കരിയറിലെ ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ഫോം ഔട്ടും അതിന് പിന്നാലെ ഉയരുന്ന വിമര്‍ശനങ്ങളും വിരാടിനെ തളര്‍ത്തിയിട്ടുണ്ടെന്നുള്ള കാര്യം സത്യമാണ്.

ക്രിക്കറ്റിന്റെ സമസ്ത ഫോര്‍മാറ്റിലും സമഗ്രാധിപത്യം പുലര്‍ത്തിയിരുന്ന, ക്രിക്കറ്റ് ലോകത്തിലെ തന്നെ ഫ്യൂച്ചര്‍ ഹാള്‍ ഓഫ് ഫെയിം ആവാന്‍ യോഗ്യനായ വിരാട് കോഹ്‌ലിയെ ഇപ്പോള്‍ ‘ക്രിക്കറ്റ് അനലിസ്റ്റുകള്‍’ വളഞ്ഞിട്ടാക്രമിക്കുകയാണ്.

വിരാട് സ്വയം വിരമിക്കാത്ത പക്ഷം ഇന്ത്യന്‍ ടീം വിരാടിനെ എടുത്ത് പുറത്ത് കളയണം എന്ന് പോലും പറഞ്ഞവരുണ്ട്.

ഇത്തരം വിമര്‍ശനങ്ങള്‍ക്ക് കഴിവതും ചെവികൊടുക്കാതിരിക്കാനാണ് വിരാട് ശ്രമിക്കുന്നത്. ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം തത്കാലത്തേക്ക് ക്രിക്കറ്റില്‍ നിന്നും അവധിയെടുത്ത് കുടുംബവുമൊത്ത് സമയം ചെലവഴിക്കാനാണ് കോഹ്‌ലി തീരുമാനിച്ചിരിക്കുന്നത്. തന്റെ മാനസികാരോഗ്യം വീണ്ടെടുത്ത് ഒരിക്കല്‍ക്കൂടി പഴയ വിരാടാവാനാണ് താരം ഒരുങ്ങുന്നത്.

ഇതിനിടെ താരം പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ്ങാവുന്നത്. ഭാഗി 2 എന്ന ബോളിവുഡ് സിനിമയിലെ ‘മുണ്ടിയാന്‍’ എന്ന പാട്ടിന് ചുവടുവെക്കുന്ന വിരാടിന്റെ വീഡിയോ ആണ് വൈറലാവുന്നത്.

‘ഒരുപാട് നാളായി കാത്തുവെച്ചതായിരുന്നു, പക്ഷേ വൈകിയിട്ടില്ല എന്നാണ് ഞാന്‍ കരുതുന്നത്,’ എന്ന ക്യാപ്ഷനോടെയായിരുന്നു താരം വീഡിയോ പങ്കുവെച്ചത്.