സമീപകാലത്ത് ഒരു സിനിമക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സ്വീകാര്യതയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റിന് ലഭിക്കുന്നത്. തിയേറ്ററില്‍ ചരിത്രം രചിച്ച ചിത്രം ഒ.ടി.ടി റിലീസിന് ശേഷവും ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ റീല്‍സായും പോസ്റ്റുകളായും നിറഞ്ഞുനില്‍ക്കാന്‍ ബെത്‌ലഹേമിന് സാധിക്കുന്നുണ്ട്.

സംവിധായകന്‍ മനസില്‍ വിചാരിക്കാത്ത ഡയറക്ടര്‍ ബ്രില്യന്‍സുകളും അധികമാരും ശ്രദ്ധിക്കാത്ത റഫറന്‍സുകളും ഒ.ടി.ടി റിലീസിന് പിന്നാലെ പലരും ചര്‍ച്ചയാക്കികഴിഞ്ഞു. സ്‌ക്രീനില്‍ വന്നുപോകുന്ന ഓരോ കഥാപാത്രത്തിനും കൃത്യമായ സ്‌പെയ്‌സ് നല്‍കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. നായകനും നായികക്കും പുറമെ സൈഡ് റോള്‍ ചെയ്ത പല കഥാപാത്രങ്ങളും ഇപ്പോള്‍ റീല്‍സ് ലോകം ഭരിക്കുകയാണ്.

അത്തരത്തിലൊരു കഥപാത്രമാണ് സുരേഷ് കൃഷ്ണ അവതരിപ്പിച്ച ബൈജു. കല്യാണമൊന്നും കഴിക്കാതെ ലൈഫ് അടിച്ചുപൊളിച്ചുനടക്കുന്ന ബൈജു സുരേഷ് കൃഷ്ണയുടെ കൈയില്‍ ഭദ്രമായിരുന്നു. സ്‌ക്രീനില്‍ വരുന്ന ഓരോ സീനിലും കൗണ്ടറുകളടിച്ച് കൈയടി നേടിയവരില്‍ ഒരാളാണ് ബൈജു ചേട്ടന്‍. ഈ കഥാപാത്രത്തെ കല്യാണരാമനിലെ പോഞ്ഞിക്കരയുമായി താരതമ്യം ചെയ്യുന്ന പോസ്റ്റ് ഇതിനോടകം ശ്രദ്ധ നേടിയിരിക്കുകയാണ്.

ഇന്നസെന്റിന്റെ കരിയറില്‍ വലിയ ഫാന്‍ബേസുള്ള കഥാപാത്രങ്ങളിലൊന്നാണ് കല്യാണരാമനിലെ പോഞ്ഞിക്കര. നായകന്റെ പാചകസംഘത്തില്‍ തലമുതിര്‍ന്നയാളായ പോഞ്ഞിക്കരയും കല്യാണം കഴിക്കാതെ നടക്കുന്നയാളാണെന്ന് പോസ്റ്റില്‍ പറയുന്നു. കല്യാണവീട്ടില്‍ കൊച്ചുകുട്ടികളുമായി പഞ്ചഗുസ്തി പിടിച്ച് നടക്കുന്നയാളാണ് പോഞ്ഞിക്കരയെങ്കില്‍ ലുലു മാളിലെ ഫണ്‍ട്യൂറയില്‍ പാവ അള്ളിയെടുക്കുന്ന ഗെയിം ജയിക്കുന്നയാളാണ് ബൈജുവെന്നും സുമിത് അടൂര്‍ എന്ന ഐ.ഡി പങ്കുവെച്ച പോസ്റ്റില്‍ പറയുന്നുണ്ട്.

കല്യാണം കഴിക്കാത്തതിന്റെ വിഷമം രണ്ടുപേര്‍ക്കുമില്ലെന്നതും മറ്റൊരു സാമ്യതയാണ്. മദ്യപാനത്തിന്റെ കാര്യത്തില്‍ രണ്ടുപേരും കട്ടയ്ക്ക് കട്ടയാണെന്നതും പോസ്റ്റില്‍ പങ്കുവെക്കുന്നുണ്ട്. നായകന്റെ പ്രണയത്തില്‍ രണ്ടുപേരും ഇടപെടുന്ന രീതിയും ഒരുപോലെയാണെന്നും സുമിത് അഭിപ്രായപ്പെടുന്നു. ബെത്‌ലഹേമിനെക്കുറിച്ചുള്ള പോസ്റ്റുകളില്‍ വ്യത്യസ്തമായ ഒന്നാണ് ഇതെന്ന് പലരും കമന്റ് പങ്കുവെക്കുന്നുണ്ട്.

പവിത്രത്തില്‍ ഇന്നസെന്റ് അവതരിപ്പിച്ച കഥാപാത്രവുമായിട്ടും ബൈജുവിന് സാമ്യതയുണ്ടെന്നും കമന്റുകളുണ്ട്. സ്‌മോക്കി ചിക്കന്‍ സീനും ഉണ്ണിമധുരത്തിന്റെ സീനും തമ്മിലുള്ള സാമ്യതയാണ് ഇത്തരം കമന്റുകളിലുള്ളത്. ജസ്റ്റിനും ആഷ്‌ലിക്കുമൊപ്പം കട്ടക്ക് സ്‌കോര്‍ ചെയ്ത ബൈജു ചേട്ടന്‍ ഇനിയും ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.

Content Highlight: Posts about Suresh Krishna’s Baiju in Bethlehem Kudumba Unit and Innocent’s character viral