blood1വാഷിങ്ടണ്‍: സ്വവര്‍ഗാനുരാഗികള്‍ രക്തം ദാനം ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമത്തില്‍ യു.എസ് മാറ്റം വരുത്തിയേക്കും. 31 വര്‍ഷത്തിനുശേഷമാണ് മാറ്റം കൊണ്ടുവരാന്‍ ആലോചിക്കുന്നത്.

ഈ വിഷയത്തില്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കമ്മിറ്റിയുടെ തീരുമാനം വന്നതിന് ശേഷമാണ് യു.എസ് നിലപാടെടുക്കുക. സ്വവര്‍ഗാനുരാഗികളുടെ രക്തദാനം സംബന്ധിച്ച് എഫ്.ഡി.എയുടെ രണ്ട് ദിവസം നീളുന്ന യോഗം ആരംഭിച്ചിരിക്കുകയാണ്.

നിലവിലെ യു.എസ് നിയമപ്രകാരം പുരുഷനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട പുരുഷന്‍ രക്തം ദാനം ചെയ്യുന്നത് നിരോധിക്കപ്പെട്ടതാണ്. സ്വവര്‍ഗാനുരാഗികളില്‍ എയ്ഡ്‌സ് രോഗം വ്യാപകമാകാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് 1983ലാണ് രക്തദാനം നിരോധിച്ച് ഉത്തരവിറങ്ങിയത്.

എയ്ഡ്‌സിനെക്കുറിച്ച് അധികം ചര്‍ച്ച ചെയ്യപ്പെട്ടാത്ത കാലത്തായിരുന്നു ഈ തീരുമാനം കൈക്കൊണ്ടത്. എന്നാലിപ്പോള്‍ ഈ തീരുമാനം കാലാനുസൃതമല്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എച്ച്.ഐ.വി വയറസിന്റെ സാന്നിധ്യം കണ്ടെത്താനുള്ള പരിശോധനകള്‍ നിലനില്‍ക്കുന്നതിനാല്‍ സ്വവര്‍ഗാനുരാഗികളുടെ രക്തദാനം സുരക്ഷിതമാക്കാമെന്നാണ് ഇവര്‍ മുന്നോട്ടുവെക്കുന്ന നിര്‍ദേശം.

ബുധനാഴ്ചയാണ് എഫ്.ഡി.എയുടെ യോഗം ആരംഭിച്ചത്. ലോക എയ്ഡ്‌സ് ദിനത്തിന്റെ 26ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്.