എനിക്ക് വലിയ ഹിറ്റുകളെല്ലാം തന്നത് പുതുമുഖ സംവിധായകരാണ്; അനുഭവം പങ്കുവെച്ച് വിജയ് ബാബു
Malayalam Cinema
എനിക്ക് വലിയ ഹിറ്റുകളെല്ലാം തന്നത് പുതുമുഖ സംവിധായകരാണ്; അനുഭവം പങ്കുവെച്ച് വിജയ് ബാബു
അശ്വിന്‍ രാജേന്ദ്രന്‍
Friday, 8th May 2026, 8:59 pm

ഫ്രൈഡേ ഫിലിം ഹൗസ് എന്ന ബാനറിലൂടെ മലയാളികള്‍ക്ക് പരിചിതനായ നിര്‍മാതാവും അഭിനേതാവുമാണ് വിജയ് ബാബു. 1982ല്‍ പുറത്തിറങ്ങിയ സൂര്യന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച വിജയ് 2010 ന് ശേഷം ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമാണ്. താരത്തിന്റെ ആക്ടിങ് കരിയറില്‍ ഏറെ ഫാന്‍ബേസുള്ള കഥാപാത്രമാണ് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് ഫ്രാഞ്ചൈസിലെ സര്‍ബത്ത് ഷമീര്‍. വിജയ് ബാബു തന്നെയായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ്. 2015 ല്‍ പുറത്തിറങ്ങിയ ആട് പരാജയമായിട്ടും പുറത്തിറക്കിയ രണ്ടും മൂന്നും ഭാഗങ്ങള്‍ മലയാള സിനിമ കണ്ട വലിയ വിജയങ്ങളാക്കി മാറ്റുന്നതില്‍ നിര്‍മാതാവായ വിജയ് ബാബു വലിയ പങ്ക് വഹിച്ചിരുന്നു.

ആട് . Photo: Friday Film House

ഇപ്പോഴിതാ ഫ്രൈഡേ ഫിലിം ഹൗസെന്ന പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ താന്‍ നിര്‍മിച്ച ചിത്രങ്ങളെക്കുറിച്ച് പറയുന്ന വിജയ് ബാബുവിന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. പുതുമുഖ സംവിധായകര്‍ക്ക് പലരും അവസരം കൊടുക്കാന്‍ മടിക്കുന്ന സാഹചര്യത്തില്‍ നിര്‍മാതാവെന്ന നിലയില്‍ തന്റെ കരിയറിലെ പ്രധാന ഹിറ്റുകളെല്ലാം നല്‍കിയത് നവാഗത സംവിധായകരാണെന്ന് പറയുകയാണ് വിജയ് ബാബു.

‘എന്റെ എല്ലാ വലിയ ഹിറ്റുകളും തന്നിരിക്കുന്നത് ന്യൂ കമേഴ്‌സ് തന്നെയാണ്. ഞാന്‍ മങ്കിപെന്‍ എന്ന സിനിമ നിര്‍മിക്കുമ്പോള്‍ അതിന്റെ സംവിധായകനായ റോജിന്‍ തോമസിന് ഇരുപത്തിയൊന്ന് വയസ് മാത്രമാണ് പ്രായം. അവന്‍ മറ്റെവിടെയും വര്‍ക്ക് ചെയതിരുന്നില്ല. പക്ഷേ ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. കാരണം റോജിന് പണി അറിയാം എന്ന വിശ്വാസം ഞങ്ങള്‍ക്കുണ്ടായിരുന്നു. അതുപോലെ തന്നെയാണ് വിപിന്‍ ദാസ് സംവിധാനം ചെയ്ത മുദ്ദുഗൗവും അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത ജൂണും മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത ആടും. ഇതെല്ലാം ചെയ്യുമ്പോള്‍ ഇവരുടെ പ്രായം 25-26-27 വയസിനിടയിലാണ്.

അങ്കമാലി ഡയറീസ് എന്ന ചിത്രത്തില്‍ നൂറിലധികം പേരാണ് പുതുമുഖങ്ങള്‍ ആയിട്ട് അഭിനയിച്ചിരിക്കുന്നത്. ഒരുപാട് പേരുടെ കരിയറും ചിത്രത്തിലൂടെ മാറിയിട്ടുണ്ട്. എന്നിരുന്നാലും കൊമേഷ്യലി ചിന്തിക്കുമ്പോള്‍ പലരും ചോദിക്കുന്നത് അതെല്ലാം റിസ്‌ക്കല്ലേ എന്നാണ്. പക്ഷേ നമ്മുടെ ഫിലിം ഹൗസ് കണ്ടെന്റ് ബേസ് ആയിട്ടുള്ള ചിത്രങ്ങളാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. അതിനിടയില്‍ പുതുമുഖങ്ങളെ വെച്ച് ക്യാമറയ്ക്ക് മുന്നിലും പിന്നിലും റിസ്‌ക് എടുത്തപ്പോള്‍ അത് വര്‍ക്കായി. അങ്ങനെ ഞങ്ങളുടെ മേല്‍ ആള്‍ക്കാര്‍ക്കും ഒരു വിശ്വാസമായി,’വിജയ് ബാബു പറയുന്നു.

അങ്കമാലി ഡയറീസ് . Photo: IMDB

2012ല്‍ പുറത്തിറങ്ങിയ ഫ്രൈഡേ ആണ് ഫ്രൈഡേ ഫിലിം ഹൗസിന്റെ പ്രൊഡക്ഷനില്‍ പുറത്തിറങ്ങുന്ന ആദ്യ ചിത്രം. ഫിലിപ്സ് ആന്‍ഡ് ദി മങ്കിപെന്‍, അടി കപ്യാരെ കൂട്ടമണി, തെരി, ജല്ലിക്കെട്ട്, പടക്കളം തുടങ്ങിയ ചിത്രങ്ങളും ഈ ലിസ്റ്റില്‍ പെടുന്നു.

Content Highlight: Vijay Babu talks about presenting new comers as directors and actors

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.