ഒറിജിനലിന് മേലെ പോകുന്ന റീമേക്കുകള്‍ വളരെ വിരളമായി മാത്രമേ ഇന്ത്യന്‍ സിനിമയില്‍ സംഭവിക്കാറുള്ളൂ. അത്തരത്തിലൊന്നാണ് അജയ് ദേവ്ഗണ്‍ നായകനായ ദൃശ്യം ദി കണ്‍ക്ലൂഷന്‍. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ദൃശ്യം 3യുടെ ഹിന്ദി പതിപ്പാണിത്. എന്നാല്‍ പേരിലെ സാമ്യത മാറ്റിനിര്‍ത്തിയാല്‍ പൂര്‍ണമായും മറ്റൊരു കഥയിലാണ് ഹിന്ദി വേര്‍ഷന്‍ ഒരുങ്ങിയത്.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയതുമുതല്‍ മലയാളം പേജുകളിലും ദൃശ്യം ദി കണ്‍ക്ലൂഷന്‍ വലിയ ചര്‍ച്ചയായി മാറി. കേരളത്തില്‍ വളരെ കുറച്ച് സ്‌ക്രീനുകളില്‍ മാത്രം പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒറിജിനലിനെക്കാള്‍ വലിയ വിജയം ഇതിനോടകം സ്വന്തമാക്കിയ ഹിന്ദി വേര്‍ഷനെ മലയാളവുമായി താരതമ്യം ചെയ്യുകയാണ് സിനിമാപേജുകള്‍.

ട്വിസ്റ്റുകളെ അമിതമായി ആശ്രയിക്കാതെ ഇമോഷന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ജീത്തു മൂന്നാം ഭാഗം ഒരുക്കിയത്. ജോര്‍ജുകുട്ടി എന്ന സാധാരണക്കാരന്‍ ഒരു ക്ലാസിക് ക്രിമിനലായി മാറുമ്പോള്‍ അയാളുടെ കുടുംബത്തെ അത് എങ്ങനെ ബാധിക്കുന്നെന്നാണ് മൂന്നാം ഭാഗത്തില്‍ പറയുന്നത്. മോഹന്‍ലാലിന്റെ കഥാപാത്രത്തെ മാത്രം അമിതമായി ഫോക്കസ് ചെയ്തപ്പോള്‍ മറ്റ് കഥാപാത്രങ്ങളുടെ എഴുത്ത് വളരെ വീക്കായി.

സിദ്ദിഖ് അവതരിപ്പിച്ച പ്രഭാകര്‍ എന്ന കഥാപാത്രത്തിന് വരുന്ന മാറ്റം പ്രേക്ഷകരിലേക്ക് കൃത്യമായി എത്തിക്കാന്‍ ജീത്തുവിന് സാധിച്ചില്ല. സഹദേവന്‍, അയാളുടെ മകള്‍ യാമിനി എന്നീ കഥാപാത്രങ്ങളെ കൊണ്ടുവന്നതും വെറുതെയായി.

എന്നാല്‍ ഹിന്ദിയിലേക്ക് എത്തുമ്പോള്‍ പഴയ കഥാപാത്രങ്ങളില്‍ പലരെയും നിലനിര്‍ത്തി. ജയ്ദീപ് അഹ്‌ലാവത്ത് അവതരിപ്പിക്കുന്ന എസ്.പി രാജ്‌വീര്‍ തോമര്‍ മാത്രമാണ് പുതിയ എന്‍ട്രി. ആദ്യഭാഗത്തില്‍ തബുവും രണ്ടാം ഭാഗത്തില്‍ അക്ഷയ് ഖന്നയും ചെയ്ത അതേ ജോലി തന്നെയായിരുന്നു ജയ്ദീപിന് മൂന്നാം ഭാഗത്തില്‍. നായകനെ പൂട്ടാന്‍ അതിഗംഭീര പ്ലാനുകള്‍ ഉണ്ടാക്കിയ ശേഷം അവസാനം അയാള്‍ക്ക് മുന്നില്‍ തോല്‍വി സമ്മതിക്കുകയാണ് മൂന്നാം ഭാഗത്തിലും.

