ഇന്ത്യൻ ക്രിക്കറ്റിലെ യുവതാരമായ വൈഭവ് സൂര്യവംശിക്ക് പ്രശംസകൾക്കൊപ്പം നിർദേശങ്ങളും നൽകി ഇന്ത്യൻ ഇതിഹാസം കപിൽ ദേവ്. ഈ വർഷം ഏകദിന, ടി-20 മത്സരങ്ങളിൽ മികച്ച ബാറ്റിങ് കാഴ്ചവെച്ച് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ നേടിയ 15-കാരനാണ് വൈഭവ് എന്ന് അദ്ദേഹം പറഞ്ഞു.

വൈഭവ് സൂര്യവംശി

എന്നാൽ ലോക ക്രിക്കറ്റിലെ ഒരു സൂപ്പർസ്റ്റാർ ആകാൻ സൂര്യവംശിക്ക് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്ന് കപിൽ ദേവ് കൂട്ടിച്ചേർത്തു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കപിൽ ദേവ്.

‘ഇതിപ്പോൾ വളരെ നേരത്തെയാണ്. ഒരു സൂപ്പർതാരമാകാനുള്ള കഴിവ് അവനുണ്ടോ എന്ന് ചോദിച്ചാൽ, ഉണ്ട്. പക്ഷേ ക്രിക്കറ്റിൽ വലിയ കഴിവോടെ വന്ന് പിന്നീട് കാണാതായ ഒട്ടേറെ പേരുണ്ട്. വിനോദ് കാംബ്ലിയുടെ കാര്യം തന്നെ നോക്കൂ, അതിനെക്കുറിച്ച് നമ്മൾ എന്താണ് പറയുക?

വൈഭവിന് ഇപ്പോൾ 16 വയസ്സായി. അവന് ഒരു മൂന്ന് വർഷം കൂടി സമയം കൊടുക്കൂ, എന്നിട്ട് നമുക്ക് ഇതിനെക്കുറിച്ച് സംസാരിക്കാം. അവന്റെ ജീവിതശൈലി മാറുമ്പോൾ ചിന്താഗതിയിലും മാറ്റങ്ങൾ വരും. അടുത്ത രണ്ട് വർഷത്തിനുള്ളിൽ അവൻ കാര്യങ്ങളെ എങ്ങനെ സമീപിക്കുന്നു എന്നത് അവന്റെ കളിയേക്കാൾ പ്രധാനമാണ്.

രോഹിത്തിനെയും കോഹ്‍ലിയെയും പോലെ ദീർഘദൂരം ടീമിനെ നയിക്കാൻ ആർക്ക് സാധിക്കുമെന്നും എന്നറിയാൻ ആഗ്രഹമുള്ളതായും കപിൽ ദേവ് പറഞ്ഞു.

കപിൽ ദേവ്

‘നമ്മൾ സച്ചിനെയും രോഹിതിനെയും വിരാടിനെയും കണ്ടിട്ടുണ്ട്. അവരെല്ലാം രാജ്യത്തിന് ഏറെ അഭിമാനം നൽകിയവരാണ്. എങ്കിലും അടുത്ത നായകനായി ആരാണ് എത്തുക എന്ന് നമ്മൾ എപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കും. ക്രിക്കറ്റിനെ സ്നേഹിക്കുന്നൊരാൾ എന്ന നിലയിൽ, ആ അപൂർവ്വ അവസരം ലഭിക്കുന്ന ആ ചെറുപ്പക്കാരൻ ആരാണെന്നും കോഹ്‌ലിയെപ്പോലെ 15 വർഷത്തോളം ടീമിനെ നയിക്കാൻ ആർക്ക് സാധിക്കുമെന്നും കാണാനാണ് ഞാൻ കാത്തിരിക്കുന്നത്,’ കപിൽ ദേവ് വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരായ ഫൈനലിൽ 80 പന്തിൽ നിന്ന് 175 റൺസ് നേടി ഇന്ത്യയെ അണ്ടർ 19 ലോകകപ്പ് സ്വന്തമാക്കാൻ നിർണായക പങ്ക് വഹിച്ച യുവതാരമാണ് സൂര്യവംശി. ഐപിഎൽ 2026 ൽ മികച്ച ബാറ്റിങ് പ്രകടനത്തിലൂടെ സർവാധിപത്യമാണ് സൂര്യവംശി സ്ഥാപിച്ചത്.

237 ൽ കൂടുതൽ സ്ട്രൈക്ക് റേറ്റിൽ 776 റൺസ് നേടി സീസണിലെ ടോപ് സ്കോററായി മാറിയിരുന്നു. നിലവിൽ വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയെങ്കിലും, ആദ്യ മത്സരത്തിൽ വൈഭവിന് ആദ്യ ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല. എങ്കിലും വരും മത്സരങ്ങളിൽ ലഭിക്കുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ വൈഭവിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

 

Content Highlights: Kapil Dev talks about vaibav sooryavamshi batting