സമ്മര്‍ റിലീസുകളില്‍ പലരും കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് വാഴ 2. ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥപറഞ്ഞ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി മാറിയിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം ചിത്രത്തിന്റെ സീക്വലെത്തുമ്പോള്‍ പ്രതീക്ഷകളേറെയാണ്. ആദ്യഭാഗത്തില്‍ വളരെ കുറച്ച് സ്‌ക്രീന്‍ ടൈമില്‍ കൈയടികള്‍ നേടിയ ഹാഷിറും ഗ്യാങ്ങുമാണ് വാഴ 2ലെ പ്രധാന താരങ്ങള്‍.
ഇന്‍സ്റ്റഗ്രാമിലൂടെ ശ്രദ്ധ നേടിയ ഒരുകൂട്ടം യുവതാരങ്ങളാണ് വാഴ 2ല്‍ അണിനിരക്കുന്നത്. ഹാഷിര്‍ & ഗ്യാങ്ങിനൊപ്പം അമീനും ഗ്യാങ്ങും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ വാഴ 2ന്റെ സ്‌ക്രിപ്റ്റ് റൈറ്ററും നിര്‍മാതാവുമായ വിപിന്‍ ദാസ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ചിത്രത്തിലെ ഓരോ താരങ്ങളെക്കുറിച്ചും വിപിന്‍ പ്രത്യേകം സംസാരിച്ചു.
ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിച്ച ദേവരാജിനെക്കുറിച്ച് വിപിന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായി. യുറേക്കാ സ്റ്റോറീസ് എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ ശ്രദ്ധ നേടിയ ദേവ രാജിന്റെ റീലുകള്‍ എല്ലാം താന്‍ കാണാറുണ്ടെന്ന് വിപിന്‍ പറഞ്ഞു. വളരെ ഗംഭീരമായ കഥാപാത്രത്തെയാണ് ദേവരാജ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇവന്റെ എല്ലാ റീലും ഞാന്‍ കാണാറുണ്ട്. ഓരോന്ന് പുറത്തുവരുമ്പോഴും ഞാന്‍ ഇവനെ വിളിച്ച് സംസാരിക്കാറുണ്ട്. ഇനി നീ റീല്‍ ചെയ്യരുത് എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. കാരണം, റീല്‍സിനെക്കാള്‍ സിനിമക്ക് ഇവനെ ആവശ്യമുണ്ട്. അത്രമാത്രം ഗംഭീര പെര്‍ഫോമറാണ് ഇവന്‍. കോമഡി മാത്രമല്ല, ഇമോഷണല്‍ സാധനങ്ങളും ഇവനെക്കൊണ്ട് ചെയ്യാന്‍ പറ്റും. വാഴ 2 അതിനൊരു തുടക്കമാണ്,’ വിപിന്‍ ദാസ് പറയുന്നു.
യുറേക്ക സ്റ്റോറീസ് പേജിലെ ഉണ്ണി നമ്പൂതിരി സീരീസിലൂടെയാണ് ദേവരാജ് ശ്രദ്ധ നേടുന്നത്. പിന്നീട് ഈ പേജിലെ പല റീലുകളും പ്രേക്ഷകരെ ചിരിപ്പിച്ചു. നിന്നിഷ്ടം എന്നിഷ്ടം, ഞാനും എന്റെ ചങ്ങായിയും തുടങ്ങിയവ ഇതില്‍ ചിലതാണ്. നിന്നിഷ്ടം എന്നിഷ്ടം സീരീസിലെ ഗോപുവിന്റെ ‘നോക്കൂ’ എന്ന് പറഞ്ഞുകൊണ്ട് തുടങ്ങുന്ന നിഷ്‌കളങ്കമായ ഡയലോഗുകള്‍ ശ്രദ്ധ നേടി.
മോഹന്‍ലാല്‍ നായകനായ ഹൃദയപൂര്‍വത്തിലൂടെ ദേവരാജ് ബിഗ് സ്‌ക്രീന്‍ അരങ്ങേറ്റം നടത്തിയിരുന്നു. ചിത്രത്തില്‍ സിനിമാമോഹവുമായി നടക്കുന്ന ചെറുപ്പക്കാരിലൊരാളെ അവതരിപ്പിച്ചത് ദേവരാജായിരുന്നു. ഹാഷിറും അലനും വിനായകും അമീനും തുടങ്ങി ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റികളുടെ നീണ്ട നിരയുള്ള വാഴ 2ല്‍ തന്റെ പെര്‍ഫോമന്‍സ് കൊണ്ട് ഞെട്ടിക്കാന്‍ ദേവരാജിനും സാധിക്കുമെന്നാണ് പ്രതീക്ഷ.
Content Highlight: Vipin Das praising Devaraj’s performance in Vaazha 2 movie