ഇന്ദ്രന്‍സേട്ടനെ ഒരു കുഞ്ഞിനോട് ഉപമിച്ചാണ് ആ വരികള്‍ എഴുതിയത്; അപൂര്‍വമേ ഞാന്‍ അങ്ങനെ എഴുതൂ: വിനായക് ശശികുമാര്‍
Malayalam Cinema
ഇന്ദ്രന്‍സേട്ടനെ ഒരു കുഞ്ഞിനോട് ഉപമിച്ചാണ് ആ വരികള്‍ എഴുതിയത്; അപൂര്‍വമേ ഞാന്‍ അങ്ങനെ എഴുതൂ: വിനായക് ശശികുമാര്‍
ഐറിന്‍ മരിയ ആന്റണി
Monday, 2nd February 2026, 11:25 am

അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായി മാറിയ ഗാനമാണ് ജോണ്‍ പോള്‍ ജോര്‍ജ് സംഗീതം സംവിധാനം നിര്‍വഹിച്ച് വിനായക് ശശികുമാര്‍ വരികള്‍ നല്‍കിയ കുഞ്ഞിക്കവിള്‍ മേഘമേ. സൂരജ് സന്തോഷ് ആലപിച്ച ഈ ഗാനം ജോണ്‍ പോള്‍ ജോര്‍ജിന്റെ മൂന്നാമത്തെ സിനിമയായ ആശാന്‍ എന്ന ചിത്രത്തിലേതാണ്.

ജോണ്‍ പോളിന്റ തന്നെ ഗപ്പി സിനിമയെയും അതിലെ മിഴികള്‍ തുളുമ്പിയോ എന്ന ഗാനത്തെയും ഓര്‍മിപ്പിക്കുന്നതാണ് കുഞ്ഞിക്കവിള്‍ മേഘമേ എന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. മനസ് വല്ലാതെ വിഷമിക്കുമ്പോള്‍ തോളത്ത് കയ്യിട്ട് നമ്മെ ചേര്‍ത്ത് നിര്‍ത്തും പോലുള്ള വരികളും സൂരജ് സന്തോഷിന്റെ ആലാപനവും കുഞ്ഞിക്കവിള്‍ മേഘമേ എന്ന ഗാനത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തി.

ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ ഇന്ദ്രന്‍സിനുള്ള ട്രിബ്യൂട്ട് സോങ് പോലെ ഒരുക്കിയ ഈ ഗാനത്തെ കുറിച്ച് സംസാരിക്കുകയാണ് വിനായക് ശശികുമാര്‍.

‘വളരെ അപൂര്‍വമായി മാത്രമെ നമ്മള്‍ കഥാപാത്രത്തിന്റെ അല്ലെങ്കില്‍ കഥയുടെ ചട്ടകൂടിന്റെ പുറത്ത് പോയി ആ അഭിനേതാവിനുള്ള  ട്രിബ്യൂട്ട് പോലെ പാട്ട് എഴുതുക. ഫോര്‍ത്ത് വാള്‍ ബ്രേക്കിങ് പോലെ. ചില പാട്ടുകള്‍ അങ്ങനെ എഴുതുമ്പോള്‍ ആളുകള്‍ ഇത് ലാലേട്ടന് വേണ്ടി എഴുതിയതാണോ എന്നൊക്ക ചോദിക്കാറുണ്ട്. ഇല്ലുമിനാറ്റി എഴുതിയപ്പോള്‍ ഫഹദിന് വേണ്ടി എഴുതിയതാണോ എന്ന് ചോദിച്ചിട്ടുണ്ട്.

അങ്ങനെയിരിക്കയാണ്, ആശാനിലെ പാട്ട് എഴുതുന്നത്. കുഞ്ഞിക്കവിള്‍ മേഘമേ ഇന്ദ്രന്‍സ് ഏട്ടന് വേണ്ടിയുള്ള പാട്ടാണ്. ഇന്ദ്രന്‍സ് ഏട്ടനെ കണ്ടപ്പോള്‍ അദ്ദേഹത്തിന് വേണ്ടി എന്ത് എഴുതാന്‍ പറ്റും എന്ന് ചിന്തിച്ചപ്പോഴാണ് പല്ലവിയിലെ വരികള്‍ എഴുതിയത്.

കുഞ്ഞിക്കവിള്‍ മേഘമേ എന്ന വരികള്‍ക്ക് ശേഷം വരുന്ന വരികളില്‍ ഒരു കുട്ടിയുടെ മുഖവുമായി ഇന്ദ്രന്‍സേട്ടനെ ഉപമിച്ചാല്‍ വളരെ നന്നായിരിക്കും എന്ന് തോന്നി. അങ്ങനെയാണ് ചെറുമൊരു തൂവല്‍ കൊണ്ട് മുറിയും എന്ന വരികള്‍ എഴുതിയത്,’ വിനായക് ശശികുമാര്‍ പറയുന്നു.

ഒരു ചെറിയകുട്ടിയുടെ അത്രയും  നിഷ്‌കളങ്കമായ, ചെറുതായി തൊട്ടാല്‍ പോലും മുറിയുമോയെന്ന് നമുക്ക് സംശയം തോന്നുന്ന രീതിയിലാണ് ആ വരികളിലൂടെ ഇന്ദ്രന്‍സിനെ ഉപമിച്ചതെന്നും എന്നാല്‍ പാട്ടിന്റെ അവസാനം ‘ചുളിവുകള്‍ ഏറെ ഭംഗി പകരും’ എന്ന വരി അദ്ദേഹത്തിന്റെ പ്രായത്തെ പരിഗണിച്ച് അതിന്റെ മനോഹാരിത നിലനിര്‍ത്തി കൊണ്ടാണ് എഴുതിയതെന്നും വിനായ് ശശികുമാര്‍ കൂട്ടിച്ചേര്‍ത്തു.

ജോണ്‍ പോള്‍ ജോര്‍ജിന്റെ സംവിധാനത്തില്‍ ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ആശാന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. സിനിമയില്‍ ഇന്ദ്രന്‍സ് നായക വേഷത്തിലെത്തുന്ന സിനിമയില്‍ ജോമോന്‍ ജ്യോതിര്‍, ഷോബി തിലകന്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. ചിത്രം ഫെബ്രുവരി 5ന് തിയേറ്ററുകളിലെത്തും. ജോണ്‍ പോള്‍ ജോര്‍ജ് ആദ്യമായി സംഗീത സംവിധാനം നിര്‍വഹിക്കുന്ന സിനിമ കൂടിയാണ് ആശാന്‍.

Content Highlight:  Vinayak Sasikumar talks about the song Kunjikkavil Meghame from the movie Aashan and about Indrans

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.