ജയം യു.ഡി.എഫിന്റെ മിടുക്കല്ല, ചുമ്മാതെ നിന്നവര്‍ പോലും ജയിച്ചു: സി.പി.ഐ.എമ്മിനകത്ത് അത്രയും മോശം അവസ്ഥയായിരിക്കണം: ജി. സുകുമാരന്‍ നായര്‍
Kerala
ജയം യു.ഡി.എഫിന്റെ മിടുക്കല്ല, ചുമ്മാതെ നിന്നവര്‍ പോലും ജയിച്ചു: സി.പി.ഐ.എമ്മിനകത്ത് അത്രയും മോശം അവസ്ഥയായിരിക്കണം: ജി. സുകുമാരന്‍ നായര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th May 2026, 11:10 am

പെരുന്ന: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിന്റെ വിജയമാണെന്നും അത് യു.ഡി.എഫിന്റെ മാത്രം മിടുക്കല്ലെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.

ചുമ്മാതെ നിന്ന ആളുകള്‍ പോലും ജയിക്കുന്ന സാഹചര്യമുണ്ടായി. ഭരണത്തില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ മാറ്റത്തിനായി വോട്ട് ചെയ്തതാണ് യു.ഡി.എഫിന് അനുകൂലമായി മാറിയതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

പയ്യന്നൂരും തളിപ്പറമ്പുമടക്കം സി.പി.ഐ.എം തോല്‍ക്കണമെങ്കില്‍ അത്രത്തോളം മോശം അവസ്ഥയായിരിക്കണം സി.പി.ഐ.എമ്മിനകത്തെന്നും ആഭ്യന്തരപ്രശ്‌നങ്ങള്‍ അടക്കം പാര്‍ട്ടിയെ ബാധിച്ചിട്ടുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

‘പയ്യന്നൂരും തളിപ്പറമ്പും പോലെ കാലങ്ങളായി സി.പി.ഐ.എം വിജയിക്കുന്ന ഇടങ്ങളില്‍ പോലും അവര്‍ തോല്‍ക്കണമെങ്കില്‍ അത്രത്തോളം മോശമായ അവസ്ഥ പാര്‍ട്ടിക്കുള്ളിലുണ്ടായിരിക്കണം. ഇത്തവണത്തെ പ്രത്യേക സാഹചര്യത്തില്‍ ‘ചുമ്മാതെ നിന്ന ആളുകള്‍ പോലും ജയിച്ചു കയറുന്ന’ അവസ്ഥയാണുണ്ടായതെന്നും’ സുകുമാരന്‍ നായര്‍ പരിഹസിച്ചു.

കോണ്‍ഗ്രസ് ആരെ മുഖ്യമന്ത്രിയാക്കിയാലും എന്‍.എസ്.എസിന് വിരോധമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വം ഉചിതമായ തീരുമാനമെടുക്കട്ടെയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

കഴിവുള്ളവരെയും പരിചയസമ്പന്നരെയും പദവിയിലേക്ക് പരിഗണിക്കണം. ഒരു പ്രത്യേക വ്യക്തിയെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് എന്‍.എസ്.എസ് നിര്‍ദ്ദേശിക്കില്ല. വി.ഡി. സതീശനെയാണ് ഹൈക്കമാന്‍ഡ് തീരുമാനിക്കുന്നതെങ്കില്‍ അത് അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വി.ഡി. സതീശന്റെ ചില മുന്‍കാല നിലപാടുകളോടുള്ള വിയോജിപ്പ് ഇപ്പോഴും തുടരുന്നുണ്ടെന്നും സുകുമാരന്‍ നായര്‍ തുറന്നു പറഞ്ഞു. പറവൂരിലടക്കം എന്‍.എസ്.എസ് സമദൂര നിലപാടാണ് സ്വീകരിച്ചത്. തന്റെ തെറ്റായ സമീപനങ്ങള്‍ തിരുത്തണമെന്ന് സതീശനോട് ആവശ്യപ്പെടാന്‍ എന്‍.എസ്.എസ് തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. ‘വെള്ളാപ്പള്ളി അല്ലല്ലോ ഞാന്‍’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Content Highlight: Victory not due to UDF’s merit;Internal state of CPIM must be that poor, says G. Sukumaran Nair”