പ്രായം കുറച്ച് കാണിക്കാന്‍ വേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ല, ഇപ്പോഴും പഴയതുപോലെ നില്‍ക്കുന്നതിന്റെ കാരണം അറിയില്ല: വിനീത് കുമാര്‍
Malayalam Cinema
പ്രായം കുറച്ച് കാണിക്കാന്‍ വേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ല, ഇപ്പോഴും പഴയതുപോലെ നില്‍ക്കുന്നതിന്റെ കാരണം അറിയില്ല: വിനീത് കുമാര്‍
അമര്‍നാഥ് എം.
Friday, 27th March 2026, 10:44 am

ബാലതാരമായി സിനിമയിലേക്കെത്തിയ നടനാണ് വിനീത് കുമാര്‍. ഒരു വടക്കന്‍ വീരഗാഥ, ഭരതം തുടങ്ങി ക്ലാസിക് ചിത്രങ്ങളില്‍ ബാലതാരമായി വേഷമിട്ട വിനീത് പിന്നീട് നായകനായും കഴിവ് തെളിയിച്ചു. നിരവധി ചിത്രങ്ങളില്‍ നായകനായും സഹനടനായും തിളങ്ങിയ വിനീത് സംവിധാന രംഗത്തും തന്റെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്.

അടുത്തിടെ വിനീത് ഭാഗമായ സിനിമകളെല്ലാം സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. റൈഫിള്‍ ക്ലബ്ബിലെ റൊമാന്റിക് ഹീറോ ഷാജഹാനും സംഭവം അദ്ധ്യായം ഒന്നിലെ റെജിയുമെല്ലാം ശ്രദ്ധിക്കപ്പെട്ടു. റൈഫിള്‍ ക്ലബ്ബിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ ദിലീഷ് പോത്തനെക്കാള്‍ പ്രായം വിനീതിനുണ്ടെന്നും എന്നാല്‍ അത്രയും പ്രായം തോന്നിക്കാറില്ലെന്നും പലരും അഭിപ്രായപ്പെട്ടിരുന്നു.

48ാം വയസിലും 30കളുടെ ചുറുചുറുക്കും ഫിറ്റ്‌നസും മെയിന്റെയിന്‍ ചെയ്യുന്ന വിനീത് പലര്‍ക്കും അത്ഭുതമാണ്. ഇപ്പോഴും ചെറുപ്പമായി നില്‍ക്കുന്നത് എങ്ങനെയാണെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് താരം. പ്രായം കുറക്കാന്‍ വേണ്ടി താന്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ലെന്ന് വിനീത് പറഞ്ഞു. മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സത്യം പറഞ്ഞാല്‍, പലരും എന്നോട് ഈ കാര്യം ചോദിക്കുന്നുണ്ട്. എങ്ങനെയാണ് ഇപ്പോഴും ഇതുപോലെ ചെറുപ്പമായി ഇരിക്കുന്നതെന്ന്. ഇങ്ങനെയാകാന്‍ വേണ്ടി ഞാന്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ല. പ്രത്യേക ഡയറ്റോ അങ്ങനെയുള്ള കാര്യങ്ങളൊന്നും ഫോളോ ചെയ്യാത്ത ആളാണ് ഞാന്‍. പക്ഷേ, എന്റേതായിട്ടുള്ള ഒരു ലൈഫ്‌സ്റ്റൈലാണ് മുന്നോട്ടു കൊണ്ടുപോകുന്നത്.

പിന്നെ ഡാന്‍സിനോട് എനിക്ക് വല്ലാത്ത താത്പര്യമാണ്. അത് ഞാന്‍ നല്ലവണ്ണം എന്‍ജോയ് ചെയ്യുന്ന കാര്യമാണ്. ഇപ്പോള്‍ ഇടക്കിടെ ഞാന്‍ ഡാന്‍സ് പ്രാക്ടീസ് ചെയ്യും. ഓരോ തവണയും വ്യത്യസ്ത ഡാന്‍സാണ് ചെയ്യുന്നത്. ഹിപ്‌ഹോപ് ട്രൈ ചെയ്യാറുണ്ട്, ബ്രേക്ക് ഡാന്‍സുണ്ട്, ചെറുപ്പത്തില്‍ ഭരതനാട്യവും പഠിച്ചിട്ടുണ്ടായിരുന്നു. പിന്നെ ലോക്ക്ഡൗണിന് മുമ്പ് കളരിയും പഠിച്ചിട്ടുണ്ടായിരുന്നു. അതെല്ലാം സഹായിക്കാറുണ്ടെന്ന് തോന്നുന്നു,’ വിനീത് കുമാര്‍ പറയുന്നു.

നവാഗതനായ ജിത്തു സതീശന്‍ സംവിധാനം ചെയ്ത ചിത്രമാണ് സംഭവം അദ്ധ്യായം ഒന്ന്. അഷ്‌കര്‍ അലി നായകനായെത്തിയ ചിത്രം മികച്ച വിജയം സ്വന്തമാക്കിയിരുന്നു. വലിയ താരനിരയൊന്നുമില്ലാതെ തിയേറ്ററുകളിലെത്തിയ ചിത്രം സിനിമാപ്രേമികളുടെ ശ്രദ്ധ സ്വന്തമാക്കിയിരുന്നു. ഇതേ പേരിലുള്ള ഷോര്‍ട്ട് ഫിലിമിന്റെ ചലച്ചിത്രാവിഷ്‌കാരമായിരുന്നു സംഭവം അദ്ധ്യായം ഒന്ന്.

Content Highlight: Vineeth Kumar reacts to the question how he maintaining his fitness

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം