മലയാളം, തമിഴ് ഉൾപ്പെടെയുള്ള ഭാഷകളിൽ നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ച ഏവർകും പ്രിയങ്കരിയായ ഗായികയാണ് വൈക്കം വിജയലക്ഷ്മി. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ കാറ്റേ കാറ്റേ എന്ന ഗാനാലാപനത്തിലൂടെയാണ് മലയാള ചലച്ചിത്ര ഗാനരംഗത്ത് ശ്രദ്ധേയയാകുന്നത്. പിന്നീട് ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ, കൈക്കോട്ടും കണ്ടിട്ടില്ല, സ്വപ്ന സുന്ദരി, വായാടി പെത്ത പുള്ളെ തുടങ്ങിയ സൂപ്പർഹിറ്റ് ഗാനങ്ങളിലൂടെ ഭാഷാഭേദമന്യേ സംഗീതലോകത്തെ സജീവ സാന്നിധ്യമായി മാറാൻ വിജയലക്ഷ്മിക്ക് സാധിച്ചു.
അടുത്തിടെ പ്രഖ്യാപിച്ച 70-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ എ.ആർ.എം എന്ന ചിത്രത്തിലെ അങ്ങ് വാനക്കോണില് എന്ന ഗാനത്തിന് മികച്ച പിന്നണിഗായികയ്ക്കുള്ള പ്രത്യേക പരാമർശം വൈക്കം വിജയലക്ഷ്മി കരസ്ഥമാക്കിയിരുന്നു. ഇപ്പോഴിതാ ഗൃഹലക്ഷ്മി വാരാന്ത്യ പതിപ്പിന് നൽകിയ അഭിമുഖത്തിൽ തന്റെ സംഗീത വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഗായിക.
എ.ആർ.എം എന്ന ചിത്രത്തിലെ അങ്ങ് വാനക്കോണില് എന്ന ഗാനത്തിന് ദേശീയ അവാർഡ് ലഭിച്ചതിനെക്കുറിച്ച് അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വൈക്കം വിജയലക്ഷ്മി.
അങ്ങ് വാനക്കോണില് മിന്നിനിന്നൊരമ്പിളി എന്ന ഗാനം പാടുമ്പോഴേ ഇതിന്റെ സംഗീതസംവിധായകൻ ദിപു നൈനാൻ തോമസ് പറഞ്ഞിരുന്നു, ദേശീയ അവാർഡ് മണക്കുന്നുണ്ടല്ലോ എന്ന്. എം. ജയചന്ദ്രൻ സാർ പറഞ്ഞു, അന്താരാഷ്ട്ര പുരസ്കാരം വരെ കിട്ടാം എന്ന് പറഞ്ഞു. പക്ഷേ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ആ പാട്ടിന് പുരസ്കാരമൊന്നും ലഭിച്ചില്ല. അന്ന് ചെറിയൊരു സങ്കടം തോന്നിയിരുന്നു. എന്നാൽ അത് ദേശീയ അവാർഡിനു വേണ്ടി ഉഴിഞ്ഞുവെച്ചതാണെന്ന് പറഞ്ഞ് അമ്മ എന്നെ ആശ്വസിപ്പിച്ചു. ഒടുവിൽ അമ്മയുടെ നാക്ക് പൊന്നായി.
അവാർഡ് കിട്ടിയപ്പോൾ എന്താ പറയാ ഞാനങ്ങ് രോമാഞ്ചകഞ്ചുകയായിപ്പോയി. ഈശ്വരനോടും മാതാപിതാക്കളോടും ഗുരുക്കന്മാരോടും ജനങ്ങളോടും ഒരുപാട് നന്ദിയുണ്ട്. പാടാനറിയുന്ന അച്ഛനും അമ്മയുമാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം. സുരേഷ് ഗോപി സാറും മഞ്ജുച്ചേച്ചിയും ശ്വേതാ മേനോനുമടക്കം നിരവധി പേർ വിളിച്ചിരുന്നു,’ വൈക്കം വിജയ ലക്ഷ്മി പറഞ്ഞു.
ആരാധകർ കാരണം ജീവിതത്തിൽ സ്വകാര്യത നഷ്ടപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് വിജയലക്ഷ്മിയുടെ മറുപടി ഇങ്ങനെയായിരുന്നു.
‘ആരാധകർ എല്ലാവർക്കും ഉണ്ടാകില്ലല്ലോ, അതൊരു ഈശ്വരാനുഗ്രഹമല്ലേ. എനിക്കതൊരു വലിയ ഊർജ്ജവുമാണ്. എന്നാൽ, മുന്നിൽ വന്നുനിന്നിട്ട് അൽഷിമേഴ്‌സ് രോഗികളോട് ചോദിക്കുന്നതുപോലെ ഞാൻ ആരാണെന്ന് പറയാമോ എന്നൊക്കെ ചോദിച്ച് എന്നെ പരീക്ഷിക്കുമ്പോൾ ദേഷ്യം വരും. കാരണം എനിക്ക് കൈയിൽ പിടിച്ച് സംസാരിച്ചാൽ മാത്രമേ അത് ആരാണെന്ന് മനസിലാവൂ. എനിക്ക് രാത്രിയും പകലും തിരിച്ചറിയാം, എന്നാൽ മറ്റൊന്നും കാണാൻ കഴിയില്ല. അത് മനസിലാക്കാതെ പെരുമാറുന്നവരോട് ഞാൻ ദേഷ്യപ്പെടാറുണ്ട്,’ ഗായിക പറഞ്ഞു.
കാഴ്ച തിരികെ ലഭിച്ചാൽ ആദ്യം കാണാൻ ആഗ്രഹിക്കുന്നത് മാതാപിതാക്കളെയും ദൈവങ്ങളെയും തന്നെ സ്നേഹിക്കുന്ന ആളുകളെയുമാണ് വൈക്കം വിജയലക്ഷ്മി വ്യക്തമാക്കി.
‘കാഴ്ച കിട്ടിയാൽ എനിക്ക് ആദ്യം കാണേണ്ടത് എന്റെ അച്ഛനെയും അമ്മയെയും വൈക്കത്തപ്പനെയും ദേവിയെയും, പിന്നെ എന്നെ സ്നേഹിക്കുന്ന എല്ലാവരെയുമാണ്. പൂർണ്ണമായ കാഴ്ച കിട്ടുക എന്നത് ഒരു സ്വപ്നമാണ്. ശാസ്ത്രം ഇത്രയും വളരുമ്പോൾ ആ സ്വപ്നം സത്യമാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്,’ വിജയലക്ഷ്മി കൂട്ടിച്ചേർത്തു.