ഭോപ്പാല്‍: ഒക്ടോബര്‍ പത്തിന് നടക്കാനിരിക്കുന്ന സി.ജെ.പി പ്രതിഷേധത്തിന് പുറപ്പെട്ട പൂനെയില്‍ നിന്നുള്ള എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ മധ്യപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്. അറസ്റ്റിലായ പ്രവര്‍ത്തകരുടെ വീഡിയോ കോക്രോച്ച് ജനതാ പാര്‍ട്ടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.
വിദ്യാര്‍ഥികള്‍ വാഹനത്തിലിരുന്ന് മുദ്രാവാക്യം വിളിക്കുന്നത് വീഡിയോയില്‍ കാണാം. തങ്ങളെ പൊലീസ് സ്റ്റേഷനിലേക്കല്ല കൊണ്ടുപോകുന്നതെന്ന് പറയുന്ന വിദ്യാര്‍ഥികള്‍ പൊലീസിനോട് എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് ചോദിക്കുന്നുണ്ട്.
‘സര്‍ക്കാര്‍ എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു. ഒക്ടോബര്‍ പത്തിലെ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പൂനെയില്‍ നിന്നും ദല്‍ഹിയിലേക്ക് പോവുകയായിരുന്ന ഒരു കൂട്ടം വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തു. അവരെ ഇപ്പോള്‍ ഒരു ബസില്‍ അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോവുകയാണ്. അവരെ എവിടേക്കാണ് കൊണ്ടുപോകുന്നത്? ആരാണ് ഇതിന് ഉത്തരവിട്ടത്?’ കോക്ക്രോച്ച് ജനതാ പാര്‍ട്ടി എക്‌സില്‍ കുറിച്ചു.
പൊലീസ് നടപടിയെ എ.ഐ.എസ്.എഫ് അപലപിച്ചു. നടപടിയെ മോദി സര്‍ക്കാരിന്റെ നാണം കെട്ട പ്രവൃത്തി എന്ന് ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറ വിശേഷിപ്പിച്ചു. ഒരു പ്രതിഷേധ പരിപാടിയിലേക്ക് സമാധാനപരമായി യാത്ര ചെയ്തതിന് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്താല്‍ സര്‍ക്കാര്‍ ഉത്തരം നല്‍കണമെന്ന് നേഹ ബോറ പറഞ്ഞു. ആരാണിതിന് ഉത്തരവിട്ടതെന്നും അവരെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നും ചോദിച്ച നേഹ ബോറ അവരുടെ അവകാശങ്ങളെ ബഹുമാനിക്കണമെന്ന് എക്‌സില്‍ കുറിച്ചു.
മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലായി ആയിരത്തിലധികം പ്രവര്‍ത്തകരെ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതിന്റെ പേരില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് സി.ജെ.പി കോ-കണ്‍വീനര്‍ അശുതോഷ് റാങ്ക പറഞ്ഞിരുന്നു.
എസ്.എഫ്.ഐ സഹരാന്‍പൂര്‍ ജില്ല കണ്‍വീനറെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്തെന്നും ഇത്തരം ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമായ നടപടികളില്‍ നിന്നും പൊലീസ് വിട്ടുനില്‍ക്കണമെന്നും എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദര്‍ശ് എം.സജി പറഞ്ഞു.
Content Highlight: AISF workers from pune were arrested by MadhyaPradesh police on their way to Delhi for October 10 protest
