ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോകുന്നത് എന്നെ പോലെ ഒരു ടീച്ചറുടെ കാഴ്ചപ്പാടില്‍ തെറ്റാണ്: ശ്രീക്കുട്ടി കെ.നായര്‍
Malayalam Cinema
ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോകുന്നത് എന്നെ പോലെ ഒരു ടീച്ചറുടെ കാഴ്ചപ്പാടില്‍ തെറ്റാണ്: ശ്രീക്കുട്ടി കെ.നായര്‍
അശ്വിന്‍ രാജേന്ദ്രന്‍
Sunday, 2nd August 2026, 1:12 pm

അനുഭവസമ്പന്നനായ ഒരു തിരക്കഥാകൃത്തിന്റെ മേല്‍നോട്ടത്തില്‍ പുതുമുഖ സംവിധായകനും പുതുമുഖ അഭിനേതാക്കളും ചേര്‍ന്നപ്പോള്‍ മലയാള സിനിമയ്ക്ക് ലഭിച്ചത് വാഴ 2 എന്ന ഇന്‍ഡസ്ട്രി ഹിറ്റായിരുന്നു. ഹാഷിര്‍, അലന്‍, അജിന്‍, വിനായക് തുടങ്ങി ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധിക്കപ്പെട്ടവര്‍ നായകരായ ചിത്രം സംവിധാനം ചെയ്തത് സവിന്‍ സാ ആയിരുന്നു. 230 കോടിയിലധികമായിരുന്നു വാഴ 2 ബോക്‌സ് ഓഫീസില്‍ നിന്നും സ്വന്തമാക്കിയത്.

ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷക മനസുകളില്‍ ഇടം നേടിയപ്പോള്‍, കുറച്ച് സീനുകളില്‍ മാത്രം പ്രത്യക്ഷപ്പെട്ടിട്ടും ഏറെ ശ്രദ്ധ നേടിയ കഥാപാത്രമാണ് ലേഖ ടീച്ചര്‍.’ഒരു പ്രേമത്തില്‍ തുടങ്ങിയ കൊഴപ്പമാ…’ എന്ന ഒറ്റ ഡയലോഗിലൂടെ തന്നെ സോഷ്യല്‍ മീഡിയയിലും ട്രോളുകളിലും നിറഞ്ഞുനിന്ന കഥാപാത്രമായി ലേഖ ടീച്ചര്‍ മാറി. . ലേഖ ടീച്ചര്‍ എന്ന കഥാപാത്രത്തെ സ്വാഭാവികമായി അവതരിപ്പിച്ച് ശ്രദ്ധേയയായത് നടി ശ്രീക്കുട്ടി കെ. നായരാണ്. ചെറിയൊരു കഥാപാത്രമായിരുന്നെങ്കിലും തന്റേതായ സ്‌ക്രീന്‍ പ്രസന്‍സും അഭിനയ മികവും കൊണ്ട് ശ്രീക്കുട്ടി പ്രേക്ഷകരുടെ കൈയടി നേടി.

Photo: Jio Hotstar

ചിത്രത്തില്‍ അധ്യാപികയായി വേഷമിട്ട ശ്രീക്കുട്ടി യഥാര്‍ത്ഥ ജീവിതത്തിലും ഒരു അധ്യാപികയാണ്. സിനിമയില്‍ അലന്റെ സഹോദരിയായി വേഷമിട്ട വേദ ശങ്കര്‍ അവതരിപ്പിച്ച അഷ്‌ന ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോകുന്നതും തുടര്‍ന്നുണ്ടകുന്ന പ്രശ്‌നങ്ങളും വാഴ 2ലെ പ്രധാനപ്പെട്ട രംഗമായിരുന്നു. കുട്ടികള്‍ ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോകുന്നതിനെ കുറിച്ച് ഒരു അധ്യാപികയെന്ന നിലയില്‍ ശ്രീക്കുട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ദി ഷോ സ്‌കേപ്പ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘സ്‌കൂളില്‍ വരുന്നത് പഠിക്കാനല്ലേ. പഠിക്കാന്‍ വരുന്ന കുട്ടികള്‍ ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോകുന്നു. ലൈനടിച്ച് സ്‌കൂളില്‍ കറങ്ങി നടക്കുന്നു, തുടങ്ങി പഠിത്തം മാറിയിട്ട് ഇങ്ങനെയുളള കാര്യങ്ങളിലേക്കാണ് ഫോക്കസ് ചെയ്യുന്നത്. ഞാനൊരു ടീച്ചറായത് കൊണ്ട് ടീച്ചര്‍മാരെ സപ്പോര്‍ട്ട് ചെയ്ത് പറയുന്നതല്ല. ഇത്തരത്തില്‍ പിടിക്കപ്പെടുന്ന കേസുകള്‍ സാധാരണ രീതിയില്‍ ചിന്തിച്ച് നോക്കിയാല്‍ തെറ്റല്ലേ. ആ തെറ്റിനെ കുറിച്ച് ചിത്രത്തില്‍ പറഞ്ഞിരിക്കുന്ന രീതി ഒരിക്കലും സപ്പോര്‍ട്ട് ചെയ്യാന്‍ പറ്റില്ല.

Photo: X.com

എനിക്കതിനകത്ത് ഒട്ടും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാത്ത കാര്യമാണ് ഒരുങ്ങി വരുമ്പോള്‍ അവരോട് പറയുന്ന വാക്കുകള്‍. കുട്ടികള്‍ ഒന്ന് പുറപ്പെട്ട് വരുമ്പോള്‍ അവരോട് എന്തെങ്കിലും പറഞ്ഞിട്ട് പോകും. പക്ഷേ ലൈഫ് ലോങ് അവര്‍ അതിന്റെ ട്രോമയില്‍ ജീവിക്കേണ്ടി വന്നേക്കാം. ഭാവിയിലേക്കുള്ള ജീവിതത്തില്‍ സെല്‍ഫ് ഗ്രൂം എന്നത് വളരെ പ്രധാനപ്പെട്ടതാണ് ഇതില്‍ നിന്നുമാണ് അധ്യാപകര്‍ കുട്ടികളെ പിന്തിരിപ്പിക്കുന്നത്,’ ശ്രീക്കുട്ടി പറഞ്ഞു.

Content Highlight: Vaazha 2 Fame Sreekutty Nayar talks about the film

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.