വീണ്ടും വെടിക്കെട്ടില്ലാതെ വൈഭവ്; അഫ്ഗാനെതിരെയും അതിവേഗമടക്കം
Cricket
വീണ്ടും വെടിക്കെട്ടില്ലാതെ വൈഭവ്; അഫ്ഗാനെതിരെയും അതിവേഗമടക്കം
ഫസീഹ പി.സി.
Wednesday, 17th June 2026, 11:42 am

ഇന്ത്യ എ യുടെ ത്രിരാഷ്ട്ര പരമ്പരയില്‍ വീണ്ടും ചെറിയ സ്‌കോറിന് പുറത്തായി വൈഭവ് സൂര്യവംശി. അഫ്ഗാനിസ്ഥാന്‍ എക്കെതിരെയുള്ള മത്സരത്തിലാണ് ഇത്തവണ 15 കാരന്‍ നിരാശപ്പെടുത്തിയത്.

മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ വൈഭവ് 28 പന്തില്‍ 38 റണ്‍സാണ് എടുത്തത്. രണ്ട് സിക്‌സറുകളും നാല് ഫോറുകളുമടക്കമാണ് താരത്തിന്റെ ഇന്നിങ്സ്. എട്ടാം ഓവറില്‍ ഫരീദൂണ്‍ ദാവൂദ്സായ്ക്ക് വിക്കറ്റ് നല്‍കിയാണ് താരത്തിന്റെ മടക്കം.

വൈഭവ് സൂര്യവംശി. Photo: Circle of Cricket/x.com

നേരത്തെ, ത്രിരാഷ്ട്ര പരമ്പരയില്‍ നടന്ന മൂന്ന് മത്സരത്തിലും വലിയ സ്‌കോര്‍ കണ്ടെത്താന്‍ വൈഭവന്‍ സാധിച്ചിരുന്നില്ല. ശ്രീലങ്കക്ക് എതിരെ നേടിയ 22 പന്തില്‍ 44 റണ്‍സാണ് പരമ്പരയിലെ താരത്തിന്റെ മികച്ച പ്രകടനം. 14, 21 എന്നിങ്ങനെയാണ് 15 കാരന്റെ മറ്റ് സ്‌കോറുകള്‍.

അതേസമയം, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എ 17 ഓവറുകള്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റിന് 124 എന്ന നിലയിലാണ്. 27 പന്തില്‍ 29 റണ്‍സെടുത്ത ഋതുരാജ് ഗെയ്ക്വാദും നാല് പന്തില്‍ രണ്ട് റണ്‍സെടുത്ത തിലക് വര്‍മയുമാണ് ക്രീസിലുള്ളത്.

പ്രിയാൻഷ് ആര്യ. Photo: BCCI/x.com

അര്‍ധ സെഞ്ച്വറി നേടിയ പ്രിയാന്‍ഷ് ആര്യയുടെ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായിട്ടുണ്ട്. 42 പന്തില്‍ 58 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഫര്‍മാനുള്ള സാഫിക്കാണ് വിക്കറ്റ്.

അതേസമയം, മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കക്കെതിരെ വിജയിച്ചിരുന്നു. പിന്നീട് നടന്ന രണ്ടെണ്ണത്തിലും ടീം പരാജയപ്പെട്ടു.

രണ്ടാം മത്സരത്തില്‍ അഫ്ഗാനോടും അതിന് ശേഷം ശ്രീലങ്കയോടുമായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ തോല്‍വി. അതിനാല്‍ തന്നെ ഫൈനലിലേക്ക് മുന്നേറാന്‍ ഈ മത്സരത്തില്‍ ടീമിന് വിജയിക്കണം.

Content Highlight: Vaibhav Sooryavanshi departs for 38 off 28 balls in the must-win clash against Afghanistan A

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.