ഇന്ത്യന്‍ യുവ വിസ്മയം വൈഭവ് സൂര്യവംശിക്ക് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റിനെ വീണ്ടും ഞെട്ടിച്ച് മറ്റൊരു അത്ഭുത താരത്തിന്റെ ഉദയം. 14കാരന്‍ അയന്‍ രാജാണ് ക്രിക്കറ്റ് ലോകത്തെ വെടിക്കെട്ട് പ്രകടനം കൊണ്ട് അമ്പരിപ്പിച്ചത്.
ബീഹാര്‍ സ്വദേശിയായ അയന്‍ രാജ് ജില്ല അണ്ടര്‍ 16 ക്രിക്കറ്റ് ടീമിന് വേണ്ടി 212 റണ്‍സാണ് അടിച്ചുകൂട്ടിയത്. വെറും 83 പന്തുകള്‍ മാത്രം നേരിട്ട താരം 35 ഫോറുകളും ഒമ്പത് കൂറ്റന്‍ സീക്‌സുകളുമാണ് അടിച്ചെടുത്തത്. സംസ്‌കൃതി ക്ലബ്ബിന് വേണ്ടിയാണ് താരം ഈ മിന്നും പ്രകടനം പുറത്തെടുത്തത്.
കഴിഞ്ഞ വര്‍ഷം അയന്‍ രാജ് ട്രിപ്പിള്‍ സെഞ്ച്വറി നേടി ശ്രദ്ധ നേടിയിരുന്നു. സംസ്‌കൃതി ക്ലബ്ബിനായി 134 പന്തുകളില്‍ നിന്നും 327 റണ്‍സായിരുന്നു താരം അടിച്ചെടുത്തത്. വൈകാതെ തന്നെ താരം ബീഹാര്‍ ടീമിന് വേണ്ടി കളിക്കുമെന്ന് ഉറപ്പാണ്. അയന്‍ വൈഭവ് സൂര്യവംശിയുടെ അടുത്ത സുഹൃത്താണെന്നതും ഏറെ ശ്രദ്ധേയമാണ്.
വൈഭവ് സൂര്യവംശി & അയൻ രാജ
അതേസമയം 2026 ഐ.പി.എല്ലില്‍ രാജസ്ഥാന് വേണ്ടി മിന്നും പ്രകടനമായിരുന്നു വൈഭവ് നടത്തിയത്. ഈ സീസണില്‍ 16 മത്സരങ്ങളില്‍ നിന്നും 776 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. നാല് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമാണ് വൈഭവ് നേടിയത്. 48.50 എന്ന മികച്ച ആവറേജിലും 237.3 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്.
2026 ഐ.പി.എല്‍ സീസണിലെ ഓറഞ്ച് ക്യാപ്പും കൈപ്പിടിയിലാക്കിയത് വൈഭവ് തന്നെയാണ്. ഇതിന് പുറമെ മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍, സൂപ്പര്‍ സ്‌ട്രൈക്കര്‍ (237.3), മോസ്റ്റ് സിക്‌സ് (72), എമര്‍ജിങ് പ്ലെയര്‍ തുടങ്ങിയ അവാര്‍ഡുകളും താരം സ്വന്തം പേരിലാക്കിയിരുന്നു.
ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ വൈഭവ് ആദ്യമായി ഇന്ത്യന്‍ ടീമില്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് പരമ്പരകളിലേക്കും ഏഷ്യന്‍ ഗെയിംസിനുമുള്ള ഇന്ത്യ ടി-20 ടീമിലാണ് വൈഭവ് ഇടം നേടിയത്.
വൈഭവ് അയര്‍ലാന്‍ഡിനെതിരെ കളത്തിലിറങ്ങുകയാണെങ്കില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും 15കാരന്‍ മാറും. ഇതിഹാസ താരമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് വൈഭവിന് മുന്നില്‍ തകര്‍ന്ന് വീഴുക. 1989ല്‍ പാകിസ്ഥാനെതിരെയായിരുന്നു സച്ചിന്റെ അരങ്ങേറ്റം. 16 വയസും 205 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു സച്ചിന്റെ അരങ്ങേറ്റം.
Content Highlight: Bihar 14 year old player Ayan Raj great performance in cricket