സഹനടനായി കരിയറാരംഭിച്ച് ഇന്ന് ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരിലൊരാളായി മാറിയ താരമാണ് വിജയ് സേതുപതി. ഏത് തരം കഥാപാത്രത്തെയും തന്നിലേക്ക് ബ്ലെന്‍ഡ് ചെയ്ത് അവതരിപ്പിക്കാന്‍ വിജയ് സേതുപതിക്ക് പ്രത്യേക കഴിവാണ്. തമിഴിന് പുറമെ തെലുങ്ക്, മലയാളം ഹിന്ദി ഭാഷകളില്‍ താരം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ ചിത്രമായ ബത്തയിലും തന്റെ പെര്‍ഫോമന്‍സ് കൊണ്ട് വിജയ് സേതുപതി ഞെട്ടിച്ചിരിക്കുകയാണ്. ഏറെക്കാലമായി ആരാധകര്‍ മിസ് ചെയ്യുന്ന പഴയ ചാമിങ് മക്കള്‍ സെല്‍വനെ ബത്തയിലൂടെ തിരിച്ചുകിട്ടിയതില്‍ ആരാധകരും ഹാപ്പിയാണ്. ബാലാജി തരണീതരന്‍ സംവിധാനം ചെയ്ത ചിത്രം ഈ വര്‍ഷത്തെ മികച്ച സിനിമാനുഭവമാണ്.

ബാലാജി തരണീതരനൊപ്പം മൂന്നാം തവണയാണ് വിജയ് സേതുപതി കൈകോര്‍ക്കുന്നത്. ഇതേ കോമ്പോ മുമ്പ് ഒന്നിച്ച രണ്ട് സിനിമകളും പ്രേക്ഷകരുടെ ഫേവറെറ്റായിരുന്നു. സീതക്കാതി എന്ന ചിത്രത്തിലേക്ക് താന്‍ എത്തിയതിനെക്കുറിച്ച് വിജയ് സേതുപതി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ച. സംവിധായകന്‍ ബാലാജി തരണീതരന്റെ മനസില്‍ താനില്ലായിരുന്നെന്ന് താരം പറഞ്ഞു. ബത്തയുടെ സക്‌സസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു വിജയ് സേതുപതി.
‘സത്യം പറഞ്ഞാല്‍ ബാലാജിയുടെ മൈന്‍ഡില്‍ ആ പടം ചെയ്യാന്‍ ലാല്‍ സാര്‍, കമല്‍ സാര്‍, അമിതാബ് ബച്ചന്‍ സാര്‍ തുടങ്ങിയവരായിരുന്നു. അങ്ങനെയുള്ള ക്യാരക്ടറായിരുന്നു സീതക്കാതി. അതെനിക്ക് ഇഷ്ടപ്പെട്ടില്ല. അവനോട് ‘ഞാന്‍ അടുത്ത് തന്നെയുണ്ടല്ലോ’ എന്ന് വെറുതെ സൂചിപ്പിച്ചു. നമ്മുടെ തെരുവിലൊക്കെ ക്യൂട്ടായിട്ടുള്ള നാടന്‍ നായകളുണ്ടെങ്കിലും ചിലര്‍ക്ക് ജെര്‍മന്‍ ഷെപ്പേര്‍ഡിനോടായിരിക്കും താത്പര്യം. മോശമായി ഒന്നും ഉദ്ദേശിച്ചിട്ടില്ല.

അങ്ങനെ അവന്‍ എന്നെവെച്ച് സീതക്കാതി ചെയ്യാന്‍ തീരുമാനിച്ചു. 96ഉം സീതക്കാതിയും ഒരേസമയം ചെയ്ത പടങ്ങളായിരുന്നു. രണ്ടില്‍ ഏത് സിനിമയാണ് എന്റെ 25ാമത്തെ പ്രൊജക്ട് എന്ന് പറയേണ്ടതെന്ന് കണ്‍ഫ്യൂഷനായി. 96 എല്ലാതരം ഓഡിയന്‍സിനും ഇഷ്ടപ്പെടുമെന്ന് ഉറപ്പായിരുന്നു. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ എന്നെ സ്വയം അടയാളപ്പെടുത്തുന്ന പടം സീതക്കാതിയാണെന്ന് മനസിലാക്കി ആ സിനിമ 25ാമത്തെ പ്രൊജക്ട് എന്ന് അറിയിച്ചു,’ വിജയ് സേതുപതി പറയുന്നു.
1986ല്‍ മദ്രാസിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് ബത്തയുടേത്. കോമഡി- ഫീല്‍ ഗുഡ് ഡ്രാമ ഴോണറിലൊരുങ്ങിയ ചിത്രത്തില്‍ വിജയ് സേതുപതിക്കൊപ്പം മാസ്റ്റര്‍ സായ് പൃഥ്വിരാജും പ്രകടനം കൊണ്ട് നിറഞ്ഞുനില്‍ക്കുന്നുണ്ട്. ലിജോമോള്‍, ശാന്തി ബാലചന്ദ്രന്‍, വിഷ്ണു ഗോവിന്ദന്‍ തുടങ്ങിയവരുടെ സാന്നിധ്യവും ചിത്രത്തെ കൂടുതല്‍ മികച്ചതാക്കുന്നു.
Content Highlight: Vijay Sethupathi about his friendship with Balaji Tharaneetharan
