അവനെ പോലുള്ളവർ ഇല്ലെങ്കിൽ ക്രിക്കറ്റ് ബോറായിരിക്കും: അനിൽ ചൗധരി
Cricket
അവനെ പോലുള്ളവർ ഇല്ലെങ്കിൽ ക്രിക്കറ്റ് ബോറായിരിക്കും: അനിൽ ചൗധരി
സുദേവ് എ
Tuesday, 4th August 2026, 11:08 am

ഇന്ത്യന്‍ ഇതിഹാസം വിരാട് കോഹ്ലിയെ പ്രശംസിച്ച് അമ്പയര്‍ അനില്‍ ചൗധരി. വിരാടിനെ പോലുള്ള താരങ്ങള്‍ ക്രിക്കറ്റില്‍ ഇല്ലെങ്കില്‍ മത്സരം വളരെ വിരസമായിരിക്കുമെന്നാണ് അനില്‍ ചൗധരി പറഞ്ഞത്. ജിയോ ഹോട്സ്റ്റാറിലൂടെ സംസാരിക്കുകയായിരുന്നു അനില്‍ ചൗധരി.

‘കരിയറിന്റെ തുടക്കം മുതല്‍ ഞാന്‍ അദ്ദേഹത്തിന്റെ മത്സരങ്ങളില്‍ അമ്പയറായി നില്‍ക്കുന്നു. അതുകൊണ്ട് തന്നെ എനിക്ക് അദ്ദേഹത്തെ വളരെ കാലമായി അറിയാം. അദ്ദേഹം ഒരിക്കലും മനപൂര്‍വം തെറ്റ് ചെയ്യുന്ന ഒരാളല്ല. വിരാട് കോഹ്ലിയെ പോലുള്ള താരങ്ങള്‍ ക്രിക്കറ്റില്‍ ഉണ്ടാവണം. ഇല്ലെങ്കില്‍ കളി വളരെ ബോറായിരിക്കും. അദ്ദേഹത്തെ പോലുള്ള താരങ്ങളെയാണ് ക്രിക്കറ്റിന് ആവശ്യം,’ അനില്‍ ചൗധരി പറഞ്ഞു.

ടെസ്റ്റില്‍ നിന്നും ടി-20യില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച വിരാട് ഏകദിനത്തില്‍ മാത്രമാണ് നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്നത്. 2027ല്‍ സൗത്ത് ആഫ്രിക്കയില്‍ വെച്ച് നടക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള ഏകദിന പരമ്പരകളാണ് ഇനി കോഹ്ലിയുടെ മുന്നിലുള്ളത്.

അടുത്തിടെ അവസാനിച്ച ഇംഗ്ലണ്ടിനെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയില്‍ വിരാട് മിന്നും പ്രകടനമാണ് നടത്തിയത്. ഈ പരമ്പരയില്‍ രണ്ട് അര്‍ധ സെഞ്ച്വറി നേടിയും തിളങ്ങി. രണ്ടാം ഏകദിനത്തില്‍ 65 റണ്‍സും അവസാന ഏകദിനത്തില്‍ 74 റണ്‍സുമാണ് താരം സ്വന്തമാക്കിയത്.

ഇനി വിരാട് ഇന്ത്യന്‍ കുപ്പായത്തില്‍ കളത്തിലിറങ്ങുക വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പരയിലാണ്. സെപ്റ്റംബര്‍ 27നാണ് ഈ പരമ്പരക്ക് തുടക്കമാവുന്നത്.

അതേസമയം ഇനി ഇതിന് മുന്നോടിയായി ഇന്ത്യ ശ്രീലങ്കക്കെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര കളിക്കും. പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 വരെ ഗല്ലെയിലാണ് നടക്കുന്നത്. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും. അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തിലെ വിജയത്തിന് ശേഷമാണ് ഇന്ത്യ ലങ്കന്‍ പര്യടനത്തിന് തയ്യാറെടുക്കുന്നത്.

 

Content Highlight: Umpire Anil praise Choudhary Indian legend Virat Kohli

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.