മധു സി. നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നെറ്റ്‌സ് എന്ന ചിത്രത്തിലൂടെ ബാല താരമായി എത്തിയ അഭിനേതാവാണ് മാത്യു തോമസ്. തുടർന്ന് തണ്ണീർ മത്തൻ ദിനങ്ങൾ, ഓപ്പറേഷൻ ജാവ, നെയ്മർ, പ്രേമലു, ജോ ആൻഡ് ജോ, ലിയോ തുടങ്ങിയ നിരവധി സിനിമകളിൽ താരം അഭിനയിച്ചു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ താരത്തിന് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ അഭിനയ ജീവിതത്തതിൽ ആദ്യ പൊലീസ് വേഷം ചെയ്യാൻ ഒരുങ്ങുകയാണ് മാത്യു.
യുവ സംവിധായകനായ സഹദ് നിലമ്പൂർ സംവിധാനം ചെയ്‌യുന്ന പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്ന സിനിമയിലൂടെയാണ് തന്റെ കരിയറിലെ ആദ്യ പൊലീസ് കഥാപാത്രത്തെ നടൻ അവതരിപ്പിക്കുന്നത്. എന്നാൽ ആദ്യ സിനിമ മുതൽ ഇപ്പോൾ എത്തിനിൽക്കുന്നത് വരെയുള്ള മാത്യുവിന്റെ സിനിമാ ജീവിതത്തെ കുറിച്ച പറയുകയാണ് നടിയും സഹസംവിധായകയുമായ ഉണ്ണിമായ പ്രസാദ്. പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

ഉണ്ണിമായ പ്രസാദ്. Photo. Screen Grab/ Youtube
‘കുമ്പളങ്ങി നൈറ്റ്സി’ൽ മാത്യു തോമസ് അവതരിപ്പിച്ച കഥാപാത്രത്തിലേക്ക് എത്തിയത് അത്ര എളുപ്പമായിരുന്നില്ലെന്ന് പറയുകയാണ് നടിയും സഹസംവിധായികയുമായ ഉണ്ണിമായ പ്രസാദ്. ആ കഥാപാത്രത്തിനായി എറണാകുളത്തെ വിവിധ സ്കൂളുകളിലായി ഏകദേശം 700 കുട്ടികളെയെങ്കിലും ഓഡിഷൻ ചെയ്തിട്ടുണ്ടാകുമെന്ന് ഉണ്ണിമായ പറയുന്നു.
താത്പര്യമുള്ള കുട്ടികളെ സ്കൂളുകളിൽ നിന്ന് കണ്ടെത്തി ആദ്യം ഒരു റൗണ്ട് ഓഡിഷൻ നടത്തിയിരുന്നു. അതിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെയാണ് പിന്നീട് വീണ്ടും ഓഡിഷന് വിളിച്ചത്. അങ്ങനെ പല ഘട്ടങ്ങളിലായി ഓഡിഷൻ നടത്തി അവസാനം എട്ടോ പത്തോ കുട്ടികളിലേക്ക് എത്തുകയായിരുന്നു എന്നും ഉണ്ണിമായ പറഞ്ഞു.
‘മാത്യു ഒരു കുട്ടിയായിട്ട് സിനിമയ്ക്ക് കിട്ടിയ ഒരു അനുഗ്രഹമാണ്. ആ റോളിനായി ഒരുപാട് ഓഡിഷൻസ് നടന്നിരുന്നു. ഒരു 700 കുട്ടികളെങ്കിലും നമ്മൾ ഓഡിഷൻ ചെയ്തിട്ടുണ്ടാകും. എറണാകുളത്തെ പല സ്കൂളുകളിലും പോയി താത്പര്യമുള്ള കുട്ടികളെ കണ്ടെത്തി, അവിടെ നിന്ന് ഒരു റൗണ്ട് കഴിഞ്ഞവരെയാണ് പിന്നീട് ഓഡിഷന് വിളിച്ചത്,’ ഉണ്ണിമായ പറഞ്ഞു.
ഷൂട്ടിങ് ആരംഭിക്കുന്നതുവരെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെയെല്ലാം ഒരുമിച്ച് നിർത്തിയാണ് പരിശീലനവും മറ്റ് തയ്യാറെടുപ്പുകളും നടത്തിയിരുന്നത്. സിനിമയുടെ അന്തരീക്ഷവുമായി കുട്ടികൾ പരിചയപ്പെടുന്നതിനൊപ്പം പരസ്പരം അടുക്കാനും ഇത് സഹായിച്ചു എന്നും ഉണ്ണിമായ കൂട്ടിച്ചേർത്തു.
‘അവസാനം ഒരു എട്ട്, പത്ത് പേരോളം ഉണ്ടായിരുന്നു. ഷൂട്ട് തുടങ്ങുന്നതുവരെ ഈ കുട്ടികളെയെല്ലാം നമ്മൾ ഒരുമിച്ച് കൊണ്ടുപോകുമായിരുന്നു. എല്ലാവരും നല്ല കുറെ ഓർമകളും സമയവുമായിരുന്നു അവിടെ ചെലവഴിച്ചിരുന്നത്. അതിനിടയിലാണ് കുറച്ചുകൂടി കഴിഞ്ഞപ്പോൾ മാത്യുവിലേക്ക് ആ കഥാപാത്രം തെളിഞ്ഞുവരുന്നത്,’ ഉണ്ണിമായ ഓർത്തെടുത്തു.

കുമ്പളങ്ങി നൈറ്റ്‌സ്. Photo. IMDb
‘കുമ്പളങ്ങി നൈറ്റ്സ്’ന്റെ ചിത്രീകരണത്തിന് മുന്നോടിയായി അണിയറപ്രവർത്തകർ കുമ്പളങ്ങിയിൽ തന്നെ താമസിച്ചിരുന്നതായും ഉണ്ണിമായ പറയുന്നു. ഇതിനായി ഒരു പ്രൊഡക്ഷൻ ഹൗസ് എടുത്ത് അവിടെ താമസിച്ചാണ് സിനിമയുടെ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നത്. ഏകദേശം ഒരു വർഷത്തോളം കുമ്പളങ്ങിയിൽ താമസിച്ചിട്ടുണ്ടെന്നും ഉണ്ണിമായ പറഞ്ഞു.
Content Highlights: Unnimaya prasad Talks about actor mathew thomas
