കോട്ടയം: ഇ.ശ്രീധരന്‍ വലിഞ്ഞുകയറിവന്ന ആളല്ല, അദ്ദേഹത്തെ ക്ഷണിച്ചുകൊണ്ടുവന്നിട്ട അപമാനിക്കുന്ന രീതിയില്‍ പെരുമാറിയത് ശരിയായില്ല. ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് ഡി.എം.ആര്‍.സിയെ പുറത്താക്കിയത് നിര്‍ഭാഗ്യകരമെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
കേരളത്തിന്റെ വികസനക്കുതിപ്പിനേറ്റ തിരിച്ചടിയാണ് സര്‍ക്കാരിന്റെ ഈ തീരുമാനം. ഇ. ശ്രീധരനെ ഇങ്ങനെ അപമാനിച്ചുവിടണോ എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ചെങ്ങന്നൂരിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ തര്‍ക്കങ്ങളില്ലെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളെ അറിയിച്ചു. സ്ഥാനാര്‍ഥി നിര്‍ണയം ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ് . യു.ഡി.എഫിന്റെ പ്രവര്‍ത്തനം ചെങ്ങന്നൂരില്‍ സജീവമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അതേസമയം ഇ.ശ്രീധരനെ ഒഴിവാക്കി ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കാനുള്ള നീക്കം അഴിമതിക്കു വേണ്ടിയെന്നു സംശയമുണ്ടെന്ന് നിയമസഭയില്‍ പ്രതിപക്ഷം പറഞ്ഞിരുന്നു. എന്നാല്‍, പദ്ധതി സുതാര്യമായി നടപ്പിലാക്കുമെന്നും ഇ.ശ്രീധരനോട് അനാദരവ് കാണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
കേന്ദ്ര അനുമതി ഇല്ലാതെ സംസ്ഥാന സര്‍ക്കാരിന് പദ്ധതിയുമായി മുന്നോട്ടു പോകാനാവില്ലെന്നു മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. 1128 കോടി രൂപയുടെ ധനസഹായം കേന്ദ്രം നല്‍കേണ്ടതുണ്ട്. കേന്ദ്ര അനുമതിക്കുവേണ്ടി കാത്തു നില്‍ക്കേണ്ടതില്ലെന്ന ഇ.ശ്രീധരന്റെ വാദത്തോട് നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ യോജിക്കാനാവില്ല.
ഇ. ശ്രീധരനെ ഒഴിവാക്കിയുള്ള തീരുമാനം അഴിമതിക്കുവേണ്ടിയെന്ന് പരക്കെ ആക്ഷേപമുണ്ട്. ശ്രീധരന്‍ തോറ്റു മടങ്ങിയ ഇടത്ത് പദ്ധതി നടപ്പിലാക്കാന്‍ ഇനി ആരു വരുമെന്നായിരുന്നു അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി തേടിയ കെ. മുരളീധരന്റെ ചോദ്യം.