രണ്ട് സിനിമകളുടെയും എന്‍ഡിങ്ങിലും വ്യത്യസ്തതയുണ്ട്. താന്‍ കാരണം ഇനിയും തന്റെ കുടുംബത്തിന് ആപത്തുണ്ടാകുമെന്ന് തിരിച്ചറിയുന്ന ജോര്‍ജുകുട്ടി കുറ്റങ്ങളെല്ലാം ഏറ്റ് ജയിലില്‍ പോകുന്നത് കാണിച്ചുകൊണ്ടാണ് ദൃശ്യം 3 അവസാനിക്കുന്നത്. 13 വര്‍ഷത്തോളം രക്ഷപ്പെടാന്‍ പല വഴിയും നോക്കിയ ജോര്‍ജുകുട്ടി അവസാനം നിയമത്തിന് മുന്നില്‍ കീഴടങ്ങുന്നത് പലര്‍ക്കും ദഹിച്ചില്ല.

എന്നാല്‍ എന്തുവന്നാലും ജയിലില്‍ പോകില്ലെന്ന് ഉറപ്പിച്ചയാളാണ് ഹിന്ദിയിലെ വിജയ് സാല്‍ഗോന്‍കര്‍. എതിരാളികള്‍ ഭാവിയില്‍ ഇങ്ങനെയൊന്ന് ചെയ്‌തേക്കാമെന്ന് മുന്‍കൂട്ടി കണ്ട് ചില നീക്കങ്ങള്‍ നടത്തിവെക്കുന്ന വിജയ് ഈ കേസ് ഒരിക്കലും റീ ഓപ്പണ്‍ ചെയ്യാനാകാത്ത വിധം പൂട്ടിവെക്കുകയാണ്. പലയിടത്തും ലോജിക്കില്ലായ്മ അനുഭവപ്പെടുമെങ്കിലും മലയാളത്തിലേത് പോലെ മോശമായില്ലെന്ന് ഉറപ്പിച്ച് പറയാനാകും.

ജീത്തുവിന്റെ സ്ഥിരം സീരിയല്‍ ലെവല്‍ മേക്കിങ്ങും മോശം ബ്രാന്‍ഡ് പ്ലെയ്‌സമെന്റും മലയാളത്തില്‍ കല്ലുകടിയായപ്പോള്‍ മികച്ച പ്രൊഡക്ഷന്‍ ക്വാളിറ്റിയിലാണ് ഹിന്ദി വേര്‍ഷന്‍ ഒരുക്കിയത്. അനാവശ്യമായ കല്യാണം മുടക്കല്‍ ട്രാക്കുകളില്ലാത്തതും ഹിന്ദിയില്‍ ഫ്രഷ്‌നസ് സമ്മാനിച്ചു.

എത്രഭാഗം റിലീസാക്കിയാലും പ്രേക്ഷകര്‍ വിജയിപ്പിക്കുമെന്ന ആത്മവിശ്വാസത്തില്‍ നാലാം ഭാഗത്തിന് സൂചന നല്‍കിയാണ് ദൃശ്യം 3 അവസാനിക്കുന്നത്. എന്നാല്‍, ഇനിയൊരു തുടര്‍ച്ച വേണ്ടെന്ന തീരുമാനത്തില്‍ സമീര്‍ ദേശ്മുഖിന്റെ കേസ് എന്നന്നേക്കുമായി അവസാനിപ്പിച്ചുകൊണ്ടാണ് ഹിന്ദി വേര്‍ഷന്‍ അവസാനിക്കുന്നത്.

മോഹന്‍ലാല്‍ എന്ന നടന്റെ പ്രകടനവും ദൃശ്യം എന്ന ബ്രാന്‍ഡിനോടുള്ള പ്രേക്ഷകരുടെ സ്‌നേഹവുമാണ് മൂന്നാം ഭാഗത്തിന്റെ വന്‍ വിജയത്തിന് കാരണം. ഹിന്ദി വേര്‍ഷനിലേക്ക് നോക്കിയാല്‍ ‘പനി പിടിച്ചതുപോലെയുള്ള മുഖവുമായാണ്’ അജയ് ദേവ്ഗണ്‍ ആദ്യാവസാനം പെര്‍ഫോം ചെയ്യുന്നത്. സ്‌ക്രിപ്റ്റിന്റെ ബലം കൊണ്ട് മാത്രമാണ് ഹിന്ദി വേര്‍ഷന്‍ വലിയ വിജയമായതെന്ന് സംശയമില്ലാതെ പറയാം.

Content Highlight: Comparison between Drishyam 3 and Hindi version