വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ബാറ്റിങ് ഓർഡറിലെ മാറ്റങ്ങൾ വെല്ലുവിളി ഉണ്ടാക്കിയതായി തുറന്ന് പറഞ്ഞ് ഇന്ത്യൻ ടീം ബാറ്റർ. ടോപ്പ് ഓർഡറിൽ മാറ്റങ്ങൾ ഉണ്ടായാൽ വലിയ ബുദ്ധിമുട്ടില്ലെന്നും ലോവർ-മിഡിൽ ഓർഡറിലേക്ക് മാറുന്നത് വളരെ പ്രയാസമാണെന്നും തിലക് കൂട്ടിച്ചേർത്തു. സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നതിനിടയിലാണ് ഇത്തരത്തിലുള്ള വെല്ലുവിളികൾ തിലക് പങ്കുവെച്ചത്.
‘ഇത് വളരെ പ്രയാസമുള്ള കാര്യമായിരുന്നു. മൂന്നാം സ്ഥാനത്ത് നിന്ന് നാലിലേക്കോ, അല്ലെങ്കിൽ ഓപ്പണിങിൽ നിന്ന് മൂന്നാം സ്ഥാനത്തേക്കോ മാറുന്നത് എളുപ്പമാണ്. അതിൽ വലിയ വ്യത്യാസമില്ല. എന്നാൽ മൂന്നോ നാലോ സ്ഥാനങ്ങളിൽ നിന്ന് പെട്ടെന്ന് ആറിലേക്കോ ഏഴിലേക്കോ മാറുന്നത് ശരിക്കും ബുദ്ധിമുട്ടാണ്. എങ്കിലും ടീമിന് ആവശ്യമെങ്കിൽ മറ്റ് വഴികളില്ലല്ലോ. ആ പൊസിഷൻ നമ്മൾ അർഹിച്ചെടുക്കുക തന്നെ വേണം. വ്യത്യസ്ത സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യാൻ പരിശീലനത്തിലും മാനസികമായും ഞാൻ വലിയ രീതിയിൽ തയ്യാറെടുക്കലുണ്ട്.

തിലക് വർമ
അവസാന ഓവറുകളിൽ വരുന്ന യോർക്കറുകൾ ക്രീസിൽ കൃത്യമായി നിലയുറപ്പിച്ച് അടിച്ചുപറത്താനാണ് ഞാൻ നോക്കിയത്. ടോപ്പ് ഓർഡറിൽ ബാറ്റ് ചെയ്യുമ്പോൾ പന്ത് നല്ല വേഗത്തിൽ ബാറ്റിലേക്ക് എത്തും. എന്നാൽ ലോവർ ഓർഡറിലാകുമ്പോൾ പന്തിന്റെ വേഗത കുറവായിരിക്കും. ബാറ്റിങ് ശൈലി തന്നെ ഇവിടെ മാറ്റേണ്ടി വരുന്നുണ്ട്. എങ്കിലും ലോവർ മിഡിൽ ഓർഡറിലെ ഈ റോൾ ഭംഗിയായി കൈകാര്യം ചെയ്യണമെന്ന് ഞാൻ മാനസികമായി ഉറപ്പിച്ചിരുന്നു,’ തിലക് പറഞ്ഞു.
തന്റെ അന്താരാഷ്ട്ര ട്വന്റി-20 കരിയറിലെ 66 മത്സരങ്ങളിൽ, 3 മുതൽ 7 വരെയുള്ള ബാറ്റിങ് പൊസിഷനുകളിൽ ഈ 23-കാരൻ ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയിട്ടുണ്ട്. 2024-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പരമ്പരയിൽ മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്ത് അടുപ്പിച്ചു രണ്ട് സെഞ്ചുറികൾ നേടി തിലക് വർമ്മ തന്റെ മികവ് തെളിയിച്ചിരുന്നു. എന്നിരുന്നാലും, ടീം കോമ്പിനേഷൻ നിലനിർത്തുന്നതിനായി അടുത്തകാലങ്ങളിൽ നടന്ന മത്സരങ്ങളിൽ ലോവർ ഓർഡറിലാണ് ഇന്ത്യ തിലകിനെ കൂടുതലായും ഇറക്കിയത്.
2026 ലെ ഏഷ്യൻ ഗെയിംസ് ഫൈനലിൽ പാകിസ്ഥാനെതിരെ ആറാം നമ്പറിൽ ഇറങ്ങി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 22 പന്തിൽ നിന്ന് 51* റൺസ് താരം നേടിയെടുത്തു. നിലവിൽ വെസ്റ്റ് ഇൻഡീസിനെതിരായ ടി -20 പരമ്പരയിൽ അഞ്ചാമതാണ് തിലകിന്റെ സ്ഥാനം.
Content Highlights; Thilak Varma talks about Batting lineup of indian team in t20
