പൂക്കാലം, കിഷ്‌കിന്ധാകാണ്ഡം എന്നീ ചിത്രങ്ങളിലെ പ്രകടനത്തെ സിനിമാപേജുകള്‍ വാനോളം പ്രശംസിച്ചിരുന്നു. ദേശീയ, സംസ്ഥാന അവാര്‍ഡുകളും വിജയരാഘവനെ തേടിയെത്തിയിട്ടുണ്ട്. ഇപ്പോഴാണ് തന്നെത്തേടി ഇത്തരം വ്യത്യസ്ത കഥാപാത്രങ്ങള്‍ വരുന്നതെന്നും ഇത്രയും കാലം നിന്നതിന്റെ ഫലമാണ് അതെന്നും വിജയരാഘവന്‍ പറയുന്നു.
ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിന്റെ പ്രൊമോഷന്‍ ഇന്റര്‍വ്യൂവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തില്‍ തന്റെ കോ സ്റ്റാറായ ഹരിശ്രീ അശോകനെ അദ്ദേഹം പ്രശംസിച്ചു. ഇപ്പോഴാണ് ഹരിശ്രീ അശോകനെത്തേടി നല്ല വേഷങ്ങള്‍ വരുന്നതെന്നും ഇയാളെ വേണ്ട രീതിയില്‍ ഉപയോഗിച്ചിട്ടില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. വണ്‍ ടു ടോക്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അശോകനൊക്കെ അപാര പൊട്ടന്‍ഷ്യലുണ്ട്. അല്ലാതെ നാല്പത് വര്‍ഷത്തോളമായി ഇവിടെ ഇങ്ങനെ നില്‍ക്കില്ലല്ലോ. ഇപ്പോഴാണ് എന്നെയും അശോകനെയും തേടി നല്ല കഥാപാത്രങ്ങള്‍ വരുന്നത്. അശോകനെ ഇനിയും വേണ്ടരീതിയില്‍ ഉപയോഗിച്ചിട്ടില്ല. ഇന്ദ്രന്‍സും അതുപോലെയാണ്. ഇന്ദ്രന്‍സ് ഇത്രയും കിടിലന്‍ റോളുകള്‍ ചെയ്യുമെന്ന് എനിക്ക് മുന്നേ അറിയാമായിരുന്നു.
അയാള്‍ ചെറിയ വേഷങ്ങള്‍ ചെയ്തുകൊണ്ടിരുക്കുമ്പോള്‍ തന്നെ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഞാന്‍ നാടകത്തില്‍ നിന്ന് വന്നയാളാണല്ലോ. നന്നായി പെര്‍ഫോം ചെയ്യാന്‍ പറ്റുന്ന ഒരാള്‍ക്ക് എത്ര ചെറിയ വേഷം കിട്ടിയാലും പുള്ളി അതില്‍ ഗംഭീരമാക്കും. അന്ന് ചെറിയ വേഷങ്ങള്‍ ചെയ്തിട്ട് ഇന്ന് ഗംഭീര വേഷങ്ങള്‍ ചെയ്യുന്നത് കാണുമ്പോള്‍ സന്തോഷമാണ്. അനന്തന്‍ കാടിന്റെ ഷൂട്ടിനിടയില്‍ അയാളെ കെട്ടിപ്പിടിച്ചത് അതുകൊണ്ടാണ്,’ വിജയരാഘവന്‍ പറയുന്നു.
ഇന്ദ്രന്‍സിനെപ്പോലെ പണ്ട് തങ്ങളുടെ നാടകത്തില്‍ ഒരാളുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം വത്സലന്‍ എന്ന നടന്‍ എല്ലാ നാടകത്തിലും ഞെട്ടിക്കുന്ന ആളായിരുന്നെന്നും പഞ്ചവടിപ്പാലമടക്കം പല സിനിമകളിലും അയാള്‍ അഭിനയിച്ചിട്ടുണ്ടെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. അപാരമായ കഴിവാണ് കോട്ടയം വത്സലനുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Vijayaraghavan about Indrans and Harisree Ashokan