി.
Content Highlight: Virat Kohli Surpass Rohit Sharma In Great Record In IPL
