മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടനാണ് ഫഹദ് ഫാസിൽ. തുടക്കകാലത്ത് വിമർശനങ്ങൾ നേരിട്ടെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവിലൂടെ തന്റെ കഴിവ് തെളിയിച്ച താരം, ഇന്ന് മലയാളത്തിന് പുറമെ തെന്നിന്ത്യൻ സിനിമയിലും ശ്രദ്ധേയ സാന്നിധ്യമാണ്.

2002ൽ ഫാസിൽ സംവിധാനം ചെയ്ത കൈയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ ഫഹദ് അരങ്ങേറ്റം കുറിച്ചെങ്കിലും ചിത്രത്തിലെ അഭിനയത്തിന് താരത്തിന് വലിയ വിമർശനങ്ങൾ നേരിടേണ്ടി വരികയായിരുന്നു. ശേഷം നീണ്ട ഇടവേളയെടുത്ത ഫഹദ് കേരള കഫേ എന്ന ആന്തോളജിയിലൂടെ സിനിമയിലേക്ക് തിരിച്ചെത്തുകയും 2011 ൽ പുറത്തിറങ്ങിയ ചാപ്പാ കുരിശ്, അകം തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം നേടുകയും ചെയ്തായിരുന്നു വിമർശനങ്ങൾക്കുള്ള മറുപടി നൽകിയത്.

ഫഹദ് ഫാസിൽ. Photo. Screen Grab/ Youtube

പിന്നീട് ഒട്ടനവധി ചിത്രങ്ങളിൽ വ്യത്യസ്ത തരത്തിലുള്ള കഥാപാത്രങ്ങളിലൂടെ കഴിവ് തെളിയിച്ച ഫഹദ് കുറഞ്ഞ കാലം കൊണ്ട് മലയാളത്തിൽ തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. ഒരു ഇന്ത്യൻ പ്രണയകഥ, കുമ്പളങ്ങി നൈറ്റ്‌സ്, നോർത്ത് 24 കാതം തുടങ്ങി ഒട്ടനവധി ചിത്രങ്ങളുടെ ഭാഗമായ താരം പാൻ ഇന്ത്യൻ ചിത്രമായ പുഷ്പയിലൂടെയും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ ‘ഒരു ഇന്ത്യൻ പ്രണയകഥ’യിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു സീനിന്റെ പിന്നിലെ കഥ പങ്കുവെക്കുകയാണ് നടൻ ഫഹദ് ഫാസിൽ. സിനിമയിൽ ഓടുന്നതിനിടെ പോക്കറ്റിൽ കൈവെക്കുന്ന രംഗം താൻ മനപൂർവം ചെയ്തതല്ലെന്നും, തന്റെ പിതാവിന്റെ കോളജ് കാലത്തെ ഒരു അനുഭവത്തിൽ നിന്ന് കേട്ട കാര്യമാണ് അതിന് പിന്നിലെന്നും തുറന്നു പറയുകയാണ് താരം. ഡോണ്ട് ട്രബിൾ ദി ട്രബിൾ എന്ന ഫഹദ് ഫാസിൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എഫ്.ടി.ക്യൂ വിത്ത് രേഖ മേനോൻ എന്ന ചാനലിൽ സംസാരിക്കുകയായിരുന്നു നടൻ.

‘അങ്ങനെ നമ്മൾ വിസിബിളായി കാണുന്ന ഒരാളെ സ്ക്രീനിലേക്ക് കൊണ്ടുവരാൻ ഞാൻ ശ്രമിച്ചിട്ടില്ല. ചില സീനുകളിൽ നമ്മൾ കണ്ടിട്ടുള്ള ഓരോരുത്തരും ഇങ്ങനെ വന്നുപോകും. അല്ലെങ്കിൽ നമ്മൾ തന്നെ എന്തെങ്കിലും കൊണ്ടുവരാൻ ശ്രമിക്കും,’ ഫഹദ് പറഞ്ഞു.

‘ഒരു ഇന്ത്യൻ പ്രണയകഥ’യിൽ ഓടുന്നതിനിടെ പോക്കറ്റിൽ കൈവെക്കുന്ന രംഗം അത്തരത്തിൽ സ്വാഭാവികമായി വന്നതാണെന്നും താരം വ്യക്തമാക്കി. തന്റെ പിതാവ് കോളജിൽ പഠിക്കുന്ന കാലത്ത് സമരത്തിനിടെ ഓടുമ്പോൾ ചെയ്തിരുന്ന ഒരു കാര്യത്തെക്കുറിച്ച് പറഞ്ഞുകേട്ടതായിരുന്നു ഇതിന് പിന്നിലെന്നാണ് ഫഹദ് പറഞ്ഞു.

‘ഇന്ത്യൻ പ്രണയകഥയിൽ ഓടുമ്പോൾ പോക്കറ്റിൽ കൈവെക്കുന്ന ഒരു സീനുണ്ട്. പണ്ട് ബാപ്പയുടെ ഫ്രണ്ട്സ് ഒക്കെ പറഞ്ഞുകേട്ടിട്ടുള്ളതാണ്. വാപ്പ കോളേജിൽ പഠിക്കുമ്പോൾ സമരം നടക്കുമ്പോൾ വാപ്പ ഓടുന്നത് കാണാം. വേണുച്ചേട്ടനാണ് എന്നോട് ഇത് പറഞ്ഞിട്ടുള്ളതെന്ന് തോന്നുന്നു,’ ഫഹദ് പറഞ്ഞു.

ഓടുമ്പോൾ പോക്കറ്റിലുണ്ടാകുന്ന ബസ് കൂലി നഷ്ടപ്പെടാതിരിക്കാനാണ് കൈകൊണ്ട് പോക്കറ്റ് പിടിച്ചിരുന്നതെന്നും ഫഹദ് പറഞ്ഞു.

ഒരു ഇന്ത്യൻ പ്രണയകഥ, ഫഹദ് ഫാസിൽ. Photo. Screen Grab/ Youtube

‘ഓടുമ്പോൾ ബസിന്റെ കൂലി പോക്കറ്റിൽ ഉണ്ടാകുമല്ലോ. അത് പോവാതിരിക്കാൻ വേണ്ടിയാണ് കൈ ഇങ്ങനെ പിടിച്ചിരുന്നത്. അപ്പോൾ അതൊക്കെ ആ സമയത്ത് ആരും എന്നോട് പറഞ്ഞുതന്നതൊന്നുമല്ല. ചുമ്മാ ഒന്ന് ചെയ്തതാണ്. പിന്നെ സത്യേട്ടനും അത് ഇഷ്ടപ്പെട്ടു,’ ഫഹദ് പറഞ്ഞു. അങ്ങനെയുള്ള ചെറിയ, സ്വാഭാവികമായ ചലനങ്ങളാണ് പിന്നീട് സിനിമയിലെ ശ്രദ്ധേയമായ നിമിഷങ്ങളായി മാറിയതെന്നും താരം വ്യക്തമാക്കി.

Content Highlight: Fahadh Faasil opens up about the viral running scene in ‘Oru Indian Pranayakatha’