ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ചീഫ് സെലക്ടറെ കണ്ടെത്താനുള്ള നടപടികൾക്ക് തുടക്കമിട്ട് ബിസിസിഐ അപേക്ഷ ക്ഷണിച്ചതിന് പിന്നാലെ രസകരമായ പ്രതികരണവുമായി ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ.
ബി.സി.സി.ഐയുടെ ഔദ്യോഗിക എക്സ് പോസ്റ്റിന് താഴെ ‘ what the procedure?’( നടപടി ക്രമം എന്താണ്) എന്നായിരുന്നു ജഡേജയുടെ കമന്റ്. ചിരിച്ചുകൊണ്ടുള്ള ഇമോജിയും കമന്റിനൊപ്പമുണ്ടായിരുന്നു. ജഡേജയുടെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയും ചെയ്തു.
@BCCI What the procedure?🤣
— Ravindrasinh jadeja (@imjadeja) October 7, 2026
അജിത് അഗാർക്കറുടെ ചീഫ് സെലക്ടർ സ്ഥാനത്തെ കാലാവധി അവസാനിച്ചതോടെയാണ് പുതിയ നിയമനത്തിനുള്ള നടപടികൾ ബി.സി.സി.ഐ ആരംഭിച്ചത്. 2023 മുതൽ ചീഫ് സെലക്ടറായിരുന്ന അഗാർക്കറുടെ കാലയളവിൽ ഇന്ത്യ മൂന്ന് ഐ.സി.സി കിരീടങ്ങൾ സ്വന്തമാക്കിയിരുന്നു.

രവീന്ദ്ര ജഡേജ.
2024, 2026 ടി-20 ലോകകപ്പുകളും 2025 ചാമ്പ്യൻസ് ട്രോഫിയുമാണ് ഇന്ത്യ നേടിയത്. രണ്ട് ഏഷ്യാ കപ്പ് കിരീടങ്ങളും തുടർച്ചയായ രണ്ട് ഏഷ്യൻ ഗെയിംസ് സ്വർണ മെഡലുകളും ഈ കാലയളവിലുണ്ടായി.
എന്നാൽ ജഡേജയ്ക്ക് നിലവിൽ ചീഫ് സെലക്ടർ സ്ഥാനത്തേക്ക് അപേക്ഷിക്കാൻ സാധിക്കില്ല. സജീവ ക്രിക്കറ്റ് താരങ്ങൾക്ക് ബിസിസിഐയുടെ നിയമപ്രകാരം സെലക്ഷൻ കമ്മിറ്റി പോലുള്ള ഭരണപരമായ സ്ഥാനങ്ങളിൽ കഴിയുകയില്ല.
കൂടാതെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ച് കുറഞ്ഞത് അഞ്ച് വർഷം പൂർത്തിയാക്കിയിരിക്കണമെന്ന നിബന്ധനയുമുണ്ട്. ടെസ്റ്റിലും ഏകദിനത്തിലും ഐപിഎല്ലിലും ജഡേജ ഇപ്പോഴും സജീവമാണ്. അതിനാൽ താരത്തിന്റെ കമന്റ് വളരെ രസകരമായാണ് സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത്.
Content Highlights; Social media trending a comment by ravindra jadeja.
