ഹാത്രാസ്: ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ടതില്‍ വ്യാപകപ്രതിഷേധമുയരുന്നതിനിടെ ഹാത്രാസില്‍ കൊവിഡ് പടരുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍. ഇതേ തുടര്‍ന്ന് പ്രദേശത്തെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ടെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.

സംഭവസ്ഥലത്തെത്തിയ പൊലീസുകാരില്‍ ചിലര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഇതേ തുടര്‍ന്ന് കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടി സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞിരുന്നു.

‘രോഗലക്ഷണങ്ങള്‍ കാണിച്ച പൊലീസുകരോട് പരിശോധനക്ക് വിധേയരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് പോസിറ്റീവാണെന്ന് തെളിഞ്ഞാല്‍ ഈ ഗ്രാമത്തെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കേണ്ടി വരും. അതുകൊണ്ടാണ് പുറത്തുനിന്നുള്ളവര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശനം നിഷേധിച്ചത്.’ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ ഹാത്രാസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും ഉത്തര്‍പ്രദേശ് പൊലീസ് കയ്യേറ്റം ചെയ്തിരുന്നു.

കോണ്‍ഗ്രസ് നേതാക്കളുടെ സന്ദര്‍ശനത്തിന് മുന്നോടിയായി യു.പി ഭരണകൂടം സംസ്ഥാനത്തുടനീളം വലിയ രീതിയിലുള്ള പ്രതിരോധം തീര്‍ത്തിരുന്നു. ഇതിന്റെ ഭാഗമായി ഹാത്രാസ് ജില്ലയില്‍ 144 പ്രഖ്യാപിക്കുകയും മാധ്യമങ്ങള്‍ അടക്കമുള്ളവര്‍ക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തിരുന്നു.

ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ നട്ടെല്ല് തകരുകയും നാവ് മുറിക്കപ്പെടുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.

അതേസമയം കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ പിതാവിനെ ജില്ലാ മജിസ്‌ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലക്‌സ്‌കര്‍ ഭീഷണിപ്പെടുത്തിയതിന്റെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ‘പകുതി മാധ്യമങ്ങള്‍ ഇന്ന് പോകും. ബാക്കി പകുതിപേര്‍ നാളേയും. ഞങ്ങളെ നിങ്ങളുടെ കൂടെയുണ്ടാകൂ. പ്രസ്താവന മാറ്റണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്’, പ്രവീണ്‍ കുമാര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി.

സംഭവത്തില്‍ അലഹാബാദ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. അലഹബാദ് കോടതിയുടെ ലക്നൗ ബെഞ്ചാണ് കേസെടുത്തിരിക്കുന്നത്. സ്വമേധയാ കേസെടുത്ത കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നോട്ടീസ് അയച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: UP Govt may declare Hathras village a Covid containment zone